ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തറപറ്റി. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസ്സാര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി പിന്തുണയോടെ ഹരിയാന ജനഹിത് കോണ്‍ഗ്രസ് (എച്ച്ജെസി) സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്ണോയ് വന്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയപ്രകാശിന് കെട്ടിവെച്ച കാശുപോയി.
ഐഎന്‍എല്‍ഡിയിലെ അജയ് ചൗത്താലയെ 6,323 വോട്ടുകള്‍ക്കാണ് ബിഷ്ണോയ് തോല്‍പ്പിച്ചത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളുള്ള ഹിസ്സാറില്‍ ബിഷ്ണോയിയും അജയ് ചൗത്താലയും തമ്മില്‍ കടുത്ത മത്സരം നടന്നു. ആറിടങ്ങളില്‍ ബിഷ്ണേയ് ബഹുദൂരം മുന്നിലായിരുന്നു. ഹിസ്സാറിലെ വിജയത്തിന് താന്‍ കടപ്പെട്ടിരിക്കുന്നത് പിതാവ് ഭജന്‍ ലാലിനോടും സഖ്യകക്ഷിയായ ബിജെപിയോടുമാണെന്ന് ബിഷ്ണോയ് അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 13നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. 69 ശതമാനമായിരുന്നു പോളിംഗ്. ലോക്പാല്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസിനെതിരെ ഹസാരെ സംഘം പ്രചാരണത്തിനിറങ്ങിയിരുന്നു. 146 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ഖടക്വാസ്ല നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനാ പിന്തുണയോടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ഭീം റാവു തപ്കീര് വന്‍ വിജയം നേടി. ഭരണസഖ്യമായ കോണ്‍ഗ്രസ്-എന്‍സിപി സ്ഥാനാര്‍ത്ഥി ഹര്‍ഷദയെ 3,625 വോട്ടുകള്‍ക്കാണ് തപ്കീര് പരാജയപ്പെടുത്തിയത്. ഹര്‍ഷദയുടെ തോല്‍വി ശരത്പവാറിന്റെ മകനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത്ത് പവാറിന് വന്‍ തിരിച്ചടിയായി. പവാറിന്റെ മകള്‍ സുപ്രിയ സുലെയുമൊത്ത് അജിത് പവാറാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ഇത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ പരാജയം മാത്രമല്ല, അജിത് പവാറിന്റെ കൂടി പരാജയമാണെന്ന് ശിവസേനാ വക്താവ് സഞ്ജയ് റൗത്ത് അഭിപ്രായപ്പെട്ടു.
ബീഹാറിലെ ഭരൗഡ നിയമസഭാ മണ്ഡലത്തില്‍ പ്രതിപക്ഷമായ ആര്‍ജെപി-എല്‍ജെപി സഖ്യത്തിന് കനത്ത തിരിച്ചടി നല്കി ജെഡിയു-ബിജെപി സ്ഥാനാര്‍ത്ഥി കവിതാ സിംഗ് വിജയം നേടി. ആര്‍ജെഡി സ്ഥാനാര്‍ത്ഥി പരമേശ്വര്‍ സിംഗിനെ 20,092 വോട്ടുകള്‍ക്കാണ് കവിത പരാജയപ്പെടുത്തിയത്.
കവിത 51,754 വോട്ടുകള്‍ നേടിയപ്പോള്‍ പരമേശ്വര്‍ നേടിയത് 31,662 വോട്ടുകള്‍ മാത്രമാണ്. കോണ്‍ഗ്രസിന്റെ കലിക ശരണ്സിംഗും സിപിഐ (എംഎല്)ന്റെ ജയ്നാഥ് യാദവും യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി. മൂന്ന് വനിതകളടക്കം ഒമ്പത് പേരാണ് ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്.
ആന്ധ്രാപ്രദേശിലെ ബന്‍സ്വാദ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) യുടെ പോച്ചാരം ശ്രീനിവാസ റെഡ്ഡി 49,889 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ശ്രീനിവാസ് ഗൗഡിനെ തോല്‍പ്പിച്ചു. ടിഡിപിയും ബിജെപിയും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: