കേരളത്തിലേക്ക് കള്ളനോട്ടുകളുടെ ഒഴുക്ക് വീണ്ടും സജീവമായിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ കള്ളനോട്ടു മാത്രമല്ല വാര്‍ത്തകള്‍ക്കാധാരം. നാട്ടിന്പുറങ്ങളാണ് കള്ളനോട്ടുകളുടെ വിപണനത്തിന് തിരഞ്ഞെടുക്കുന്നതെങ്കിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നുണ്ടെന്നു വേണം വിശ്വസിക്കാന്‍. കേരളത്തിലേക്ക് കള്ളനോട്ടുകള്‍ ഒഴുകുന്നുണ്ടെന്ന വിവരം വേണ്ടത്ര ഗൗരവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്തില്ലെന്ന പരാതി കഴിഞ്ഞ ദിവസം മലയാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ ഉന്നയിക്കുകയുണ്ടായി. എന്തു കൊണ്ടാണിതെന്ന് ബന്ധപ്പെട്ടവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. രണ്ടുമൂന്നു വര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു കണ്ടെയ്നര്‍ നിറയെ കള്ളനോട്ടു വന്നെന്ന വാര്‍ത്ത ജനങ്ങളില്‍ ആശങ്ക പരത്തിയെങ്കിലും അതിനെ കുറിച്ച് ആര്‍ക്കും ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല. കള്ളപ്പണം വന്നോ ? വന്നെങ്കില്‍ എത്ര ? എവിടേക്കു പോയി എന്ന വിശദവും വിദഗ്ധവുമായ അന്വേഷണമൊന്നും നടത്താനുള്ള ശ്രമമൊന്നും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. കള്ളനോട്ടുകള്‍ മാത്രമല്ല. കള്ളത്തോക്കുകളും കേരളതീരത്തിറക്കിയത് വിവാദമായിരുന്നു. ഒരു വിവാദ ഐജിയുടെ അടുത്ത ബന്ധുവുമായി ബന്ധപ്പെട്ട ഈ വിവാദവും വിരാമമിട്ടത് മതിയായ അറിവില്ലാതെയാണ്.
കള്ളനോട്ടുകളെത്തുന്നത് ഫിഷിംഗ്ബോട്ടുകള്‍ മറയാക്കി മാലിദ്വീപ് വഴിയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായും വാര്‍ത്തയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് അധികൃതര്‍ ജാഗ്രത പുലര്‍ത്തിയതോടെയാണ് കടല്‍ വഴി കള്ളനോട്ടുകളെത്തിക്കുന്നതെന്നാണ് നിഗമനം. മലയാളികളായ ഏജന്റുമാരാണ് കേരളത്തിലേക്ക് കള്ളനോട്ടുകളെത്തിക്കുന്നതിന് മാലിദ്വീപിലും ശ്രീലങ്കയിലും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭ്യമായ സൂചന. ഇന്ത്യന്‍ കറന്‍സി ഈ രാജ്യങ്ങളില്‍ എത്തിച്ചാല്‍ എത്തിക്കുന്ന സംഖ്യയുടെ നാലിരട്ടി തുകയുടെ കള്ളനോട്ടുകള്‍ ഏജന്റുമാര്‍ നിര്‍ദേശിക്കുന്ന കേരളത്തിലുള്ളവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വന്‍കിട കപ്പലുകള്‍വഴി ആഴക്കടലിലേക്ക് നോട്ടുകളടങ്ങിയ പെട്ടികള്‍ ആദ്യമെത്തിക്കും. ഇടപാടുകാര്ക്കുവേണ്ടിയുള്ള ഫിഷിംഗ് ബോട്ടുകളും ഇവിടേക്കെത്തും. ഈ ബോട്ടിലേക്ക് കള്ളനോട്ടുകളടങ്ങിയ പെട്ടി കൈമാറുകയാണ് ചെയ്യുന്നത്. ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെടുമെന്ന് ബോധ്യപ്പെട്ടാല്‍ പെട്ടികള്‍ കടലിലേക്കെറിഞ്ഞ് ബോട്ടിലുള്ളവര്‍ രക്ഷപ്പെടുന്ന തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും ബോധ്യമായിട്ടുണ്ട്. ശ്രീലങ്കയിലേക്ക് വ്യാപകമായി ഇന്ത്യന്‍ കറന്‍സി കടത്തുന്നവര് പകരമായി അവിടെനിന്നും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ഇന്ത്യന്‍ കറന്‍സി നല്കുമ്പോള് അതിന്റെ മൂന്നിരട്ടി തുകയ്ക്കുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് കൊണ്ടുവരുന്നത്. അനധികൃതമായ ഈ ഇടപാടുകളെല്ലാം വിവിധ ഏജന്‍സികളുടെ ഒത്താശയോടെയാണ് നടക്കുന്നത്.
കഴിഞ്ഞദിവസം കൊച്ചി സ്വദേശികളായ രണ്ടുപേരെ നാലര ലക്ഷത്തിലേറെ രൂപയുടെ ഇന്ത്യന്‍ കറന്‍സി കടത്തുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടുകയുണ്ടായി. വിദേശയാത്രയില്‍ ഒരാള്‍ക്ക് പരമാവധി 7500 ഇന്ത്യന്‍ രൂപവരെ മാത്രമേ നിയമാനുസൃതം കൊണ്ടുപോകാന്‍ കഴിയൂ. ഈ നിയമം അറിയില്ലായിരുന്നുവെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. എന്നാല്‍ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ പതിവായി വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവരാണ് ഇവരെന്ന് വെളിപ്പെടുകയും ചെയ്തു. നോട്ടിരട്ടിപ്പാണ് ഇവരുടെ യാത്രോദ്ദേശ്യമെന്ന് വ്യക്തമായിട്ടുണ്ട്. ബംഗ്ലാദേശ് വഴിയും കള്ളനോട്ടുകള്‍ വ്യാപകമായി കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ദുബായിയില്‍ നിന്നുമാണ് ബംഗ്ലാദേശിലേക്ക് നോട്ടുകളെത്തിക്കുന്നത്. അവിടെനിന്നും ഇത് പശ്ചിമബംഗാളിലെത്തിക്കും. ചില ബംഗ്ലാദേശികള്‍ തന്നെയാണ് പശ്ചിമബംഗാളികളാണെന്ന പേരില്‍ നിര്‍മാണ ജോലികള്‍ക്കായി കേരളത്തിലെത്തി കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ മുന്‍കൂറായാണ് ഇവരുടെ കൈവശം കൊടുത്തുവിടുന്നത്. കള്ളനോട്ടിന്റെയും കള്ളക്കടത്തിന്റെയും ഭീകരരുടെയും വിഹാരരംഗമായി ദൈവത്തിന്റെ നാട് മാറുന്നുവെങ്കില്‍ അതെന്തു കൊണ്ട് എന്നന്വേഷിക്കാനും പ്രതിവിധി കണ്ടെത്താനും കാര്യമായ ശ്രമം നടത്തിയേ പറ്റൂ. ഇല്ലെങ്കില്‍ ചെകുത്താന്മാരുടെ സംഹാരതാണ്ഡവമായിരിക്കും മലയാളികള്‍ക്ക് കാണാന്‍ കഴിയുക.
മുഖ്യമന്ത്രി ഇടപെടണം
സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശമ്പളം ഏതു ബാങ്കില്‍ കൂടി നല്‍കണമെന്നതിനെ കുറിച്ചുള്ള വിവാദം ശക്തിപ്പെട്ടിരിക്കുകയാണ്. ഇത് നിയമസഭയില്‍ കഴിഞ്ഞ ദിവസം വന്‍ ബഹളത്തിനു വരെ വഴി വച്ചു. തദ്ദേശ സ്ഥാപനങ്ങളിലെയും ക്ഷേമനിധി ബോര്‍ഡുകളിലെയും ശമ്പളം സ്വകാര്യ ബാങ്കുകള്‍ വഴി നല്‍കാനുള്ള ഉത്തരവുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് കോടികളുടെ അഴിമതിക്ക് വഴിവയ്ക്കുമെന്നും ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി അക്കൗണ്ട് വഴി നല്കിയാല് അഞ്ചു വര്‍ഷത്തിനകം ട്രഷറികളില്‍ 5000 കോടി രൂപയുടെയെങ്കിലും നിക്ഷേപമുണ്ടാകുമെന്നുമാണ് മുന്‍ധനകാര്യമന്ത്രി തോമസ്ഐസകിന്റെ വാദം. ട്രഷറികളെ ഒഴിവാക്കി സ്വകാര്യ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത് കേരളത്തിന്റെ വികസനത്തിന് ഒരു പങ്കും നല്‍കില്ല. പുതു തലമുറ ബാങ്കുകള്‍ക്ക് നമ്മുടെ പണം നല്‍കുന്നത് ശരിയല്ലെന്നും പ്രതിപക്ഷം വാദിക്കുന്നു.
പൊതു മേഖലാ ബാങ്കുകളില്‍ കൂടി മാത്രം ശമ്പളം വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ധനമന്ത്രി കെ.എം.മാണി പറയുന്നു. ഉത്തരവ് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ളതാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ക്ഷേമനിധി ബോര്‍ഡുകള്‍ക്കും വേണമെങ്കില്‍ ശമ്പളവും പെന്‍ഷനും നല്കാന് സ്വകാര്യ പുതുതലമുറ ബാങ്കുകളുടെ സേവനം ഉപയോഗപ്പെടുത്താമെന്നുമാണെന്ന് മന്ത്രി മാണി വിശദീകരിച്ചിട്ടുണ്ട്. ധനമന്ത്രിയുടെ വിശദീകരണം എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതല്ലെന്നതാണ് വസ്തുത. അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് സംശയദൂരീകരണം വരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: