ബീജിംഗ്: ആറായിരത്തിനാനൂറ് കിലോമീറ്റര്‍ നീളത്തില്‍ 11 പ്രവിശ്യകളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചൈനയിലെ വന്മതിലിന്റെ ചില ഭാഗങ്ങള്‍ ഇടിയാന്‍ തുടങ്ങിയിരിക്കുന്നു. തലസ്ഥാനമായ ബീജിങ്ങിന് 200 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ഹെബക് പ്രവിശ്യയിലെ ലെ യുവാന്‍ പ്രദേശത്താണ് ചെറിയ ചില ഖാനികളുടെ പ്രവര്‍ത്തനം വന്മതിലിന് ഭീഷണിയാവുന്നത്. ചെമ്പ്, ഇരുമ്പ്, മോളിബ്ഡിനം, നിക്കല്‍ എന്നിവയുടെ ധാതുക്കള്‍ ശേഖരിക്കുന്നവയാണ് ഈ ചെറുഖനികള്. ഇവയില്‍ ചിലത് മതിലിന്റെ 100 മീറ്റര്‍ താഴെവരെ കുഴിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിക്കുന്നു. ഇവയ്ക്കെല്ലാം പെര്മിറ്റുകളുള്ളതിനാല് നടപടികളെടുക്കാന്‍ കഴിയുന്നില്ലെന്ന് ചൈന വന്മതില് സൊസൈറ്റി ചെയര്‍മാനായ ഡോങ്ങ് കാവോഗി അറിയിച്ചു. ധാതുക്കള്‍ ഖാനനം ചെയ്യുന്നതിന്റെ അധികാരം ലാന്‍ഡ് റിസോഴ്സ് ബ്യൂറോയുടെ കീഴിലാണ്. അവര്‍ നല്കുന്ന ലൈസന്‍സുണ്ടെങ്കില്‍ ധാതുഖനനം നടത്താവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ലൈസന്‍സുകള്‍ നല്കുമ്പോള് അവര്‍ വന്മതില് ഘടകമായി കണക്കാക്കുകയോ സാംസ്ക്കാരിക പൈതൃക വകുപ്പുമായി ആലോചിക്കാറോ ഇല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നല്കുന്ന ഖാനന അനുമതി ദേശീയ സ്മാരകമായ ചൈനയുടെ മതിലിനു ഭീഷണിയാവുന്നത്. ഇത്തമൊരു സാഹചര്യത്തില്‍ വന്മതിലിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സാംസ്ക്കാരിക പൈതൃക വകുപ്പ് പണം ചെലവഴിക്കുകയാണ്. എന്നാലും ഇത്തരം പണികള്‍ ചെയ്യുന്നതുകൊണ്ടുമാത്രം വന്‍ മതിലിന്റെ ശക്തിക്ഷയം തടയാനാവില്ല. മതിലിന്റെ ഇത്ര പരിധിക്ക് അകത്ത് ഖാനനം ചെയ്യാന്‍ പാടില്ലെന്ന നിയമമുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ഡോങ്ങ് പറഞ്ഞു.
ചൈനയിലെ വന്മതിലിന് ഭീഷണി ഉയരുന്നത് ഇത് ആദ്യമായല്ല. 1937-45 ല്‍ ചൈന ജപ്പാന് യുദ്ധത്തില്‍ മതില് തകര്‍ന്നു. സമീപപ്രദേശത്തെ ഗ്രാമീണര്‍ അതിന്റെ കല്ലെടുത്ത് 1950 ലും അറുപതുകളിലും വീടുകളും റോഡുകളുമുണ്ടാക്കി. 2006 ല്‍ ചൈനയിലെ വന്മതിലിന് കേടുവരുത്തുന്ന നടപടികള്‍ ചൈന നിരോധിച്ചുവെങ്കിലും അത് വിദൂരപ്രദേശങ്ങളില്‍ ഇപ്പോഴും പ്രാബല്യത്തില്‍ വന്നിട്ടില്ല.
സാംസ്ക്കാരിക പൈതൃക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ വന്മതിലിന്റെ 70 ശതമാനവും തകര്‍ച്ചയിലാണ്. 20 ശതമാനം മാത്രമാണ് നല്ല രീതിയില്‍ തുടരുന്നതെന്ന് സിന്‍ഹുവ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: