തിരുവനന്തപുരം: കോഴിക്കോട് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഐസ്ക്രീം കേസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള കോടതിയില്‍ നല്‍കിയത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജെയ്സണ്‍ എബ്രഹാമിന്റെ റിപ്പോര്‍ട്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാധാകൃഷ്ണപിള്ള കൊടുത്ത അന്വേഷണ റിപ്പോര്‍ട്ട് കോടതി നിരാകരിച്ച സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് കെ.കെ.ലതികയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ചു കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണ പിള്ളയുടെ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടത്. രാധാകൃഷ്ണപിള്ളയെ കോഴിക്കോട് നോര്‍ത്ത് എ.എസ്.പിയായി നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്നു ലതിക ആരോപിച്ചു.
പെണ്‍കുട്ടികള്‍ മാത്രമല്ല സംഭവത്തിന് ദൃക്സാക്ഷികളെന്ന് കരുതുന്ന രണ്ട് പേരും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട് റൗഫ് നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്നും ലതിക ആവശ്യപ്പെട്ടു. എന്നാല്‍ ഐസ്ക്രീം കേസുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ വ്യക്തമാക്കി. ഈ കേസ് രാധാകൃഷ്ണപിള്ള അന്വേഷിച്ചിട്ടില്ലെന്നും പിള്ള കോടതിയില്‍ നല്‍കിയത് ജെയ്സണ്‍ എബ്രഹാം അന്വേഷിച്ച റിപ്പോര്‍ട്ടാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
1996ല്‍ സംഭവം നടക്കുമ്പോള്‍ സംസ്ഥാനം ഭരിച്ചിരുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അതിനു ശേഷം ഒമ്പതു വര്‍ഷം ഇടതുമുന്നണി സര്‍ക്കാരാണ് കേരളം ഭരിച്ചത്. അക്കാലത്തൊന്നും പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു യാതൊരു ദുരൂഹതയും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കെ.എ. റൗഫും ചേര്‍ന്നാണ് ഇപ്പോള്‍ കേസ് കുത്തിപ്പൊക്കി തനിക്കെതിരേ തിരിക്കുന്നതെന്നു മന്ത്രി കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: