നികുതിവെട്ടിച്ചും ഖജനാവ് കൊള്ളയടിച്ചും കമ്മീഷന്‍വാങ്ങി കൈക്കലാക്കിയും ഇന്ത്യയില്‍നിന്ന് കടത്തികൊണ്ടുപോയി വിദേശബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം എത്രയെന്ന് തിട്ടപ്പെടുത്താന്‍ ഇപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിനായിട്ടില്ല. നമ്മുടെ ഒരു ലക്ഷം കോടിയിലധികം രൂപ വിദേശത്ത് വിവിധ കേന്ദ്രങ്ങളിലായി അടച്ചുപൂട്ടിവെച്ചിരിക്കുന്നതിന്റെ ഓമനപ്പേരാണ് കള്ളപ്പണം. എന്തുകൊണ്ടവ തിരിച്ചെടുത്തുകൂടാ എന്ന ചോദ്യത്തിന് കുറ്റകരമായ മൗനവും കുറ്റക്കാരെ പഴുതടച്ച് സുരക്ഷിതമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയുടെ അന്ത്യശാസനവും ആവര്‍ത്തിച്ച് കണക്കുപറയിക്കാന്‍ നടത്തിയശ്രമങ്ങള്പോലും ഇവിടെ വേണ്ടത്ര ഫലപ്രദമായിട്ടില്ല. കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞ വിവരങ്ങളനുസരിച്ച് വിദേശത്ത് നടന്ന 9.900 ഇടപാടുകളും ഇന്ത്യയില്‍ നടന്ന 30,700 ഇടപാടുകളും സംശയകരമെന്ന് വ്യക്തമായിട്ടുണ്ട്.
എല്‍.കെ.അദ്വാനി നയിക്കുന്ന യാത്രാസംഘം മുന്നോട്ടുവെച്ചിട്ടുള്ള പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് കള്ളപ്പണം പുറത്തുകൊണ്ടുവന്ന് ജനങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തണം എന്നുള്ളതാണ്. കട്ടവന് കഴയ്ക്കും എന്ന നാടന്‍ ചൊല്ലനുസരിച്ച് കള്ളപ്പണക്കാര്യത്തിലെടുക്കുന്ന ഏത് നടപടിയും കടുത്ത വേദനയുണ്ടാക്കുക കോണ്ഗ്രസ്സിനായിരിക്കുമെന്നുറപ്പാണ്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്പ്പെട്ടുഴലുന്നവര്ത്തമാന സാഹചര്യത്തില്‍ കള്ളപ്പണത്തിന്റെ തിരിച്ചുവരവ് രാജ്യത്തിന്റെ സാമ്പത്തിക കുതിച്ചുചാട്ടത്തിനുള്ള ഒറ്റമൂലിയാണെന്ന് സാമ്പത്തിക വിദഗ്ധന്മാര് ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടിരിക്കയാണ്. എന്നിട്ടും കോണ്‍ഗ്രസ്സ് അതിനു തയ്യാറാകുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ലെന്നതാണ് ദു:ഖസത്യം.
കള്ളപ്പണക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും കള്ളപ്പണം തിരിച്ചെടുക്കാനും കേന്ദ്രഭരണാധികാരികള്‍ക്ക് ഒട്ടും താല്പര്യമില്ലെന്നകാര്യം പരമോന്നത നീതിപീഠമായ സുപ്രീംകോടതിയാണ് ഈയടുത്ത് തുറന്നുപറഞ്ഞിട്ടുള്ളത്. ഹസന് അലിഖാന്റെ വിദേശബാങ്ക് നിക്ഷേപം 36,000 കോടി വരുമെന്ന് എന്‍ഫോഴ്സ്മെന്റ് നേരിട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇയാളുടെ വിദേശ നിക്ഷേപം തിരിച്ചുകൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ഉത്തമ താല്പര്യത്തിന് അനിവാര്യമാണ്. 50,000കോടി നികുതി വെട്ടിപ്പ് നടത്തിയ ആളെന്ന നിലയില്‍ കുപ്രസിദ്ധനാണിദ്ദേഹം. ഇയാളെ ഇവിടെ എത്തിച്ചാല്‍ ആ പണം പൊതു ഖജനാവിലേക്കെത്തിക്കാന് തടസ്സവുമില്ല. ലോകമൊട്ടാകെ അറിയുന്ന പന്തയകുതിര കച്ചവടക്കാരനായ ഈ വെട്ടിപ്പ് വീരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍പോലും ബോധപൂര്‍വ്വം അമാന്തം കാട്ടിയ സര്‍ക്കാരാണ് രാജ്യത്തുള്ളത്. ഇയാളുടെ തട്ടിപ്പുകാര്യങ്ങള്‍ അന്വേഷിച്ച മൂന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരേയും ഇടയ്ക്കുവെച്ച് സര്‍ക്കാര്‍ മാറ്റകയും ചെയ്തു. ഇത്തരം കളങ്കിതരെ വെള്ളപൂശി സംരക്ഷിക്കാനാണ് യുപിഎ ഭരണകൂടം ശ്രമിക്കുന്നത്. ഈ നാട്ടില്‍ എന്താണ് നടക്കുന്നത് ? എന്ന സുപ്രീം കോടതി തന്നെ അലിഖാന്റെ കാര്യം ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ തലതാഴ്ത്തിപ്പോരേണ്ടിവന്നവരാണ് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ അധികാര കസേരകളിലുള്ളത്.
ഇന്ത്യയുടെ സമ്പത്തിന്റെ 40 ശതമാനത്തോളം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനം നടത്തിയ ചില സാമ്പത്തിക വിദഗ്ധന്മാര് ചൂണ്ടിക്കാട്ടിയ്ത്. ഇത് 30 ലക്ഷം കോടിയിലധികം രൂപവരുമെന്നും അവര്‍ പറയുന്നു. ഇതിന്റെ 3ല്‍ 1 ഭാഗമെങ്കിലും രാജ്യത്തേക്കെത്തിക്കാന്‍ കഴിഞ്ഞാന്‍ നമ്മുടെ സാമ്പത്തിക പ്രശ്നങ്ങളില്‍ ഭൂരിഭാഗവും പരിഹരിക്കാനാവുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. നമ്മുടെ വിദേശകടം വീട്ടാനും കഴിയും. ജര്‍മ്മന്‍ സര്‍ക്കാര്‍, സ്വിറ്റ് സര്‍ലന്റ് സര്‍ക്കാര്‍ തുടങ്ങിയ രാജ്യങ്ങള്‍ വിവരങ്ങള്‍ നല്‍കാനും നമ്മെ സഹായിക്കാനും തയ്യാറാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ കള്ളപ്പണം വെളിവാക്കുന്നതിന് അനുകൂലമായ നിയമ സാഹചര്യം സംജാതമായ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് കുറേ അധികം വിവരങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചിരിക്കയാണ്.
ഗ്ലോബല്ഫിനാന്ഷ്യല് ഇന്റഗ്രിറ്റി എന്ന സ്ഥാപനം നടത്തിയ കള്ളപ്പണ പഠനമനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ക്കിടയില്‍ 20,79,000 കോടി രൂപ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടത്തി ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി കാണുന്നു. ഇതെല്ലാം പകല്‍പോലെ വ്യക്തമായിട്ടും ഇരുട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തേക്കാള്‍ കള്ളപ്പണക്കാര്യത്തില്‍ കുറ്റക്കാരായി മറ്റാരെയാണ് ചൂണ്ടിക്കാട്ടേണ്ടതായിട്ടുള്ളത്? വിദേശരാജ്യങ്ങളിലെ 333 കള്ളപ്പണ നിക്ഷേപങ്ങളേകുറിച്ച് വിവരങ്ങള്‍ നല്കാന് ബന്ധപ്പെട്ട രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി പറയുന്നു. സുപ്രീം കോടതിയുടെ അന്ത്യശാസനവും പ്രതിപക്ഷത്തിന്റെ നിര്‍ബന്ധവും കാരണം മനസ്സില്ലാ മനസ്സോടെയാണ് കേന്ദ്രഭരണകൂടം ഇതിനു നിര്‍ബന്ധിതമായത്.
എന്തുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്രം അനങ്ങാപ്പാറ നയം സ്വീകരിച്ചു. ഇതൊക്കെ വെളിപ്പെട്ടാല്‍ നയതന്ത്രബന്ധങ്ങളും കരാര്‍ ലംഘനവുമുണ്ടാകുമെന്ന മന്‍മോഹന്‍സിംഗ് ഭരണകൂടത്തിലെ മുന്‍കാല നിലപാട് കപടമായിരുന്നുവെന്നല്ലേ ഇത് തെളിയിക്കുന്നത് ?
ബിജെപിയുടെ പ്രമുഖ നേതാക്കളായ അടല്‍ബിഹാരി വാജ്പേയിയും അദ്വാനിയും കഴിഞ്ഞ അര വ്യാഴവട്ടക്കാലമായി കള്ളപ്പണം പുറത്തുകൊണ്ടുവന്ന് അത് ഇന്ത്യയിലെ ജനങ്ങളുടെ പണമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. അന്താരാഷ്ട്ര നയം മാറ്റമുണ്ടാകുന്നതിനുമുമ്പ് അത് സാധിക്കുമായിരുന്നില്ല. 2009ലെ പൊതു തെരഞ്ഞെടുപ്പിലും എല്‍.കെ.അദ്വാനി ഏറ്റവും പ്രാധാന്യം നല്കി ഉയര്‍ത്തിക്കാട്ടിയ വിഷയം ഈ കള്ളപ്പണത്തിന്റെ ആഴവും വ്യാപ്തിയും അത് തിരിച്ചെടുക്കണമെന്ന ആവശ്യവുമായിരുന്നു. എന്നാല്‍ കള്ളപ്പണത്തിന്റെ സംരക്ഷകരും പ്രമോട്ടര്‍മാരും ഗുണഭോക്താക്കളുമൊക്കെയായ കോണ്‍ഗ്രസ്സ് സമര്‍ത്ഥമായി കുറ്റക്കാര്ക്കുവേണ്ടിയും സ്വയം രക്ഷയ്ക്കായും കരുക്കള്‍ നീക്കുകയായിരുന്നു. എല്‍കെ.അദ്വാനി നയിക്കുന്ന ജനചേതനാ യാത്ര കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ചരിത്രത്തിലിടം നേടാന്‍പോകുന്ന ഒരു മഹാസംഭവമായി മാറിക്കൊണ്ടിരിക്കയാണ്.
അഴിമതി മാത്രമല്ല കള്ളപ്പണപ്രശ്നവും പുറത്തുകൊണ്ടുവരുന്നതില്‍ സിഎജിയുടെ ശ്രമങ്ങള്‍ ഗുണഫലമുളവാക്കിയിട്ടുണ്ട്. റിലയന്‍സിന് വഴിവിട്ട കേന്ദ്രസഹായം വഴി 1.20 ലക്ഷം കോടി ലഭിച്ചതായി സിഎജിയാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 34145 കോടി കയുടെ നികുതി വെട്ടിപ്പ് കണ്ടുപിടിക്കാന്‍ മുന്‍കൈയ്യെടുത്തതും പ്രശ്നം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി മാറിയതുകൊണ്ടാണ്. കള്ളനോട്ട് വരവ് തടയാന്‍ കഴിഞ്ഞതിലും ജനങ്ങളുടെ ജാഗ്രത ഗുണം ചെയ്തിട്ടുണ്ട്.
ടാക്സ് ഫോര്‍സ് ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി ആന്റ് ട്രാന്‍സ്പേരന്‍സി എന്നൊരു സംവിധാനം ഉണ്ടാകുമെന്ന് ബഡ്ജറ്റില്‍ ധനമന്ത്രി പ്രസ്താവിച്ചിരുന്നതാണ്. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. നമ്മുടെ കടം അടച്ചുതീര്‍ക്കാനോ തദ്ദേശിയ കടങ്ങള്‍ വീട്ടാനോ യുപിഎ ഭരണകൂടം ഫലപ്രദമായി യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കാതെയും ക്രയശേഷി നഷ്ടപ്പെട്ടും നരകയാതന അനുഭവിക്കുന്ന മനുഷ്യരുടെ എണ്ണം വളരെ വലുതാണ്. ഇന്ത്യയില്‍ ഒട്ടാകെയുള്ള ഉല്പാദനത്തില് ഏതാണ്ട് 40 ശതമാനം കാര്‍ഷികോല്‍പ്പന്നങ്ങളും നശിച്ചുപോകുന്നു എന്നു ഇന്ത്യന്‍ ധനമന്ത്രിതന്നെ സമ്മതിക്കുന്നു. ആഭ്യന്തരവളര്ച്ചയും കാര്‍ഷിക വളര്‍ച്ചയും കനത്ത തിരിച്ചടികള്‍ നേരിടുന്ന ദുരവസ്ഥയിലാണുള്ളത്. അഴിമതിയും കുംഭകോണങ്ങളും നാടിനെ കാര്‍ന്നുതിന്നുന്നു. ഇതിനെല്ലാമുത്തരവാദികളായ ഭരണ രാഷ്ട്രീയ ഉദ്യോഗസ്ഥ കള്ളപ്പണ മാഫിയകളെ തുറന്നുകാട്ടുകയും ചെറുത്തു തോല്പിക്കുകയും ചെയ്യേണ്ടതുണ്ട്. ജനചേതനയാത്രയുടെ പ്രഖ്യാപിത ലക്ഷ്യം ഇതുതന്നെയാണ്. അദ്വാനിജീയുടെ യാത്രാസംഘത്തിന് ലക്ഷ്യപ്രാപ്തി നേടാനാകട്ടെ എന്നാശംസിക്കാം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: