ജാമ്യം നല്കല് പൊതുനിയമവും ജയില്‍ അപവാദവും എന്നുള്ളത് ഇന്ത്യ പിന്തുടരുന്ന ക്രിമിനല്‍ നീതി സമ്പ്രദായത്തിന്റെ അടിസ്ഥാന പ്രമാണമാണ്. കുറ്റം തെളിയിക്കുന്നതുവരെ പ്രതി നിരപരാധിയെന്ന സങ്കല്‍പ്പവും നാം സ്വീകരിച്ചിട്ടുള്ള ഭരണഘടനയുടെയും അനുബന്ധ നിയമങ്ങളുടെയും കാതലാണ്. വ്യക്തിനിഷ്ഠ നീതിയ്ക്കു പകരം നിയമാധിഷ്ഠിത നീതിയിലാണ് ഇന്ത്യന്‍ നീതി വ്യവസ്ഥ ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ളത്. രാജഭരണത്തിലും ഏകാധിപത്യ വാഴ്ചയിലും വ്യക്തി നിഷഠ വിലയിരുത്തലും നിഗമനവുമാണ് വിധി നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരം സമീപനം പാടില്ലെന്നുള്ളത് നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെയും ഭരണഘടനയുടെയും അലംഘനീയമായ കല്പനയാണ്.
ഏതെങ്കിലുമൊരു ഗൗരവസംഭവമുണ്ടായാല് ജനങ്ങള്‍ വൈകാരികമായി പ്രക്ഷുബ്ധരാകുന്നതും ഒട്ടേറെ മാധ്യമങ്ങള്‍ ചാടി വീഴുന്നതുമൊക്കെ നിത്യസംഭവമാണ്. പാത്രം നോക്കി പകര്‍ന്നുകൊടുക്കാനും അതുവഴി സ്ഥാപനത്തെ ലാഭകരമാക്കി നിര്‍ത്താനും ശ്രമിക്കുന്ന മാധ്യമങ്ങളുടെ കച്ചവട താല്പര്യം മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ പ്രോസിക്യൂഷന് സംവിധാനവും ക്രിമിനല്‍ നീതിയുടെ പെന്‍ഡുലവും ഇത്തരം ചായ്വുകള്‍ക്ക് വിധേയമാകുന്നത് അപകടകരമാണ്. പ്രോസിക്യൂഷനോടൊപ്പം നില്കുകയാണ് കരണീയമെന്ന് കരുതുന്ന ജുഡിഷ്യല്‍ സംവിധാനം രാജ്യത്ത് പച്ചപിടിക്കുന്നത് ഗുണകരമല്ല.
പരിഷ്കൃത സമൂഹം ഒരാളുടെ പേരില്‍ ആരോപണമുണ്ടായാല്‍ അതു തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ സമര്‍ത്ഥമായി ശേഖരിക്കുകയും ആയത് വിചാരണയിലൂടെ തെളിയിച്ച ശേഷം ജയില്‍ ശിക്ഷയും മറ്റും നല്‍കുകയാണ് ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലങ്ങനെയല്ല. ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ അടിസ്ഥാനപരമായി പരിഷ്കൃത സമൂഹ സമീപനത്തിനാണ് ഇടം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈയടുത്തകാലത്തായി അനുഭവങ്ങള്‍ മറിച്ചാണ്.
കുറ്റാരോപിതനെ പൊതു വിചാരണ വഴി ഗളഛേദം ചെയ്യുകയും കുറ്റമാരോപിക്കപ്പെട്ടാലുടന് അറസ്റ്റിനു വേണ്ടിയുള്ള മുറവിളി ഉയരുകയും ചെയ്യുന്നു. തുടര്‍ന്ന് എത്രകാലം വേണമെങ്കിലും അയാളെ വിചാരണ കൂടാതെ തടങ്കലില്‍ വെയ്ക്കുകയും ചെയ്യാം ! ജാമ്യത്തിന്മേല് തീരുമാനമെടുക്കേണ്ടുന്നതിനുള്ള വിവേചനാധികാരം നിക്ഷിപ്തമയ പ്രോസിക്യൂട്ടര്‍ പോലീസിന്റെ ഏജന്റോ കേസ് ഫയലുമായി വരുന്ന കോണ്‍സ്റ്റബിളിന്റെ അംഗുലീചലനങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ദുരവസ്ഥയാണുകാണുന്നത്. അറസ്റ്റധികാരവും ജാമ്യ പ്രശ്നവുമാണ് പോലീസിന്റെ പ്രധാന അഴിമതി സ്രോതസ്സെന്ന് ഇന്ത്യന്‍ പോലീസ് കമ്മീഷന് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ ജയില്‍ ബജറ്റുകളിലെ കാര്യമായ സംഖ്യ ചെലവഴിക്കപ്പെടേണ്ടിവരുന്നത് വിചാരണകാത്തുകഴിയുന്ന റിമാന്‍ഡ് തടവുകാര്‍ക്കു വേണ്ടിയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ജാമ്യകാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനുള്ള അവകാശം നിയമപ്രകാരം പരിമിതമാണ്. വിവേചനാധികാരം കുറ്റാന്വേഷണത്തിലും പ്രോസിക്യൂട്ടറിലും കോടതിയിലും നിക്ഷിപ്തമാണ്. പ്രോസിക്യൂട്ടര്‍ നിലവിലുള്ള നിയമമനുസരിച്ച് നിഷ്പക്ഷനും പ്രതിയുടേതുള്പ്പെടെ പൊതു താല്പര്യം സംരക്ഷിക്കേണ്ടവനുമാകുന്നു. എന്നാല്‍ അനുഭവത്തില്‍ അതൊരിക്കലുമുണ്ടാകാറില്ല. ജാമ്യഹര്ജിവന്നാല് തന്നില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗപ്പെടുത്താന്‍ പ്രോസിക്യൂട്ടര്‍ ബാധ്യസ്ഥനാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ നീതിബോധം ബന്ധപ്പെട്ട ന്യായാധിപനും കാട്ടേണ്ടതുണ്ട്. എന്നാല്‍ കേരളത്തില്‍ ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങളും ധനസ്വാധീനവും പ്രോസിക്യൂട്ടിങ്ങ് മെഷിനറിയെ ഹൈജാക്ക് ചെയ്യുമ്പോള്‍ നിസ്സഹായനായ നോക്കുകുത്തിയായി പ്രോസിക്യൂട്ടര്‍ മാറുകയാണ്. ഫലം നീതിയുടെ താളം തെറ്റലും. കോടതിമുറികളില്‍ ജാമ്യഹര്‍ജി കേള്‍ക്കുമ്പോള്‍ പ്രോസിക്യൂഷന്‍വാദം ഗൗരവപൂര്‍വ്വം കണക്കിലെടുക്കപ്പെടുകയും ജാമ്യഹര്‍ജിയുടെ തീര്‍പ്പില്‍ നിര്‍ണ്ണായ പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. പ്രതിയുടെ ശബ്ദം തവസ്കാരപെരുവഴിയിലാകുന്നസന്ദര്ഭങ്ങളും കുറവല്ല.
കേരളത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ കേസ്സുകളിലെല്ലാം ഭരണകക്ഷിയുടെ ഇടപെടല്‍ വഴി നീതിനിഷേധത്തിനു വിധേയരാവുന്നവരും ക്രൂശിക്കപ്പെടുന്നവരുമായ ഹതഭാഗ്യരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ രണ്ടുകൊല്ലം മുമ്പ് സിപിഎം പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമായ ഒരാളെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപ്പെടുത്തിയിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയില്‍ കുറ്റക്കാര്‍ നാലുപേര്‍ മാത്രമായിരുന്നു. എന്നാല്‍ ആര്‍എസ്എസ് ചുമതലക്കാരേ തിരഞ്ഞുപിടിച്ച് ഒരുഡസന്‍ പേരെ പ്രതികളാക്കി ഇടതുഭരണകൂടം ജയിലിലടച്ചിരുന്നു. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതനേതാവ് സ്ഥലത്തുവെച്ചു നടന്ന പൊതുയോഗത്തില്‍ ഈ പ്രതികളെയെല്ലാം കസ്റ്റഡിയില്‍ കിടത്തി കേസ്സിന്റെ വിചാരണ നടത്തുമെന്ന് പരസ്യപ്രസ്ഥാവന നടത്തിയിരുന്നു. കുറ്റം നടന്ന് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം ഫയലാക്കപ്പെട്ടു. ജാമ്യവുമായി പ്രതികള്‍ എത്തിയ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും പ്രോസിക്യൂട്ടറുമാര്‍ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ബന്ധത്തിനുവഴങ്ങി ജാമ്യഹര്‍ജിയെ നഖശിഖാന്തമെതിര്‍ത്തു. ജാമ്യം നിഷേധിക്കപ്പെട്ടു. ജാമ്യമില്ലാതെ വിചാരണ നേരിടാന്‍ വിധിക്കപ്പെട്ട പ്രതികള്‍ പിന്നീട് കിട്ടിയ ചില രേഖകളില്‍ പോലീസ് രാഷ്ട്രീയ ഇടപെടലിന് വിധേയമായ കാര്യം ക്രിമിനല്‍ നിയമത്തില്‍ നല്ല പരിജ്ഞാനമുള്ള ഒരു ജഡ്ജിയുടെ മുമ്പാകെ വാദിക്കാന്‍ അവസരം കിട്ടിയതുകൊണ്ട് അവര്‍ക്ക് ജാമ്യം കിട്ടുകയാണുണ്ടായത്. തുര്ന്നിതിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും ഹൈക്കോടതിവിധി സ്ഥിരീകരിക്കപ്പെടുകയാണുണ്ടായത്. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് തലവന്‍ സ്ഥാനചലനമുണ്ടായത് ജാമ്യം ലഭിച്ചതില്‍ സിപിഎമ്മിനുണ്ടായ ഇളിഭ്യതകൊണ്ടാണെന്ന് പിന്നാമ്പുറവാര്ത്തകളില് നിന്നും ഈ ലേഖകന്‍ അറിയാന്‍ കഴിഞ്ഞിട്ടുമുണ്ട്. ജാമ്യകേസ്സുകളില് നിയമം നിഷ്പക്ഷ വിവേചന ബുദ്ധി പ്രയോഗിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ സംവിധാനത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധത ഒഴിവാക്കപ്പെടേണ്ടതാണ്.
കനിമൊഴിയോടു കനിയാത്ത നീതിപീഠത്തിന്റെ നിലപാടിനോട് ഈ ലേഖകന്‍ യോജിപ്പാണുള്ളത്. രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയോട് ബന്ധപ്പെട്ട പ്രതികളോട് കര്‍ശന നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അഴിമതിക്കേസില്പ്പെട്ടവര് ആരായാലും അവരോട് ഉദാരനിലപാട് സ്വീകരിക്കാന്‍ പാടില്ല. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടെ അറസ്റ്റ് കാര്യത്തില്‍ അദ്വാനിജി നടത്തിയ അഭിപ്രായപ്രകടനം ഇത്തരം കേസ്സുകളില്‍ പ്രയോഗികതയും ദീര്‍ഘ വീക്ഷണവും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്. കനിമൊഴിയുടെ കാര്യത്തിലും യദ്യൂരപ്പയുടെ കാര്യത്തിലും കുറേപേര്‍ക്ക് ജാമ്യം നല്‍കുകയും കുറേപേര്‍ക്ക് നിഷേധിക്കുകയും ചെയ്യുന്ന സമീപനം ഒഴിവാക്കിയാല്‍ അത് കൂടുതല്‍ നിയമപരമായി യുക്തിഭദ്രമാകുമായിരുന്നു. നമ്മുടെ മാധ്യമങ്ങള്‍പോലും വൈകാരികതലത്തിനപ്പുറം ഇത്തരം കാര്യങ്ങളുണ്ടാക്കുന്ന അപകടം കാണാന്‍ ശ്രമിക്കുന്നില്ല. മൂന്നുപതിറ്റാണ്ടുകള്‍ക്കുമുമ്പ് ജ:വി.ആര് കൃഷ്ണയ്യരുള്പ്പെടുന്ന സുപ്രീം കോടിതി ബെഞ്ച് നല്കിയ നിയമവ്യാഖ്യാനമാണ് ‘ജയില്‍ ഓര് ബെയില്‍’ എന്ന പേരിലറിയപ്പെടുന്നത്. 1978ല്‍ ജാമ്യം ലഭിക്കുന്നതിന് പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ പാടില്ലെന്ന് മോടിറാം കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. പണം കെട്ടാന്‍ തുക സംഘടിപ്പിക്കാന്‍ കഴിയുന്ന പ്രതി ജാമ്യത്തിലും അതിനുസാമ്പത്തിക സ്ഥിതിയില്ലാത്ത പ്രതി ജയിലിലുമെന്ന നീതി ശാസ്ത്രം പാടില്ലെന്ന് ജ.കൃഷ്ണയ്യരുള്പ്പെടുന്ന ബെഞ്ച് നിഷകര്‍ഷിച്ചിരുന്നു. 1973ല്‍ ക്രിമിനല്‍ നടപടി ക്രമത്തില്‍ മുന്‍കൂര്‍ ജാമ്യം എന്ന വകുപ്പ് കൂടി ചേര്‍ത്തതും പോലീസ് അറസ്റ്റധികാരം ദുരുപയോഗം ചെയ്യുന്നത് സഹിക്കവയ്യാത്തതിനാലായിരുന്നു. പക്ഷേ പലപ്പോഴും ചില കോടതികളെങ്കിലും പ്രോസിക്യൂഷനെ കടത്തിവെട്ടിക്കൊണ്ടുള്ള ജാമ്യം നിരസിക്കല്‍ ഫോര്മുലക്കാരായി തീര്‍ന്നിട്ടുണ്ടെന്നുള്ള സ്ത്യം കാണാതിരുന്നുകൂടാ. നിയമപരമായ വസ്തുതകള്‍ക്കപ്പുറം ജനങ്ങളുടെ പൊതു വികാരം കണക്കിലെടുത്തുകൊണ്ട് കോടതികള്‍ ക്രിമിനല്‍ നീതിയെ സമീപിക്കുന്നത് ഗുരുതരമായ ദോഷ ഫലങ്ങള്‍ക്കിടയാക്കും.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: