നെട്ടൂര്‍: നെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇന്നലെ പിഡബ്ല്യുഡി (ബ്രിഡ്ജസ്) വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണുപരിശോധന നടത്തി. മരട് നഗരസഭാ അധികൃതരുടെയും മറ്റും സാന്നിധ്യത്തിലായിരുന്നു പരിശോധന. ഫലം ഒരാഴ്ചക്കകം നഗരസഭക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൈമാറും.
പാലം നിര്‍മ്മിക്കുന്നതിനുള്ള ആദ്യഘട്ട പരിശോധനയാണ് ഇന്ന് നടന്നത്. ഇതിന്റെ ഫലം വിശകലനം ചെയ്തശേഷം എസ്റ്റിമേറ്റ് തയ്യാറാക്കുകയും തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യും. മുന്‍പൊരിക്കല്‍ ഭരണാനുമതി ലഭിച്ച് ടെണ്ടര്‍ വരെ ക്ഷണിച്ചെങ്കിലും പണി മുടങ്ങിപ്പോവുകയായിരുന്നു. രണ്ടുമാസം മുമ്പാണ് പാലം നിര്‍മ്മിക്കുന്ന സ്ഥലത്തെ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് മരട് നഗരസഭയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
നെട്ടൂരിനെ കുണ്ടന്നൂര്‍ ജംഗ്ഷനുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലം. കുണ്ടന്നൂര്‍ പുഴക്ക് കുറുകയൊണ് ഇത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്റെ വികസനത്തിന് ഒരു നാഴികക്കല്ലാവാന്‍ സാധ്യത ഏറെയുള്ളതാണ് പുതിയ സമാന്തരപാലം. ഈ ആവശ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു പതിറ്റാണ്ടിലേറെയായി നെട്ടൂര്‍ നിവാസികള്‍ നിരന്തര പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടൊണ് പാലം നിര്‍മ്മാണത്തിനുള്ള മണ്ണുപരിശോധന നടന്നത്. മണ്ണിന്റെ സാമ്പിള്‍ ശേഖരിക്കുന്നതിനായി യന്ത്രങ്ങളുമായാണ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ എത്തിയത്. മരട് നഗരസഭാ ചെയര്മാന് അഡ്വ. ടി.കെ. ദേവരാജന്‍, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ആന്റണി ആശാംപറമ്പില്‍, സി.ഇ. വിജയന്, സിബി മാസ്റ്റര്‍, സരള കൃഷ്ണന്, ഗ്രേസി സൈമണ്‍ തുടങ്ങിയവരും വിവിധ റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും നാട്ടുകാരും പരിശോധനാ സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: