പത്തനംതിട്ട: ശബരിമലയിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിന് പുതിയ സ്വീവേജ് ട്രീന്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം ഈ തീര്‍ത്ഥാടനക്കാലത്തിന് ശേഷം ആരംഭിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പണിയുന്ന ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതിനായി സര്‍ക്കാര്‍ സബ്സിഡി നല്കി പച്ചക്കറിക്കും മറ്റും ഔട്ട്ലെറ്റുകള് സ്ഥാപിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കും. ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പുറമേ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ പരിശോധന നടത്തുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും അധികാരം നല്‍കും.
തീര്‍ത്ഥാടനക്കാലം കഴിഞ്ഞാല്‍ ഉടന്‍ മാസ്റ്റര്‍ പ്ലാനില്‍പ്പെട്ട ബാക്കി പണികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അടുത്ത തീര്‍ത്ഥാടനക്കാലത്തിന് മുമ്പ് പമ്പ മുതല്‍ സന്നിധാനം വരെ പൂര്‍ണ്ണമായും നടപ്പന്തല്‍ സ്ഥാപിക്കും. വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുവാന്‍ അന്തര്‍ സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കും.
തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ടയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട നഗരസഭയുടെ ചുമതലയില്‍ ആരംഭിക്കുന്ന വിപുലമായ സൗകര്യങ്ങളുള്ള ശബരിമല ഇടത്താവളം ഒരു വലിയ ചുവടുവയ്പാണ്. അഞ്ച് ഏക്കര്‍ സ്ഥലമാണ് ഇടത്താവളത്തിനായി ലഭ്യമാക്കിയിട്ടുള്ളത്. 12 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ചുമതലയില്‍ സിഡ്കോയാണ് പണി ഏറ്റെടുത്ത് നടത്തുന്നത്. ഇതിനു പുറമേ 11.5 കോടി രൂപയുടെ പണികള്‍ കൂടി ഏറ്റെടുക്കുന്നതിന് ഭരണാനുമതി ആയിട്ടുണ്ട്. നിരവധി മുറികള്‍, ഡോര്‍മെട്രി, ഫുഡ്കോര്‍ട്ട്, ടോയ്ലറ്റ് കോംപ്ലക്സ്, വര്‍ക്ക് ഷോപ്പ്, സര്‍വ്വീസ് സ്റ്റേഷന്, പെട്രോള്‍ പമ്പ്, പൂന്തോട്ടം, പാര്‍ക്ക് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇടത്താവളത്തില്‍ ലഭ്യമായിരിക്കും.
ചടങ്ങില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ജെ.കുര്യന് എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. രാജുഎബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍, നഗരസഭാ ചെയര്മാന് അഡ്വ.എ.സുരേഷ് കുമാര്‍, നഗരസഭാംഗങ്ങള്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: