ന്യൂദല്‍ഹി: വിവരാവകാശ നിയമത്തെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യണമെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. എന്നാല്‍ നിയമം ദുര്‍ബലമാക്കാനുള്ള നടപടികള്‍ ഉണ്ടാകില്ല. ചില മേഖലകള്‍ സംബന്ധിച്ച് വിശദമായ സംവാദം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവരാവകാശ നിയമത്തിലൂടെ പുറത്തുവരുന്ന രേഖകള്‍ സര്‍ക്കാരിന് നിരന്തരം തലവേദനയാകുന്നതിനിടെയാണ് നിയമത്തില്‍ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിമാരായ വീരപ്പ മൊയ്ലിയും സല്മാന് ഖുര്‍ഷിദും വിവരാവകാശ നിയമം അയവ് വരുത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം ദുര്ബലമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിവരാവകാശ നിയമം നടപ്പിലാക്കന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാരീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ തടസ്സമാകരുത്. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നിയമത്തിലൂടെ പൊതുജന മധ്യത്തിലെത്തുന്നത് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തും. ഭരണത്തില്‍ സുതാര്യത വരുത്തുന്നതിന് വിവരാവകാശ നിയമം സഹായിക്കുന്നുണ്ട്. ഈയിടെയാണ് നിയമത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ് തുടങ്ങിയത്.
നിയമം ശക്തമാക്കാനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ദല്‍ഹിയില്‍ വിവരാവകാശ കമ്മിഷണര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: