ലണ്ടന്‍: വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരന് ജൂലിയന്‍ ബാര്‍ണസിന് 2011ലെ മാന്‍ ബുക്കര്‍ പ്രൈസ്. ദ് സെന്‍സ് ഒഫ് ആന്‍ എന്‍ഡിങ് എന്ന നോവലാണ് ജൂലിയനെ ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇതിന് മുന്‍പ് മൂന്നു തവണ ഇദ്ദേഹത്തിനു ബുക്കര്‍ നോമിനേഷന് ലഭിച്ചിരുന്നു. 50,000 പൗണ്ടാണ് സമ്മാനത്തുക.
അറുപത് വയസുകഴിഞ്ഞ ഒരു മനുഷ്യന്റെ ഭൂതകാലം വിവരിക്കുന്ന ഒരു കത്ത് അപ്രതീക്ഷിതമായി ലഭിക്കുന്നതും അതേതുടര്ന്ന് മുടിവയ്ക്കപ്പെട്ട സത്യങ്ങളെ നേരിടേണ്ടി വരുന്നയാളുടെ മനോവ്യഥയുമാണ് ‘ദി സെന്‍സ് ഒഫ് ആന്‍ എന്‍ഡിംഗ്’ലൂടെ ബാണ്‍സ് വിവരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരാശിയെക്കുറിച്ചു 150 പേജുള്ള ഈ നോവല്‍ സംസാരിക്കുന്നുവെന്നുവെന്ന് പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷ ഡെയിം സ്റ്റെല്ല റിമിങ്ടണ്‍ അഭിപ്രായപ്പെട്ടു.
1946ല്‍ ലെസസ്റ്ററില്‍ ജനിച്ച ജൂലിയന്‍ ഓക്സ്ഫോര്‍ഡില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിരവധി നോവലുകളും ചെറുകഥകളും ലേഖനങ്ങളും വിവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 2008ല്‍ അന്തരിച്ച പത്നി പാറ്റ് കാവനാഗയ്ക്കാണു ബുക്കര്‍ പുരസ്കാരം ലഭിച്ച പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
കരോള്‍ ബിര്‍ച്ച് (ജംറാക്സമെനെജരീ), എ.ഡി.മില്ലര്‍ (സ്നോ ഡ്രോപ്സ്), സ്റ്റീഫന്‍ കെല്മന് (വിജിയന് ഇംഗ്ലീഷ്), പാട്രിക് ഡെവിറ്റ് (ദ ഡിസ്റ്റേഴ്സ് ബ്രദേഴ്സ്), ഇസി എഡുഹിയന് (ഹാഫ് ബ്ലഡ് ബ്ലൂസ്) എന്നിവരാണ് അവസാന റൗണ്ടില്‍ ബാണ്‍സിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: