കൊച്ചി: പാതയോരത്ത് പൊതുയോഗം നിരോധിച്ച ജഡ്ജിമാരെ ശുംഭന് എന്ന് വിളിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് ഹൈക്കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇതുകൂടാതെ 2000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം
ജസ്റ്റിസ് വി രാംകുമാര്‍, പി.ക്യു.ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് ഉത്തരവ്. ശിക്ഷ നിര്‍ത്തിവെയ്ക്കണമെന്ന് ജയരാജന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉടന്‍ ശിക്ഷ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
കോടതി വളപ്പില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ജയരാജന്റെ വാഹനത്തെ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ജയരാജനെ പുറത്തേയ്ക്ക് കോണ്ടുപോയത്. തിരുവനന്തപുരം എത്തുന്നതുവരെ ശക്തമായ സുരക്ഷയാണ് ജയരാജന്റെ വാഹനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ജഡ്ജിമാരെ ശുംഭന് എന്ന് വിളിച്ച് ജയരാജന് അധിക്ഷേപിച്ചത്. തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. വിധിന്യായത്തിലെ പൊരുത്തക്കേടാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന് ബോധിപ്പിച്ചിരുന്നു.
ശുംഭന് എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന് ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ഇതാദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന് കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: