എന്തിനാണ് ഈ മുഹമ്മദ് കമ്മറ്റി? ആരും വകവയ്ക്കാത്ത ഒരു കമ്മറ്റി! എന്തെങ്കിലും ചെയ്താല്‍ മാനേജ്മെന്റ് സ്വയംസഹായ സംഘത്തിന്റെ പുലഭ്യം! സ്വാശ്രയന്മാരും മാനേജ്മെന്റ് സ്വയംസഹായസംഘവും കോടതിയെക്കൊണ്ട് വെട്ടിത്തിരുത്തിച്ചുകളയും. പിന്നെ കോടതിയുടെ വക വിമര്‍ശനവും. സ്വാശ്രയന്മാരും മാനേജ്മെന്റ് സ്വയംസഹായ സംഘവും ജയ് വിളിയോടെ മാര്‍ച്ചും ചെയ്യും.
ഒരു മാനേജ്മെന്റിനും മുഹമ്മദുസാര് വിളിച്ചാല്‍ തിരിഞ്ഞുനോക്കുകയില്ല. വേണമെങ്കില്‍ ജഡ്ജിയദ്ദേഹം അങ്ങോട്ടു ചെല്ലണം.
മൂന്നരലക്ഷം എന്ന് മാനേജ്മെന്റും കോടതിയും. മുഹമ്മദുസാര് അത്രേം പറ്റില്ലെന്ന് മുമ്പ് പറഞ്ഞതിനു പേരുദോഷം മിച്ചം. പിന്നെ കോടതി വക കുത്തും! പാവം ജസ്റ്റിസ് മുഹമ്മദ് സാറിന് കോടതി നടപടിക്രമവും നിയമവും അറിയില്ലേ? ആര്‍ക്കറിയാം കര്‍മ്മരഹസ്യം പ്രാപഞ്ചികമിതില് അലയുമ്പോള്‍!
ഇപ്പോള്‍ സിസേറിയനും മരുന്നു കമ്പനികളുംഒക്കെ വന്ലാഭസാധ്യതകളാണ് ഡോക്ടര്‍മാര്‍ക്ക് വെച്ചുനീട്ടുന്നത്. കോടികള്‍ മുടക്കി ഡോക്ടറായി മക്കളെ മാറ്റണമെന്നുവെച്ചാല് കുറഞ്ഞ ഫീസു കൊടുത്ത് പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കയല്ലേ എല്ലാവരും. അപ്പോള്‍ കാശുള്ളവനു എന്തുവില?
പഠിച്ചിറങ്ങി വല്ല സര്‍ക്കാരിലോ മെഡിക്കല്‍ കോളേജിലോ കയറി ഇരുന്ന് പേരിനൊപ്പം ഒരു തൂവലും ചൂടി വീട്ടിലൊരു മുറിയില്‍ കസേരയുമിട്ട് ഇരുന്നാല്‍ ദിവസവും പോരും പത്തിനും ഇരുപതിനും മീതേ!
മാനേജ്മെന്റ് പരീക്ഷ നടത്തുന്നു! സര്‍ക്കാര്‍ നോക്കിനില്ക്കുന്നു!
ബാങ്ക് ബാലന്‍സിന്റെ സ്റ്റേറ്റ്മെന്റാണ് ചോദ്യങ്ങള്‍ക്കുള്ള ഒരേയൊരു ഉത്തരം. പിന്നെ ലേലത്തില്‍ മൂന്നാതരം ഉറപ്പിച്ചുകഴിഞ്ഞും വിളിക്കാനുള്ള സന്നദ്ധതയും!
ഇവിടൊരു സര്‍ക്കാരിനെ തല്ലിക്കൂട്ടിയെടുത്തത് തങ്ങളാണെന്ന ധാരണയാണ് സാമുദായിക സംഘടനകള്‍ക്കും അവരുടെ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ക്കും ഇപ്പോഴുള്ളത്. ചര്‍ച്ച് കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ക്കപ്പുറം പോകാന്‍ സര്‍ക്കാരിനാവില്ലെന്ന് മാത്രമല്ല, മതാധ്യക്ഷന്മാരുടെ അനുമതിയില്ലാതെ സര്‍ക്കാരിനൊരു ഉത്തരവുപോലും വയ്യെന്നായിരിക്കുന്നു. സര്‍ക്കാരിന്റെ ഓര്‍ഡറുകളില്‍ അവര്‍ ഒപ്പുവെച്ചാലേ സാധുത ഉണ്ടാകൂ എന്നസ്ഥിതി വന്നുചേരുകയാണ്. കാരണം സര്‍ക്കാരിന്ന് അവര്‍ തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ നിയുക്തരായ ഒരു സബ് കമ്മറ്റിയല്ലേ!
അതൊക്കെ അവിടെ നില്ക്കട്ടെ. പുതിയൊരു അറിവാണ്-വേദങ്ങളെ ജയിച്ച് വന്നത്-മെഡിക്കല്‍ പ്രവേശന പ്രക്രിയയിലൂടെ ലോകത്തിന് കിട്ടിയിരിക്കുന്നത്. മാതാപിതാ ഗുരു ദൈവം എന്നല്ല, മാതാപിതാക്കളായി തരംതാഴരുതെന്നാണ് ആ പുതിയ ആപ്തവാക്യം!
അടൂരും രമേശനും റബ്ബും അങ്ങനെ തരംതാണുപോയെന്ന്. അടൂരിനും രമേശനും അങ്ങനെ പറ്റിയത് പരിയാരത്തുവെച്ചാണ്.
ഒരു കമ്മ്യൂണിസ്റ്റച്ഛനും ഒരു മുതലാളിത്ത സോഷ്യലിസ്റ്റച്ഛനും തകര്‍ന്നുപോയത്-അല്ല അച്ഛനായി തരംതാണുപോയത്-അവിടെ വച്ചാണ്. നോക്കണേ മരുന്നന്‍ സീറ്റിന്റെ ഒരു ശക്തി! എന്തുപറയാന്‍ വാല്മീകിയ്ക്ക് ചിതല്‍പ്പുറ്റ്! ബുദ്ധന് ആല്മരച്ചോട്! രമേശനും അടൂരാനും പരിയാരം! ബോധമുദിക്കാന്‍ ബുദ്ധന്മാര്ക്ക് നിമിത്തം പലതാണ്!
പെണ്ണുക്കര രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: