തിരുവനന്തപുരം: കോഴിക്കോട്ട് എസ്എഫ്ഐ സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മീഷണര്‍ കെ. രാധാകൃഷ്ണപിളളയെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ സര്‍ക്കാര്‍ നടപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാധാകൃഷ്ണപിള്ളയെ സസ്പെന്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു.
സംഘര്‍ഷ സ്ഥലത്തു വൈകിയെത്തിയ എസിപിക്കു സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ തെറ്റു പറ്റിയതായി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവയ്പ് ഒഴിവാക്കാമായിരുന്നു എന്നും അഡീഷണല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട്ടെ വെടിവയ്പിനെ ന്യായീകരിച്ചായിരുന്നു നേരത്തെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഡിജിപി റിപ്പോര്‍ട്ട് അത്തരത്തിലായതിനാലാണ് പോലീസിനു പുറത്തുള്ള ഒരാളെക്കൊണ്ട് അന്വേഷണം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് ഇടതു സര്‍ക്കാരിന്റെ കാലത്ത് എസ്പി സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത് വിവാദങ്ങളുണ്ടാക്കാനല്ല, പ്രശ്നങ്ങള്‍ തീര്‍ക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളക്കെതിരായ നടപടി തൃപ്തികരമല്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സഭയില്‍ പറഞ്ഞു. വെറുതെ ഒരു നടപടിയെടുത്തു തടിതപ്പാനാണ് സര്‍ക്കാരിന്റെ ശ്രമം. പിള്ളയെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്്ക്കേണ്ട കാര്യമില്ലെന്നു ചട്ടം ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദും പറഞ്ഞു. സര്‍ക്കാര്‍ രാധാകൃഷ്ണപിള്ളയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: