മരട്: മാരിടൈം സര്‍വ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക സര്വ്വെനടപടികള് പ്രതിഷേധത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. സര്‍വകലാശാലാ ആസ്ഥാനം നിര്‍മിക്കാനായി കുമ്പളത്ത് 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ജോലികളാണ് പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ആരംഭത്തില്‍ത്തന്നെ നിര്‍ത്തിവെക്കേണ്ടിവന്നത്. ഭൂമി ഏറ്റെടുക്കലിനുമുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായി കളക്ടര്‍ നിയോഗിച്ച 6 അംഗസംഘം ഇന്നലെ രാവിലെയാണ് കുമ്പളത്തെയോഗപ്പറമ്പിനുസമീപത്ത് വന്നത്.
മാരിടൈം സര്‍വകലാശാലയുടെ ഉദ്യോഗസ്ഥനായ സന്തോഷ്. വി.വി.സര്‍ക്കാര്‍നിയോഗിച്ച സംഘാംഗങ്ങളായ മുന്‍സീനിയര്‍ ഹെഡ് സര്‍വെയര്‍മാരായ സദാനന്ദന്, ഭരതന്, സഹായികളായ ഹരിദാസ്, ഉണ്ണികൃഷ്ണന്, പവിത്രന്, കുട്ടന് എന്നിവരുമാണ് ഭൂമിഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ ഭാഗമായി കുമ്പളത്ത് എത്തിയത്. സര്‍വകലാശാലക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ഭൂമി അളന്നുതിരിക്കുവാന് തുടങ്ങിയത് എന്നറിഞ്ഞതോടെ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പ്രതിഷേധ സൂചകമായി മുദ്രാവാക്യം മുഴക്കി. വിവരം അറിഞ്ഞ് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി.
180ല്‍ പരം പട്ടികജാതികുടുംബങ്ങളും നാല്പതോളം ഇതര സമുദായാംഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് മാരിടൈം സര്‍വകലാശാലക്കുവേണ്ടി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ഇത് പ്രദേശത്തെ ജനങ്ങളെ ഒന്നാകെ കുടിയിറക്കുന്നതിനുള്ള ഗൂഢനീക്കമാണെന്നാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ പറയുന്നത്. ആചാര്യവിനോഭാ ഭൂദാന പദ്ധതി അനുസരിച്ച് 3 സെന്റുവരെ ഭൂമിലഭിച്ച 18 കുടുംബങ്ങള്‍ നഷ്ടപരിഹാരം പോലും ലഭിക്കാതെ സ്ഥലത്തുനിന്നും ഒഴിഞ്ഞുപോകേണ്ടിവരും, കാരണം ഇവര്‍ക്ക് കൈവശാവകാശ രേഖപോലും ലഭിച്ചിട്ടില്ല എന്നും നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നേതാക്കളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയും, ആക്ഷന്‍കൗണ്‍സിലുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാതെയും തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്ന് പോലീസിന്റെ സാനിധ്യത്തില്‍ തീരുമാനം ആയതിനെത്തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്. ജനങ്ങളെ കുടിയിറക്കിക്കൊണ്ടുള്ള ഒരു പദ്ധതിക്കും പിന്തുണ നല്‍കില്ലെന്ന് പഞ്ചായത്ത് ഭരണസമിതിയും പ്രഖ്യാപിച്ചു.
ഭൂമി ഏറ്റെടുക്കലിനെതിരെ കുമ്പളത്ത് കഴിഞ്ഞ ദിവസം ആക്ഷന്‍ കൗണ്സില്രൂപീകരണവും, വിശദീകരണയോഗവും വിളിച്ചുചേര്‍ത്തിരുന്നു. അഡ്വ.വര്‍ഗീസ് (ചെയര്മാന്) പി.പി.സന്തോഷ് (ജ.കണ്‍വീനര്‍ തുടങ്ങിയവരാണ് കൗണ്‍സില്‍ ഭാരവാഹികള്‍ ജനങ്ങളെ കുടിയിറക്കിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് 27ന് കുമ്പളം പ്രദേശത്ത് കരിദിനം ആചരിക്കുവാനും പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജോളി പൗവ്വത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: