പള്ളുരുത്തി: കുമ്പളങ്ങിയില്‍ ജെനോറം പദ്ധതിപ്രകാരം പൈപ്പിടുന്നതിനുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചത് നന്നാക്കുവാന്‍ കാക്കനാട് കളക്ട്രേറ്റില്‍ പിഡബ്ല്യുഡി എക്സി. എഞ്ചിനീയറുടെ ഓഫീസില്‍ ഉപരോധസമരത്തിനെത്തിയ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അംഗങ്ങളും യുഡിഎഫ് നേതാക്കളും പരസ്പരം ഏറ്റുമുട്ടി. ഇന്നലെ രാവിലെ 11 ന് കാക്കനാട് കളക്ട്രേറ്റ് വളപ്പിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിക്കാന്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ പ്രദീപിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് അംഗങ്ങള്‍ എത്തിയത്. ഇതില്‍നിന്നും പഞ്ചായത്ത് അംഗങ്ങളായ നെല്‍സന്‍ കോച്ചേരി, ജോയ്സി കോച്ചേരി, സൂസന്‍ തോമസ് എന്നിവര്‍ സമരവുമായി സഹകരിക്കില്ല എന്നറിയിച്ചു. ഇവര്‍ കാരണമായി പറയുന്നത് കഴിഞ്ഞദിവസം കുമ്പളങ്ങിയില്‍ നടന്ന ജനകീയ സമരത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി ടോജി കോച്ചേരി എംഎല്‍എ ഡൊമിനിക് പ്രസന്റേഷനെതിരെ നിലപാടെടുത്ത് സമരത്തില്‍ സംസാരിച്ചുവെന്നാണ്. ടോജി കോച്ചേരി സമരത്തില്‍ പങ്കെടുത്താല്‍ തങ്ങള്‍ സമരത്തില്‍നിന്നും വിട്ടുനില്‍ക്കുമെന്നും കോണ്‍ഗ്രസ് അംഗങ്ങളായ ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു.
ഒടുവില്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ ഇടപെട്ട് ഇവരെ സമരത്തില്‍ പങ്കെടുപ്പിച്ചു. ഇതിനിടയില്‍ കോണ്‍ (എം) ജില്ലാ നേതാവ് നെല്‍സന്‍ മാത്യുവിനോട് നെല്‍സണ്‍ കോച്ചേരി തട്ടിക്കയറുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് മറുവിഭാഗം ആരോപിക്കുന്നത്. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ ഇന്നലെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയെന്നും മറുവിഭാഗം പറയുന്നു.
സമരം കയ്യേറ്റത്തില്‍ കലാശിച്ചതോടെ നെല്‍സനെതിരെ ആക്രോശവുമായി മാണി ഗ്രൂപ്പുകാരും രംഗത്തെത്തി. കുറച്ചുനേരത്തേക്ക് കളക്ട്രേറ്റ് വളപ്പ് അസഭ്യവര്‍ഷത്താല്‍ മുഖരിതമായി. ഒടുവില്‍ കളക്ട്രേറ്റ് വളപ്പില്‍ ഡ്യൂട്ടിയിലുണ്ടായ പോലീസുകാര്‍ ഇടപെട്ട് ഇരുകൂട്ടരേയും പിടിച്ചുമാറ്റിവിടുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നെല്‍സന്‍ കോച്ചേരിക്കെതിരെ കുമ്പളങ്ങിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ പിഡബ്ല്യുഡി എക്സി. എഞ്ചിനീയറുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: