പെരിയാറ്റിലെ ഒഴുക്ക് കുറഞ്ഞതില്‍ പിന്നെ വേനല്‍ക്കാലത്ത് ഓരുവെള്ളത്തില്നിന്നും രക്ഷനേടുവാന്‍ 1970 കളുടെ അവസാനം മുതല്‍ പാതാളം, മഞ്ഞുമ്മല്‍, പുറപ്പിള്ളിക്കാവ് എന്നീ മൂന്നിടങ്ങളില്‍ മണല്‍ ബണ്ട് നിര്‍മിക്കുക പതിവാണ്. ഇടുക്കി അണക്കെട്ടില്‍നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിനായി മൂലമറ്റത്തേയ്ക്ക് വെള്ളം തിരിച്ചുവിടുകയും പിന്നീട് ആ ജലം മൂവാറ്റുപുഴ ആറിലേയ്ക്ക് ഒഴുക്കിവിട്ടതും പെരിയാര്‍ നദിയുടെ വൃഷ്ടിപ്രദേശ വനനശീകരണം രൂക്ഷമായതുമൂലവും പെരിയാറിലെ അണക്കെട്ടുകളുടെ എണ്ണം (16) പെരുകിയതും പെരിയാറിന്റെ ഒഴുക്ക് കുറഞ്ഞതിന് കാരണമായി എന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഉപ്പുവെള്ളം പെരിയാറില്‍ കയറുന്നത് തടയുവാന്‍ നിര്‍മിച്ചു വന്നിരുന്ന മഞ്ഞുമ്മല്‍ ബണ്ട് പിന്നീട് റഗുലേറ്റര്‍ കം ബ്രിഡ്ജ് ആയി മാറി. പാതാളത്ത് മണല്‍ ബണ്ടിന് പകരം ചെമ്മണ്ണ് ബണ്ടായി. ഇന്നിതാ പുറപ്പിള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് അനുമതിയാവുകയും ചെയ്തിരിക്കുന്നു. ഇതിനായി നബാര്‍ഡ് 68 കോടി രൂപ അനുമതി നല്കിക്കഴിഞ്ഞിരിക്കുന്നു. പുറപ്പിള്ളിക്കാവിലും പാതാളത്തും താല്‍ക്കാലിക ബണ്ട് നിര്‍മാണം വൈകിയാല്‍ കൊച്ചി പട്ടണമടക്കം വിശാല കൊച്ചി വികസന മേഖലയാകെ ഉപ്പുവെള്ളം കുടിക്കേണ്ടതായി വരും. ചില വര്‍ഷങ്ങളില്‍ വേലിയേറ്റ സമയത്ത് കയറിവരുന്ന ഓരുവെള്ളം തടയുവാന്‍ ഇടമലയാര്‍, ഭൂതത്താന്‍ കെട്ട് എന്നീ അണക്കെട്ടുകളിലെ ശുദ്ധജലം തുറന്നിടേണ്ടതായും വന്നിട്ടുണ്ട്. ഇത് ഇടമലയാര്‍ ഡാം വഴിയുള്ള വൈദ്യുതി ഉല്‍പ്പാദനത്തേയും ഭൂതത്താന്‍ കെട്ട് വഴിയുള്ള കൃഷിയേയും ബാധിക്കാറുണ്ട്. അതുകൊണ്ട് വന്‍ നഷ്ടം ഒഴിവാക്കുവാനും ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കാതിരിക്കുവാനും പാതാളത്തും (പെരിയാറിന്റെ മാര്‍ത്താണ്ഡവര്‍മ കൈവഴിയില്‍) പുറപ്പിള്ളിക്കാവും (പെരിയാറിന്റെ മംഗലപുഴ കൈവഴിയില്‍)യുദ്ധകാലാടിസ്ഥാനത്തില്‍ ബണ്ടു നിര്‍മാണം ആരംഭിക്കണം.
നിലവില്‍ പുറപ്പിള്ളിക്കാവില്‍ ബണ്ട് നിര്‍മിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നും 60 മീറ്റര്‍ കിഴക്ക് മാറി പെരിയാറിന്റെ ഒരു കൈവഴി അമ്മണത്തു പള്ളം പുഴവഴി വടക്കോട്ടൊഴുകി ചാലക്കുടി പുഴയുടെ കൈവഴിയായ അങ്ങാടിക്കടവ്-മാഞ്ഞാലിതോട്, കോരന് കടവിനടുത്ത് ചാലാക്കാ പാലത്തിന് താഴെ കൂടി ചേരുകയും പടിഞ്ഞാറുഭാഗത്തേയ്ക്ക് തിരിഞ്ഞ് മാഞ്ഞാലി പുഴയില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കുന്നുകര പഞ്ചായത്തിലെ ചെറിയ തേയ്ക്കാനം അമ്മണത്തുപള്ളം, കാരയ്ക്കാത്തുരുത്ത്, വയല്‍ക്കര, ചാലാക്ക, പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലത്തുരുത്ത്, കരുമാലൂര്‍ പഞ്ചായത്തിലെ ചിറ്റമന പള്ളം, പുറപ്പിള്ളിക്കാവ് ഭാഗങ്ങളില്‍ കുടിവെള്ളവും കൃഷിക്കാവശ്യമായ ജലവും ലഭ്യമാണ്. ചെറിയ തേയ്ക്കാനം അമ്മണത്തു പള്ളം, കാരയ്ക്കാത്തുരുത്ത് എന്നിവിടങ്ങളിലെ കര്‍ഷകരാണ് കഴിഞ്ഞ രണ്ടുതവണയും സംസ്ഥാന അഗ്രികള്‍ച്ചര്‍ വകുപ്പിന്റെ ഹരിതമിത്ര അവാര്‍ഡിന് അര്‍ഹരായത്. ഒരുലക്ഷം രൂപയും സ്വര്ണ്ണപ്പതക്കവുമാണവര്ക്ക് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പഴം പച്ചക്കറി വികസന കൗണ്‍സിലിന്റെ ഹരിതകീര്‍ത്തി അവാര്‍ഡും, കഴിഞ്ഞ നാലുതവണ തുടര്‍ച്ചയായി ഏറ്റവും നല്ല പിടിഡി കര്‍ഷകനുള്ള അവാര്‍ഡും ഇവിടുത്തുകാര്‍ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുള്ള ഏകകാരണം വര്‍ഷം മുഴുവന്‍ പുറപ്പിള്ളിക്കാവ് ബണ്ട് വരുന്നതുകൊണ്ട് ദ്വീപുകള്‍ക്ക് ശുദ്ധജല ലഭ്യത കിട്ടുന്നു എന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ പെരിയാറ്റിലെ ഈ ബണ്ടു നിര്‍മാണം കുറച്ചുകൂടി താഴെ ഇറക്കി അതായത് പടിഞ്ഞാട്ടുമാറി പറവൂര്‍ നിയോജകമണ്ഡലത്തിലെ പുത്തന്‍വേലിക്കര പഞ്ചായത്തിനേയും ചേണ്ടമംഗലം പഞ്ചായത്തിനേയും ബന്ധിപ്പിച്ച് മാളവനയില്‍ ബണ്ട് നിര്‍മിക്കുകയാണെങ്കില്‍ 1500 ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനും പറവൂര്‍ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാനും കഴിയുമെന്നതില്‍ തര്‍ക്കമില്ല. ഇതുകൂടാതെ എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന വൈപ്പിന്‍, പറവൂര്‍, മുനമ്പം, കോട്ടയില്‍ കോവിലകം, ചേണ്ടമംഗലം എന്നീ പ്രദേശങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുമാകും എന്നത് ചെറിയ കാര്യമല്ല. സാധാരണ പുറപ്പിള്ളിക്കാവില്‍ ബണ്ട് കെട്ടിയാലും നല്ല വെള്ളം ലഭിക്കാത്തപ്രദേശങ്ങളാണിവ. പെരിയാറും ചാലക്കുടിയാറും (കണക്കന്‍കടവ് പുഴ) സന്ധിച്ചതിനുശേഷമുള്ള മാളവനയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരുകയാണെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായിരിക്കും. ഒരിക്കല്‍ ചാലക്കുടി പുഴയുടെ കൈവഴിയായ ആവണംകോട് താഴ്ത്തി പുത്തന്‍ വേലിക്കരയില്‍ കൃഷിക്കായി ശ്രമിച്ചതായിരുന്നു. എന്നാല്‍ ഓരം ഇടിഞ്ഞ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതാണ്.
പുറപ്പിള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുമ്പോള്‍ 28 മീറ്ററിലധികം താഴ്ത്തിയാല്‍ മാത്രമാണ് പാറ കണ്ടെത്തുക. എന്നാല്‍ മാളവനയില്‍ 15 മീറ്ററിന് മുമ്പുതന്നെ പാറ കണ്ടെത്തുവാന്‍ കഴിയും. അതുകൊണ്ട് മാളവനയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് ചെലവ് കുറയും. കൂടാതെ പഴംപിള്ളിത്തുരുത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ വേനല്‍ക്കാല കൃഷി വ്യാപിപ്പിക്കുവാനും കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാനും കഴിയും. അതിനായി മാളവനയില്‍ പുതിയ പഠനം നടക്കുകയും നബാര്‍ഡ് അനുമതി നല്‍കിയിട്ടുള്ള 68 കോടി രൂപ മാളവനയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുമ്പോള്‍ അനുവദിക്കുകയും ചെയ്യണം. ഇത് നിലവിലുള്ള കുടിവെള്ള പമ്പിംഗിനെ ബാധിക്കാതിരിക്കുവാന്‍ കിണര്‍ താഴ്ത്തി പമ്പിംഗ് ഉറപ്പാക്കണം. വെറും സാങ്കേതികത്വത്തില്‍ ഊന്നി ഉദ്യോഗസ്ഥ വൃന്ദം പദ്ധതിക്കെതിരെ കലാപക്കൊടി ഉയര്‍ത്താതിരിക്കുകയും വേണം, വേനല്‍ക്കാലത്ത് നല്ല വെള്ളം ലഭിക്കുന്നതുകൊണ്ട് നടത്തിയ കൃഷിയില്‍ കഴിഞ്ഞവര്‍ഷം കാരയ്ക്കാത്തുരുത്ത്, അമ്മണത്തു പള്ളം, ചെറിയ തേയ്ക്കാനം എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് മാത്രം നേന്ത്രക്കായ വിറ്റ് ഒരു കോടി 10 ലക്ഷം രൂപയും പാല് വിറ്റ് 90 ലക്ഷം രൂപയും പച്ചക്കറി വിപണനം വഴി ലക്ഷങ്ങളുടെ വരുമാനവും ഉണ്ടായി. ഈ അനുഭവം നമ്മുടെ മുന്നിലുള്ളപ്പോള്‍ വേനല്‍ക്കാല കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനായാല്‍ സാധാരണക്കാരായ ആയിരങ്ങളുടെ വരുമാനമാണ് വര്‍ധിപ്പിക്കാനാവുക. അത് ഒരു സാമൂഹ്യ പരിവര്‍ത്തനമാകും. ഒപ്പം കുടിവെള്ള ലഭ്യത ഉറപ്പാക്കലുമാകും. അതുകൊണ്ടുതന്നെ നബാര്‍ഡിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുവാന്‍ സംസ്ഥാനത്തിന്റെ പൊതുമരാമത്ത് മന്ത്രിയ്ക്കും എംഎല്‍എമാര്‍ക്കും സാധിക്കണം. വികസനം ജനങ്ങളുടെ താല്പ്പര്യപ്രകാരമാകണം ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഔദാര്യമാകരുത്. അതുകൊണ്ട് പുറപ്പിള്ളിക്കാവില്‍ നിലവില്‍ മണല്‍ബണ്ട് നിര്‍മിക്കുന്ന സ്ഥലത്തുനിന്നും 400 മീറ്റര്‍ കിഴക്ക് മാറി അലൈന്മെന്റ് തയ്യാറാക്കിയിരിക്കുന്നത് ജനവിരുദ്ധനിലപാടാണ്. ഇവിടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിതാല്‍ കൂടുതല്‍ പ്രദേശങ്ങളെ ഉപ്പുവെള്ളം ചുറ്റപ്പെടുവാന് ഇടവരുത്തും. അതുവഴി കുടിവെള്ളവും കൃഷിയും നഷ്ടമാകും. നിലവിലെ അലൈന്മെന്റ് പ്രകാരം പദ്ധതി നടപ്പാക്കിയാല്‍ അമ്മണത്തു പള്ളം പുഴയിലെ ശുദ്ധജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. ഈ പുഴയിലും ദ്വീപുകള്‍ക്കു ചുറ്റിനും ഉപ്പുവെള്ളം കെട്ടിക്കിടക്കും. കുന്നുകര പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമവും ഉണ്ടാകും. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങള്‍ക്ക് ഇതുമൂലം കൃഷിയിറക്കുവാന്‍ കഴിയാതെ വരും റെഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതില്‍ ജനങ്ങള്ആരും എതിരല്ല എന്നാല്‍ ഇതുമൂലം നിലവിലെ കൃഷിയും കുടിവെള്ള ലഭ്യതയും ഭീഷണിയിലാകുമെന്നതിനെയാണ് ആളുകള്‍ എതിര്‍ക്കുന്നത്. ഇടയ്ക്കിടെ പുഴയില്‍ ജലവിതാനം ക്രമാതീതമായി താഴെ പോകുകയും വേലിയേറ്റം പൂര്‍വാധികം ശക്തിയായി പുഴവെള്ളത്തിന്റെ വിതാനം ഉയര്‍ത്തുകയും ചെയ്യുന്നതു കാണുമ്പോള്‍ ജനങ്ങള്‍ ഭയത്തിലാണ്. തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുമോ എന്ന ഭീതി അവരെ അലട്ടിക്കൊണ്ടിരിക്കയാണ്. ഈ പശ്ചാത്തലത്തിലും സമുദ്രനിരപ്പ് കാലാവസ്ഥാ വ്യതിയാനംമൂലവും ആഗോള താപനം മൂലവും ഉയരുന്നതിനുള്ള സാധ്യത ശാസ്ത്രജ്ഞന്മാര് ഓര്മിപ്പിക്കുന്നതിന്റെ വെളിച്ചത്തിലും സ്ഥിരം ബണ്ട് പുഴയില്‍ കുറെക്കൂടി പടിഞ്ഞാറോട്ടു മാറി പണിതാല്‍ ഈ വക ഭീഷണികള്‍ അകലുമല്ലൊ എന്ന ചിന്തയാണിപ്പോള്‍ പറവൂര്‍ നിയോജക മണ്ഡലത്തിലെയും കളമശ്ശേരി നിയോജകമണ്ഡലത്തിലേയും കര്‍ഷകര്‍ക്കുള്ളത്. അതുകൊണ്ട് കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് നിര്‍മിക്കുന്ന ജനോപകാരപ്രദമായ ഈ പദ്ധതി തദ്ദേശവാസികളുടെ കൃഷിയും കുടിവെള്ളവും മുട്ടിക്കുന്ന അവസ്ഥമാറ്റി കൂടുതല്‍ ആളുകള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പുതിയ അലൈന്മെന്റ് മാളവനയില്‍ ഉണ്ടാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പുറപ്പിള്ളിക്കാവിന് മുകളില്‍ ഉദ്യോഗസ്ഥര്‍ പുതിയ അലൈന്മെന്റ് നടത്തിയതും പാലത്തിനായി ബോറിംഗ് നടത്തിയതും ജനങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്തുകൊണ്ട് മാളവനയില്‍ മതിയെന്ന് മുമ്പ് പറഞ്ഞില്ല എന്നത് ഇതില്‍നിന്നും വ്യക്തമാണ്. സാങ്കേതികത്വത്തിന്റെ പേരില്‍ ശാസ്ത്രത്തെ തമസ്ക്കരിക്കരുത്. നബാര്‍ഡ് 68 കോടി രൂപ അനുവദിച്ചിരിക്കുന്ന അലൈന്മെന്റ് ആരെ പ്രീതിപ്പെടുത്താനാണെന്നത് മാത്രമേ ഇനി അറിയാനുള്ളൂ. കൃഷിയ്ക്കും കുടിവെള്ളത്തിനും പ്രകൃതിദത്തമായ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ പുഴയില്‍ കനാല്‍ തുടങ്ങിയനിര്മാണങ്ങള് നടത്തി കുന്നുകര പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തിനും അമ്മണത്തു പള്ളത്തിനും ചെറിയ തേയ്ക്കാനത്തിനും ശുദ്ധജലം ലഭ്യമാക്കുമെന്ന പുതിയ അലൈന്മെന്റനുസരിച്ചുള്ള പുറപ്പിള്ളിക്കാവിന് മുകളിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് അശാസ്ത്രീയവും ജനദ്രോഹപരവുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പഠനവും വിദഗ്ദ്ധാഭിപ്രായങ്ങളും സ്വീകരിക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: