തൃശൂര്‍ : സര്‍ക്കാരിന് ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ ഇടമലയാര്‍ കോവില്‍ വലതുകര (തുമ്പൂര്‍മൂഴി) കനാല്‍ നിര്‍മാണ അഴിമതി കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഡിവൈഎസ്പി ആര്.ജ്യോതിഷ്കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇടമലയാര്‍ ഇറിഗേഷന്‍ 2 ചാലക്കുടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സെയിലേഷ് ഒന്നാം പ്രതിയായി 60പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നാലായിരം പേജുള്ള കുറ്റപത്രത്തില്‍ 39 പേര് കരാറുകാരും ബാക്കിയുള്ളവര്‍ ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമാണ്. വെള്ളിക്കുളങ്ങര സ്വദേശി പിസി ജേക്കബ് 2004ല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. 2005ലായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
അന്ന് ഡിവൈഎസ്പിയായിരുന്ന പരേതനായ മോഹനനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി, വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ നടത്തിയതായി ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കനാല്‍ നിര്‍മ്മാണത്തിലെ 42 ജോലികളിലാണ് അഴിമതി നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളത്. 15 ലക്ഷം രൂപയുടെ മുകളിലുള്ള ജോലികള്‍ക്ക് കരാര്‍ നല്കാന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അധികാരമില്ല. എന്നാല്‍ ഇവ ലംഘിച്ച് 42 ജോലികളായി മാറ്റി കരാറുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇതിനു പുറമെ കനാല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച സിമന്റ്, മണല്‍, കരിങ്കല്ല് എന്നിവയില്‍ വ്യാപകമായ വെട്ടിപ്പ് നടന്നിട്ടുള്ളതായും കെമിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളതായും വിജിലന്‍സ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: