കേരളത്തിലെ ജയിലുകളില്‍ തടവുകാരില്‍ ചിലര്അന്താരാഷ്ട്ര ഭീകരരുമായി സാറ്റ്ലൈറ്റ് ഫോണ്‍വഴി ബന്ധപ്പെടുന്നുവെന്ന വാര്‍ത്ത വളരെ ആശങ്കാജനകമാണ്. ഇത് ഇന്ത്യയുടെതന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എഡിജിപി റിപ്പോര്‍ട്ട്. കേരളത്തിലെ ജയിലുകളില്‍ അടയ്ക്കപ്പെടുന്ന തടവുകാരില്‍ പലരും രാഷ്ട്രീയ-സാമുദായിക പിന്തുണയുള്ളവരാണ്. ഭീകരവാദികളെന്ന് തെളിയിക്കപ്പെട്ടവര്പോലും ജയിലില്‍ അടയ്ക്കപ്പെടുന്നതിനെതിരെ മുറുമുറുപ്പുണ്ട്. രാഷ്ട്രീയ തടവുകാരില്‍, പ്രത്യേകിച്ച് ഇടതുപക്ഷ അനുഭാവികളായ തടവുകാര്‍, കണ്ണൂര്‍ പോലുള്ള ജയിലുകളില്‍ സ്വേഛാഭരണം നടത്തുന്നുവെന്നും അപ്രമാദിത്വം കാണിക്കുന്നുവെന്നും മറ്റും പോലീസ് മേധാവികള്‍തന്നെ തുറന്ന് സമ്മതിക്കാറുള്ള വസ്തുതയാണ്. ഇക്കൂട്ടര്‍ക്കെല്ലാം എല്ലാവിധ സൗകര്യങ്ങളും ഫോണ്‍, മദ്യം, മയക്കുമരുന്ന് മുതലായവ എത്തിച്ചുകൊടുക്കാനും സംവിധാനമുണ്ട് എന്നതും പൊതു അറിവാണ്. മൊബെയില്‍ വന്ന കാലം മുതല്‍ ജയിലുകളില്‍ ചില തടവുപുള്ളികള്‍ മൊബെയില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ പക്ഷേ വെളിച്ചത്ത് വന്നിരിക്കുന്നത് ഈ തടവുകാരിലെ ഭീകരരുടെ ഇടപെടലുകളാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ 150 ഫോണുകളില്‍നിന്നും 3500 ഫോണ്‍ വിളികളാണ് പോയിരിക്കുന്നത്.
ഫോണ്‍കോളുകളില്‍ പലതും പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് പോലുള്ള വിദേശ രാജ്യങ്ങളിലേക്കാണ്. ഉപഗ്രഹ ഫോണ്‍ പോലും നിരന്തരം ഉപയോഗിക്കുന്ന തരത്തില്‍ തീവ്രവാദ ശൃംഖലകള്‍ ശക്തിപ്രാപിച്ചിരിക്കുന്നുവത്രെ. ജയിലില്‍ ഇരുന്ന് വന്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ബന്ധങ്ങളും സംവിധാനങ്ങളും ഇവര്‍ ഫോണ്‍വഴി തരപ്പെടുത്താം. കേരളത്തില്‍നിന്നും പല ഭീകരവാദികളും കാശ്മീര്‍ അതിര്‍ത്തിയിലും മറ്റും പിടിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത തെളിയിക്കുന്നത് കേരളത്തില്‍ ഒരു ഭീകരവാദ ശൃംഖല ശക്തിപ്രാപിക്കുന്നുവെന്നുതന്നെയാണ്. അതോടൊപ്പം മാവോയിസ്റ്റ് പോരാട്ടവും കേരളത്തില്‍ ശക്തിനേടുകയാണ്. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈവിധ കാര്യങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തുന്നില്ല. കണ്ണൂര്‍ ജയിലില്‍ മൊബെയില്‍ ജാമറുകള്‍ ഉപ്പിട്ട് നശിപ്പിച്ചതായി കണ്ടപ്പോള്‍ ജയില്‍ അധികൃതര്‍ ചില തടവുകാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ജയില്‍ അധികൃതരെ സസ്പെന്റ് ചെയ്തു. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ജയിലുകള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരിശോധനാ വിധേയമാക്കുമെന്നും ജയിലിലെ ഫോണ്‍ ദുരുപയോഗം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയോട് ആവശ്യപ്പെടുമെന്നുമാണ്. സുപ്രധാന ശ്രദ്ധ അര്‍ഹിക്കുന്ന വസ്തുതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: