അണ്ണാഹസാരെ മൗനവ്രതത്തിലാണ്. മനശ്ശാന്തിക്കായി ഒരാഴ്ച നീളുന്ന മൗനവ്രതം. ലോക്പാല്‍ ബില്ലിനുവേണ്ടി നടത്തിയ സത്യഗ്രഹത്തിനുശേഷവും ജനങ്ങളുമായി നിരന്തരം ഇടപെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് വ്രതം. ഹസാരെ മൗനത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഘത്തിലുള്ളവര്‍ ബഹളത്തിലാണ്. രാജി, വിഘടനവാദ പ്രസ്താവന, വിവാദപ്രചരണം, പരസ്പരം പഴിചാരല്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തി സംഘത്തില്‍ തന്നെ കലാപക്കൊടി ഉയരുന്ന സൂചനയാണ് ലഭിക്കുന്നത്. അണ്ണാഹസ്സാരെയുടേത് എന്ന പേരില്‍ സംഘാംഗങ്ങള്‍ ഓരോരുത്തരും തങ്ങളുടെ നിലപാടുകള്‍ പറഞ്ഞുതുടങ്ങി. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നീക്കം നടത്തുന്നവരുടെ വെട്ടില്‍ വീഴുകയാണോ ഹസാരെ സംഘമെന്ന സംശയവും ഉയരുന്നു. അഴിമതിയ്ക്കും കള്ളപ്പണത്തിനും എതിരെ താന്‍ നയിച്ച പ്രക്ഷോഭത്തെ ആര്‍എസ്എസിന്റെ പിന്തുണ കളങ്കപ്പെടുത്തിയെന്ന് ഹസാരെ പറഞ്ഞതായി പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ സംഘാംഗങ്ങളാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം എന്തായാലും പ്രസ്താവന അപലപനീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അല്ലെങ്കില്‍ ആര്‍എസ്എസിന്റെ പിന്തുണകൊണ്ട് എങ്ങനെ അദ്ദേഹത്തെ നിരാഹാരവും സമരവും കളങ്കപ്പെട്ടുഎന്ന് വ്യക്തമാക്കപ്പെടണം. ഹസാരെയുടെ സമരവേദിയില്‍ കയറിനിന്ന് പിന്തുണ പ്രഖ്യാപിക്കാന്‍ ഇല്ലായിരുന്നുവെങ്കിലും സാധാരണക്കാരായ ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാംലീലാ മൈതാനത്തും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ സന്നിഹിതരായിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസിനെതിരെ ഹസാരെയുടേതെന്ന വിധത്തില്‍ വന്ന വാര്‍ത്ത സാധാരണ ജനത്തെ അസ്വസ്ഥരാക്കും.
അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അണ്ണാ ഹസാരെ സംഘത്തില്‍നിന്നും ഇന്നലെ രണ്ടുപേര്‍ രാജിവച്ചിട്ടുണ്ട്. ഏക്താ പരിഷത് നേതാവും മലയാളിയുമായ പി.ബി. രാജഗോപാലും രാജേന്ദ്ര സിംഗും ആണിവര്‍. അണ്ണാസംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്രിവാള് ഏകപക്ഷീയമായി തീരുമാനങ്ങള്‍ ഏടുക്കുന്നുവെന്നാരോപിച്ചാണ് രാജി. കോര്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ വരുന്ന പല പ്രസ്താവനകളും തങ്ങളുടേതായി പറയേണ്ടി വരുന്നുവെന്ന് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിസാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന, ശാന്തിഭൂഷണന്റെ ജമ്മു കശ്മീര്‍ പ്രസ്താവന തുടങ്ങിയവ ഇതിനുദാഹരണായി ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസിനെതിരെ വന്ന പ്രസ്താവനയും ഇത്തരത്തിലുള്ളതായിരുന്നോ എന്നതാണ് ഇനി തെളിയേണ്ടത്. പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയെത്തുടര്‍ന്ന് അണ്ണാ സംഘത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ മറനീക്കി പുറത്തുവരുന്നുവെന്നാണ് രണ്ട് പ്രമുഖ അംഗങ്ങളുടെ രാജി സൂചിപ്പിക്കുന്നത്. എന്നാല്‍ സംഘാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഹസാരെ നിഷേധിച്ചതായും ഇന്നലെ വാര്‍ത്തവന്നു. തങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നും തനിക്കും സംഘത്തിനുമെതിരെ വരുന്ന വാര്‍ത്തകള്‍ തങ്ങളെ ബാധിക്കില്ലെന്നും മൗനവ്രതം തുടരുന്ന ഹസാരെ തന്റെ ബ്ലോഗിലൂടെ അറിയിക്കുകയായിരുന്നു. ബ്ലോഗില്‍ കുറിപ്പെഴുതിയത് ഹസാര തന്നെയോ എന്ന സംശയം ആരെങ്കിലും പ്രകടിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല. രണ്ട് അംഗങ്ങളുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നുമാണ് അരവിന്ദ് കെജ്രിവാളും പറയുന്നത്.
അരവിന്ദ് കെജ്രിവാള്, പ്രശാന്ത്ഭൂഷണ്, ശാന്തിഭൂഷണ്‍, കിരണ്‍ബേദി, സന്തോഷ് ഹെഗ്ഡെ, മനീഷ് സിസോദിയ, രാജഗോപാല്‍ തുടങ്ങി 24 പേരടങ്ങുന്ന കോര്‍ ഗ്രൂപ്പാണ് ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്. പരസ്പര പ്രസ്താവനകള്‍ പല സന്ദര്‍ഭങ്ങളിലും ഇവര്‍ നടത്തിയിട്ടുണ്ട്. ജനലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ തുടക്കംമുതല്‍ പലഘട്ടങ്ങളിലും ഭിന്ന നിലപാടെടുത്ത സ്വാമി അഗ്നിവേശിനെ നേരത്തേതന്നെ ഹസാരെ സംഘം തഴഞ്ഞിരുന്നു. ഹസാരെ സംഘത്തില്‍ ജനാധിപത്യമില്ലെന്നാരോപിച്ച് അഗ്നിവേശ് വീണ്ടും രംഗത്തെത്തി. എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്നവരെ ഒറ്റപ്പെടുത്തിപുറത്താക്കാന് ഹസാരെ സംഘത്തിലെ ചിലര്‍ ശ്രമിക്കുന്നതായിട്ടാണ് അദ്ദേഹത്തിന്റെ ആരോപണം. ഹിസാര്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിനോടും അഗ്നിവേശ് വിയോജിച്ചു. ഹസാരെയും കെജ്രിവാളുമാണ് തീരുമാനങ്ങളെല്ലാമെടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിന്നീട്, ദല്‍ഹിയിലെ രാംലീലാ മൈതാനത്ത് ഹസാരെ നടത്തിയ നിരാഹാരസമരം വിജയത്തിലെത്തുമ്പോള്‍ ‘അണ്ണയാണ് ഇന്ത്യ, ഇന്ത്യയാണ് അണ്ണ’ എന്ന കിരണ്‍ബേദിയുടെ പ്രസ്താവനയും വിവാദമായിരുന്നു. തങ്ങള്‍ അങ്ങനെ കരുതുന്നില്ലെന്ന് അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
ചെറിയ സ്വരച്ചേര്‍ച്ചകള്‍ കാര്യമായി ബാധിക്കാതെ മുന്നോട്ടുപോകുമ്പോഴാണ് ഹിസാറിലെ തിരഞ്ഞെടുപ്പ് പ്രചാരണവും പ്രശാന്ത് ഭൂഷന്റെ കാശ്മീര്‍ പരാമര്‍ശവും ചര്‍ച്ചയാവുന്നത്. ഹിസാറില്‍ കോണ്‍ഗ്രസ്സിനെതിരെ പ്രചാരണം നടത്തിയതിനെ ലോക്പാല്‍ സമിതിയില്‍ പൊതുസമൂഹപ്രതിനിധിയായി ഹസാരെയ്ക്കൊപ്പമുള്ള സന്തോഷ് ഹെഗ്ഡെ വിമര്‍ശിച്ചിരുന്നു. ഹസാരെ പാര്‍ലമെന്റിനും മുകളിലാണെന്ന തരത്തില്‍ കെജ്രിവാള് നടത്തിയ പ്രസ്താവനയോടും ഹെഗ്ഡെ വിയോജിച്ചു. ഹിസാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് തറപറ്റിയതിന് പിന്നില്‍ ഹസാരെ സംഘത്തിന്റെ പ്രവര്‍ത്തനവും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല. ബിജെപി പിന്തുണച്ച ഹരിയാന ജനഹിത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഇവിടെ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് മൂന്നാംസ്ഥാനത്തേക്ക് പോയി കെട്ടിവച്ചകാശ് നഷ്ടപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുമെന്ന് പ്രസ്താവന നടത്തി പ്രചരണ രംഗത്ത് വന്നെങ്കിലും ഇടയ്ക്കിടെ ബിജെപിയെ കുറ്റംപറഞ്ഞും നിലപാടില്‍ അയവുവരുത്തിയും അണ്ണാസംഘം പ്രവര്‍ത്തിച്ചത് വിമര്‍ശനവിധേയമായിട്ടുണ്ട്. ജയിച്ച സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്ണോയ് ഹസാരെ സംഘത്തിന്റെ മിടുക്കല്ല തന്റെ ജയത്തിന് കാരണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനം ജനങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ കൂടെ നില്ക്കുന്നവര് സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ സ്വാര്‍ത്ഥ നിലപാടുകളെടുത്താല്‍ പ്രതീക്ഷ വാടിപ്പോകും എന്ന് പറയാതെ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: