തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ എം.ഒ.എച്ച്.ഫറൂഖ് അനുശോചനം രേഖപ്പെടുത്തി. പക്വതയാര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനും കഴിവുറ്റ സാമാജികനും സമര്‍ഥനായ ഭരണാധികാരിയുമായിരുന്ന ടി.എം.ജേക്കബ് സംസ്ഥാനത്തിന് നല്കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഏറ്റവും ദുഃഖകരമാണ് ജേക്കബ്ബിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ നാല്‍പ്പതിലേറെ വര്‍ഷങ്ങളായി നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മികച്ച പാര്ലമെന്റേറിയനായിരുന്ന ടി.എം.ജേക്കബ്ബിന്റെ വിയോഗം യുഡിഎഫിന് തീരാനഷ്ടമാണ്. ഒരു രൂപയ്ക്ക് അരിയും അപേക്ഷ നല്കുന്ന ദിവസം തന്നെ റേഷന്‍ കാര്‍ഡുകള്‍ നല്കുന്ന പദ്ധതിയും വിജയകരമായി അദ്ദേഹം നടപ്പിലാക്കി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ടി.എം.ജേക്കബ്ബിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ വളരെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. മികച്ച വാഗ്്മിയും പാര്ലമെന്റേറിയനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടോളമായി ജേക്കബ് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. നിയമസഭാ നടപടികളിലും പ്രവര്‍ത്തനങ്ങളിലും ഇത്രയധികം മാന്യത പ്രകടിപ്പിച്ച മറ്റൊരു നേതാവുണ്ടാകില്ല. മുരളീധരന് അനുസ്മരിച്ചു. കേരള നിയമസഭ കണ്ട ഏറ്റവും സമര്‍ഥനായ സാമാജികരില്‍ ഒരാളും മികച്ച ഭരണാധികാരിയുമായിരുന്നു ടി.എം. ജോക്കബെന്ന് കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് പറഞ്ഞു. യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായ ഒരു രൂപയ്ക്ക് അരി പദ്ധതി 100 ദിവസത്തിനകം നടപ്പാക്കാന്‍ പ്രത്യേക പ്രാഗത്ഭ്യം കാണിച്ച വ്യക്തിയായിരുന്നു ജേക്കബെന്ന് മന്ത്രി അനുസ്മരിച്ചു.
മന്ത്രിയെന്ന നിലയില്‍ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായി. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങള്‍ ആദ്യ ഘട്ടത്തില്‍ എതിര്‍ത്തവര്‍ക്കു പോലും പിന്നീട് അംഗീകരിക്കേണ്ടി വന്നു. മികച്ച സാംസ്കാരിക മന്ത്രിയായും അദ്ദേഹം ഭരണത്തില്‍ തിളങ്ങി. ഭരണത്തിലും വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന കാര്യത്തിലും രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന കൃത്യതയും പ്രാവീണ്യവും ജേക്കബ്ബിനുണ്ടായിരുന്നു. ജേക്കബ്ബിന്റെ മരണം കേരള രാഷ്ട്രീയത്തിനും കേരള സമൂഹത്തിനും കനത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് അനുശോചനം രേഖപ്പെടുത്തി. പക്വതയാര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനും മികവുറ്റ സാമാജികനും കഴിവുറ്റ ഭരണാധികാരിയുമായിരുന്ന ടി.എം.ജേക്കബ് സംസ്ഥാനത്തിന് നല്കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അടുത്ത സുഹൃത്തായിരുന്ന ടി.എം.ജേക്കബിന്റെ അകാല വേര്‍പാട് അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചതായി കേന്ദ്ര മന്ത്രി ഇ.അഹമ്മദ് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് മാത്രമല്ല സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങളുടെ ചലനങ്ങള്സൃഷ്ടിച്ച സമര്‍ഥനായ തേരാളിയായിരുന്നു ടി.എം.ജേക്കബെന്ന് തൊഴില്‍ മന്ത്രി ഷിബുബേബിജോണ്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. നിയമസഭ കണ്ട ഏറ്റവും മികച്ച പാര്ലമെന്റേറിയന്മാരില് പ്രഥമസ്ഥാനീയനാണ് അദ്ദേഹമെന്ന് മന്ത്രി കെ.സി.ജോസഫ് അനുസ്മരിച്ചു.
സമര്‍ഥനായ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണ് ടി.എം.ജേക്കബിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിവുറ്റ ഭരണാധികാരിയും ഊര്‍ജസ്വലനായ സാമാജികനുമായ ടി.എം.ജേക്കബ് ബഹുമുഖ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് മന്ത്രി കെ.ബാബു അനുസ്മരിച്ചു. ഏതു വകുപ്പ് കൈകാര്യം ചെയ്താലും അതില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ടി.എം.ജേക്കബ്ബിന്റെ പ്രാവീണ്യം അനിതരസാധാരണമാണെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എ.സി.ഷണ്മുഖദാസ്, സി.എം.പി നേതാവ് അഡ്വ.ജി.സുഗുണന്, ഫെഡറേഷന് ഓഫ് ഡെമോക്രാറ്റിക് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് ശൂരനാട് ചന്ദ്രശേഖരന്, കേരള ട്രേഡ് യൂണിയന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കല്ലട നെപ്പോളിയന്, കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി പി.പുഷ്പാംഗദ കുറുപ്പ്, ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് പി.അപ്പുക്കുട്ടന് നായര്‍, ജനറല്‍ സെക്രട്ടറി ഡി.വേണുഗോപാല്‍ എന്നിവരും അനുശോചിച്ചു. മാതൃകാ ഭരണാധികാരിയും മികച്ച പാര്‍ലമെന്റേറിയനുമായ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ തമിഴ് വിശ്വകര്‍മ സമൂഹം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ്.ശാന്താറാമും ജനറല്‍ സെക്രട്ടറി ആര്.എസ്.മണിയനും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: