ആലുവ: നിര്‍ദ്ദിഷ്ട കൊച്ചി മെട്രോ റെയില്‍ പദ്ധതി രൂപരേഖ പുനഃപരിശോധിക്കണമെന്നാവശ്യം ശക്തമാകുന്നു. കൊച്ചി മെട്രോ ആലുവയില്‍നിന്ന് ആരംഭിച്ച് 26 കി.മീറ്റര്‍ ദൂരത്തില്‍ പേട്ടവരെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. അതനുസരിച്ചുള്ള സ്കെച്ചും പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറുള്ള മിനി സിവില്സ്റ്റേഷന് സമീപത്തുനിന്നും ആരംഭിച്ച് റെയിലിന് സമാന്തരമായി പടിഞ്ഞാറ് വശത്തുകൂടി പുളിഞ്ചോട് കൂടി എന്‍എച്ച് 47ല്‍ കയറി നേരെ തെക്കോട്ട് പോകുന്ന തരത്തിലുള്ള ഒരു പ്ലാനാണ് ആദ്യം തയ്യാറാക്കിയത്.
ഇതനുസരിച്ച് മെട്രോ റെയില്‍ നടപ്പിലാക്കിയാല്‍ ഭൂമിശാസ്ത്രപരമായും ജനങ്ങള്‍ക്ക് മെട്രോയില്‍ യാത്രക്ക് സൗകര്യപ്രദവുമായ സാഹചര്യമായിരുന്നു. കാരണം ഈ ഭാഗത്ത് സ്ഥലം ഭൂരിഭാഗവും പുറമ്പോക്ക് ഭൂമിയും സര്‍ക്കാര്‍ സ്ഥാപനമായ മിനി സിവില്സ്റ്റേഷന്, ഗവ. ഹൈസ്കൂള്‍ പ്രദേശത്ത് മെട്രോ സ്റ്റേഷനുവേണ്ടി പുറമ്പോക്ക് ഭൂമിയുമുണ്ട്. കൂടാതെ ആലുവ സൗത്ത് ഓവര്‍ബ്രിഡ്ജ് മുതല്‍ റെയിലിന് പടിഞ്ഞാറ് ഭാഗത്തുകൂടി പുളിഞ്ചോടുവരെ ഏതാനും ചില വീടുകള്‍ മാത്രമേ മാറ്റേണ്ടതായിട്ടുള്ളൂ.
ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എന്നുള്ള നിലയ്ക്കും മെട്രോ റെയിലില്‍ യാത്ര ചെയ്യേണ്ടവര്‍ക്കും പ്രത്യേകിച്ച് ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്നതും പോകുന്നതുമായ യാത്രക്കാര്‍ക്കും ആലുവയുടെ വടക്കുഭാഗത്തുനിന്നും കിഴക്കുഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്കും സൗകര്യപ്രദമായിരിക്കുമെന്ന് ആന്റിഅലൈയ്മെന്റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ഇൗ പ്ലാനിന് മാറ്റം വരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ആലുവ പ്രൈവറ്റ് ബസ്സ്റ്റാന്റിന് മുന്‍വശത്തുനിന്നും ആരംഭിക്കാനുള്ള നിര്‍ദേശം വന്നിരിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണ്. എന്‍എച്ച് 47 റോഡില്‍ ഇപ്പോള്‍ പണിപൂര്‍ത്തീകരിച്ച ഫ്ലൈഓവര്‍ ഇതിന് വളരെയധികം തടസം സൃഷ്ടിക്കും. ഫ്ലൈഓവറിന്റെ കിഴക്കുവശത്തുള്ള കേവലം അഞ്ച് മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡാണ്. മെട്രോ റെയില്‍ പണിയണമെങ്കില്‍ ഇപ്പോഴുള്ള പ്രൈവറ്റ് ബസ്സ്റ്റാന്റിന്റെ പടിഞ്ഞാറുഭാഗം മുതല്‍ സര്‍വീസ് റോഡില്‍ വടക്കുനിന്നും തെക്കോട്ട് പുളിഞ്ചോടുവരെ പ്രൈവറ്റ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സും കച്ചവടസ്ഥാപനങ്ങളും വലിയ കെട്ടിടങ്ങളും പൊളിച്ചുകളയേണ്ടിവരും. അവരുടെയെല്ലാം ഉപജീവനമാര്‍ഗം നഷ്ടപ്പെടുകയും സ്ഥലമുള്‍പ്പെടെയുള്ള വലിയ സാമ്പത്തിക ചെലവ് പദ്ധതിക്ക് ഉണ്ടാവുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി, കേന്ദ്ര ഗതാഗതവകുപ്പ്, ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് എന്നിവര്‍ക്ക് നല്കിയ നിവേദനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: