കാര്‍ഷികമേഖല പ്രതിസന്ധി നേരിടുന്ന കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വീണ്ടും പുനരാവിര്ഭവിച്ചുതുടങ്ങിയിരിക്കുന്നു. വയനാട്ടില്‍ കടക്കെണിയില്‍പ്പെട്ട് ഇപ്പോള്‍ രണ്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. കാര്‍ഷിക വായ്പ എന്ന കെണിയിലാണ് ഇവര്‍ക്ക് ജീവന് ഹോമിക്കേണ്ടി വന്നത്. ഇതോടെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ എന്ന കര്‍ഷകാശ്വാസ നടപടിയിലെ അപാകതകളാണ് പ്രത്യക്ഷമാകുന്നത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ ഇഞ്ചിയും വാഴയും കൃഷിചെയ്ത രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും വ്യക്തികള്‍ക്കുമായി മൂന്നുലക്ഷം രൂപയുടെ കടമാണ് ശശി എന്നയാള്ക്കുണ്ടായിരുന്നത്. കൃഷി ഭൂമിയുടെ വിസ്തൃതി ദിനേന എന്നോണം കുറയുന്നതിനാലും കര്‍ഷകര്‍ ഭക്ഷ്യവിള കൃഷി ഉപേക്ഷിച്ച് നാണ്യവിളകളിലേക്ക് തിരിഞ്ഞതും കാലാവസ്ഥാ വ്യതിയാനവും മറ്റുമാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണം. മറ്റൊരു വസ്തുത കര്‍ഷക വൃത്തിക്ക് തൊഴിലാളികളെ ലഭ്യമാകുന്നില്ല എന്നതാണ്. യന്ത്രവല്‍ക്കരണത്തെ സിപിഎം സംഘടനകള്‍ ഇപ്പോഴും എതിര്‍ക്കുകയും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ നോക്കുകൂലി ആവശ്യപ്പെടുകയും ചെയ്യുന്നത് കുട്ടനാട്ടില്‍ കൊയ്യാന്‍ പാകമായ നെല്‍കൃഷി നശിക്കാന്‍ കാരണമായിട്ടുണ്ട്. കര്‍ഷക ആത്മഹത്യകള്‍ ഇന്ത്യയിലെ ഒരു പ്രതിഭാസമാണ്. 16 കൊല്ലത്തില്‍ കാല് ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. എന്‍സിആര്‍ബിയുടെ 2,56,913 ആത്മഹത്യകള്‍ എന്ന കണക്ക് ചരിത്രം കുറിക്കുന്നതാണ്. ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്. ആത്മഹത്യകള്‍ കൂടുമ്പോഴും ചൂണ്ടിക്കാണിക്കേണ്ടിവരുന്ന വസ്തു ഈ സംഖ്യ കാര്‍ഷികവൃത്തി ചെയ്യുന്നവരുടെ എണ്ണം കുത്തനെ താഴുന്ന പശ്ചാത്തലത്തിലും കൂടിയാണെന്നതാണ്. ഏഴ് ദശലക്ഷം കര്‍ഷകര്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ചതായാണ് കണക്ക്. വയനാട്ടിലും ആത്മഹത്യ ചെയ്തവര്‍ ഇഞ്ചികൃഷി ചെയ്തവരായിരുന്നു.
കേരളത്തിന്റെ പശ്ചാത്തലം വ്യത്യസ്തമാണ്. കുട്ടനാട്ടില്‍ മുരിക്കന്‍ കായല്‍ നികത്തി കൃഷി തുടങ്ങിയതാണ് അരിക്ഷാമം നികത്തിയത്. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയശേഷം മുരിക്കന്‍ കായല്‍ മുതലാളിത്ത ഭൂമിയായി, കൃഷി ചെയ്യാതെയായി. ഇവിടെ വയലുകള്‍ നികത്തിയാണ് വ്യവസായവല്‍ക്കരണവും ബഹുനില ഫ്ലാറ്റുകളും ഉയരുന്നത്. നഗരവല്‍ക്കരണവും കൃഷി ഉപേക്ഷിക്കുന്നതിന് പ്രേരകമായി. ഇതോടെ കേരളത്തിന് ഭക്ഷണത്തിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നു. കാര്‍ഷികവൃത്തി പ്രതിസന്ധിയിലായപ്പോള്‍ കര്‍ഷകര്‍ വ്യാപകമായി കടം എടുത്തുതുടങ്ങി. ബാങ്കുകളില്‍നിന്ന് മാത്രമല്ല, കൊള്ളപ്പലിശയ്ക്ക് പണം നല്കുന്ന ബ്ലേഡ് മാഫിയകളില്‍നിന്നും അവര്‍ കടം വാങ്ങി. ഇത് തിരിച്ചടയ്ക്കാനാവാതെയാണ് ഇടക്കാലത്ത് കേരളത്തില്‍ കാര്‍ഷിക ആത്മഹത്യകള്‍ പെരുകിയത്. ഇതിന്റെ ഗ്രാഫ് താഴോട്ട് വന്നത് സര്‍ക്കാര്‍ കടം എഴുതിത്തള്ളല്‍ നിയമം പാസാക്കിയത് ഒരളവുവരെ കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും ഈ പദ്ധതിയില്‍ ബ്ലേഡ് വായ്പകള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ പലിശപോലും നല്‍കാനാകാത്ത കര്‍ഷകരും ആറടി മണ്ണില്‍ അഭയം തേടി. കേന്ദ്രസര്‍ക്കാര്‍ മൂന്ന് ശതമാനം പലിശ സബ്സിഡിയും സംസ്ഥാനം അഞ്ച് ശതമാനം പലിശ സബ്സിഡിയും നല്‍കുന്നുണ്ട്. കടം എഴുതിത്തള്ളല്‍ നിയമത്തിന് ഘടനാപരമായും ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക കടാശ്വാസ കമ്മീഷന് രൂപീകരിക്കുകയും ചെയ്തു. പക്ഷേ കാര്‍ഷികകടം എഴുതിത്തള്ളിയത് പലിശ അടയ്ക്കാത്തവരുടേതായിരുന്നു. കടം വാങ്ങിയും പലിശ അടച്ചവരുടെ കടം നിലനില്ക്കുകയും ചെയ്തു. അതോടെ അക്കൂട്ടര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ് ചെയ്തത്. നാണ്യവിള കൃഷിയിലേക്ക് മാറിയവരും നാണ്യവിളകളുടെ വിലയിടിവും കാലാവസ്ഥാ വ്യതിയാനവും വിളകളിലെ രോഗബാധയുമെല്ലാം കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കി. പലരും പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്തതിനാല്‍ വായ്പയ്ക്ക് രേഖകളില്ലാതെ അര്‍ഹരായില്ല. ബാധ്യത തീര്‍ത്ത് ആധാരമെടുത്ത് പുതിയ വായ്പയ്ക്കുള്ള ശ്രമവും പരാജയപ്പെടുന്നത് ഇന്ന് ബാങ്കുകള്‍ സ്ഥലത്തിനല്ല സ്വര്‍ണത്തിനാണ് വായ്പ നല്‍കുന്നത് എന്നതിനാലാണ്.
കൃഷി ആദായകരമാക്കുമെന്നും കാര്‍ഷികപ്രതിസന്ധി പരിഹരിക്കുമെന്നും മറ്റും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. തരിശുഭൂമി കുടുംബശ്രീയും മറ്റും ഏറ്റെടുത്ത് വിജയഗാഥ രചിച്ച ചരിത്രമുണ്ടെങ്കിലും ഇപ്പോള്‍ തരിശായി കിടക്കുന്ന മെത്രാന് കായല്‍ കൃഷി ചെയ്യാനുള്ള കര്‍ഷകനീക്കം പല കാരണങ്ങളാലും പ്രതിസന്ധിയിലാണ്. ധനമന്ത്രി കെ.എം.മാണി കര്‍ഷകരുടെ രക്ഷിതാവായി അവതരിക്കുന്നത് കൃഷിക്ക് വ്യവസായ പദവി നല്‍കുമെന്നും ശാസ്ത്ര സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിലൂടെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്നും പറഞ്ഞാണ്. കൃഷിക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതനിലവാരവും അന്തസ്സും വര്‍ധിപ്പിച്ച് അവരെ ഗ്രാമങ്ങളില്‍ തുടരാന്‍ പ്രോത്സാഹിപ്പിച്ച് സേവനരംഗത്തേക്കുള്ള പ്രവാഹം തടയുമത്രെ. ഇതെല്ലാം പ്രഖ്യാപനങ്ങള്‍. കര്‍ഷക ആത്മഹത്യകളുടെ പിന്നിലെ സാമൂഹിക യാഥാര്‍ത്ഥ്യം, കൃഷിനാശം, അവരുടെ മറ്റ് ജീവിതപ്രശ്നങ്ങള്‍- മകളുടെ കല്യാണം, മകന്റെ പഠനം മുതലായവ രൂക്ഷമാക്കുന്നുവെന്നും ഇതിനൊരു സമഗ്ര വീക്ഷണത്തോടെയുള്ള നയം വന്നാലെ കര്‍ഷക ആത്മഹത്യകള്‍ തടയാനാകുകയുള്ളൂ.
പെണ്‍ഭ്രൂണഹത്യയുടെ പ്രശ്നം
കേരളത്തില്‍ രണ്ട് കുട്ടികള്‍ മതി എന്ന നിയന്ത്രണം നിര്‍ദേശിക്കുന്ന വനിതാകോഡ് ബില്ലിനെതിരെ പ്രതിഷേധമുയരുമ്പോഴും കേരളത്തിലെ സ്ത്രീകളുടെ ജനസംഖ്യ 0-6 വയസ്സുകളില്‍ കുറയുന്നതായാണ് സെന്‍സസ് കണക്കുകള്‍ തെളിയിക്കുന്നത്. കുട്ടികള്‍ എത്ര എന്ന് നിശ്ചയിക്കേണ്ടത് ദമ്പതിമാരാണെന്ന വാദം പൊള്ളയാണ്. കാരണം ഇതേ ദമ്പതിമാര്തന്നെയാണ് പെണ് ഭ്രൂണഹത്യ എന്ന ഹീനകൃത്യത്തിലൂടെ പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നത്. കേരളം സ്ത്രീപക്ഷ സമൂഹമായിരുന്നപ്പോള്‍ 1000 പുരുഷന്മാര്ക്ക് 1063 സ്ത്രീകളുണ്ടായിരുന്നു. 2001 ലെ സെന്‍സസ് പ്രകാരം കുട്ടികളുടെ ലിംഗാനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 965 പെണ്‍കുഞ്ഞുങ്ങള്‍ എന്നായിരുന്നു. 2011 ലെ സെന്‍സസ് ആയപ്പോഴേക്കും ഇത് 959 ആയി കുറഞ്ഞു. ഇത് ശിശുമരണ നിരക്കിന്റെ പ്രതിഫലനമല്ല. കാരണം കേരളത്തില്‍ വികസിത സംസ്ഥാനമായ ഗുജറാത്തിനേക്കാളും ശിശുമരണനിരക്ക് കുറവാണെന്നും പോഷകാഹാരലഭ്യത കൂടുതലാണെന്നും അടുത്തയിടെ നടന്ന പഠനം വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ പെണ്‍കുഞ്ഞുങ്ങള്‍ കുറയുന്നത് ദമ്പതിമാര്‍ മനഃപൂര്‍വം പെണ്‍ഭ്രൂണഹത്യ നടത്തുന്നതിനാലാണ്. ഗര്‍ഭസ്ഥശിശുവിന് തകരാറുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ‘പ്രിനേറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്’ ഇപ്പോള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമായ ലിംഗനിര്‍ണയത്തിന് വേണ്ടിയാണ്. ശിശു പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ഭ്രൂണാവസ്ഥയില്‍തന്നെ അതിനെ നശിപ്പിക്കുന്നത് പെണ്‍കുഞ്ഞ് ഒരു ഭാരമാണെന്നും അവളുടെ വിവാഹത്തിന് സ്ത്രീധനവും ആര്‍ഭാടവിവാഹവും കിലോക്കണക്കിന് സ്വര്‍ണാഭരണങ്ങളും നല്‍കേണ്ടിവരുന്നത് ഒഴിവാക്കാനാണ്. സമൂഹത്തിന്റെ സന്തുലിതാവസ്ഥ അട്ടിമറിക്കുന്ന ഈ നിയമവിരുദ്ധ ലിംഗനിര്‍ണയവും ഭ്രൂണഹത്യയും തടയേണ്ടതാണ്. ഇന്ന് ലോകജനസംഖ്യ 700 കോടി കവിഞ്ഞപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത കൂടുതല്‍ ജനസംഖ്യ പരിമിതമായ വിഭവശേഷിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഭക്ഷ്യവസ്തുക്കള്‍, ജലം മുതലായവയുടെ ലഭ്യത കുറയാന്‍ കാരണമാകും എന്നുമാണ്. കേരളം സ്ത്രീ സാക്ഷരതയ്ക്ക് ഇന്ത്യയില്‍ മുന്നിലാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലുള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം കുറവല്ല. അവള്‍ക്ക് വരുമാനമുണ്ട്. പിന്നെ എന്തുകൊണ്ട് പെണ് ഭ്രൂണഹത്യയിലേക്ക് നയിക്കുന്ന സ്ത്രീധന സമ്പ്രദായം സമൂഹത്തില്‍ തുടരുന്നു? പെണ്ണാണെങ്കില്‍ ലക്ഷങ്ങള്‍ കൊടുക്കണം, ആണാണെങ്കില്‍ ലക്ഷങ്ങള്‍ കിട്ടും എന്ന ഹീന മാനസികാവസ്ഥയാണ് പെണ് ഭ്രൂണഹത്യയിലേക്ക് പെണ്‍കുഞ്ഞുങ്ങളുടെ കുറഞ്ഞ ലിംഗാനുപാതത്തിലേക്കും കേരളത്തെ നയിക്കുന്നതും. വിദ്യാഭ്യാസം എന്നാല്‍ സംസ്ക്കാരമല്ല എന്ന് കേരളം എല്ലാ മേഖലയിലും തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: