മട്ടാഞ്ചേരി: വില്‍പനശാലകള്‍ പൊളിച്ചുനീക്കുവാനുള്ള സമ്മര്‍ദ്ദത്തില്‍ വിറയ്‌ക്കുന്ന മനസ്സും, ചീനവലയില്‍ നിന്നുള്ള പിടയ്‌ക്കുന്ന മത്സ്യങ്ങളുമായി ഫോര്‍ട്ടുകൊച്ചിയിലെ മത്സ്യവില്‍പനക്കാര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. വിനോദസഞ്ചാരകേന്ദ്രമായ പൈതൃകനഗരിയായ- ഫോര്‍ട്ടുകൊച്ചിയില്‍ അഴിമുഖത്താണ് പിടയ്‌ക്കുന്ന മത്സ്യവില്‍പനയുമായി കടകള്‍ പ്രവര്‍ത്തിക്കുന്നത്. വികസന പദ്ധതികളുടെ പേരില്‍, സൗന്ദര്യവല്‍ക്കരണവുമായാണ് മത്സ്യവില്‍പനശാലകള്‍ നീക്കം ചെയ്യുന്നതിന് അധികൃതര്‍ തയ്യാറെടുക്കുന്നത്. അടുത്തയിടെ കൊച്ചിതാലൂക്ക് ഓഫീസില്‍ ചേര്‍ന്ന ടൂറിസം വികസന ചര്‍ച്ചയിലും കടകള്‍ നീക്കം ചെയ്യുന്ന അധികൃത തീരുമാനം വാഗ്വാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കടലിലും, അഴിമുഖത്തെ ചീനവലകളില്‍നിന്നുമുള്ള പിടയ്‌ക്കുന്ന മത്സ്യവില്‍പന ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും, വിദേശികള്‍ക്ക് പ്രിയങ്കരമാകുകയുമായിരുന്നു. വില്‍പനകേന്ദ്രങ്ങളില്‍നിന്ന് വാങ്ങുന്ന പിടയ്‌ക്കുന്ന മത്സ്യങ്ങള്‍ തൊട്ടടുത്തകടയില്‍ വറുത്തു നല്‍കുന്ന സംവിധാനവും ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് പരിസരമലിനീകരണം നടത്തുന്നതിന്റെ പേരില്‍ അധികൃതര്‍ നിര്‍ത്തലാക്കുകയാണ് ചെയ്തത്. പിടയ്‌ക്കുന്ന മത്സ്യങ്ങള്‍ വാങ്ങുന്നവരുടെ പ്രത്യേക വില്‍പന കേന്ദ്രമായാണ് ഫോര്‍ട്ടുകൊച്ചി അറിയപ്പെട്ടിരുന്നത്. വിനോദസഞ്ചാര വികസനത്തിന് ഇത് തിരിച്ചടിയാകുന്നതോടെയാണ് അധികൃതര്‍ വില്‍പനസ്റ്റാളുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്. ഫോര്‍ട്ടുകൊച്ചിയിലെ മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ ചീനവലമത്സ്യങ്ങളായ ചെമ്പല്ലി, തിരുത, കണമ്പ്, കട്ല, നെയ്മീന്‍, കരിമീന്‍, കൂന്തല്‍, ചെമ്മീന്‍,മാച്ചന്‍ തുടങ്ങി കടല്‍ മത്സ്യങ്ങളും, കക്കയിറച്ചിയുമാണ് വില്‍പനനടത്തിയിരുന്നത്. ചെന്നൈ,മുംബൈ, ബംഗളൂരു, ദല്‍ഹി എന്നിവിടങ്ങളിലേയ്‌ക്കും, ഗള്‍ഫ് നാടുകളിലേയ്‌ക്കും പ്രത്യേകം പെട്ടികളിലാക്കി കയറ്റി അയയ്‌ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ടുകൊച്ചിയിലൂ റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ നടപടിയുടെ ഒട്ടേറെ കടകള്‍ നീക്കം ചെയ്യുകയും ഇവരെ മറ്റിടയങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മത്സ്യ വില്‍പന ശാലകളുടെ എണ്ണം വര്‍ധിക്കുകയും, മലിനീകരണവും, ശുചിത്വ മില്ലായ്മയും വര്‍ധിക്കുകയും ചെയ്തതോടെയാണ് കടകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങിയത്. രാഷ്‌ട്രീയ- ട്രേയ്ഡ്‌യൂണിയനുകള്‍ പക്ഷം പിടിച്ച് യോഗത്തില്‍ വാഗ്വാദം ഉണ്ടായെങ്കിലും അനധികൃത നിര്‍മാണം ഒഴിപ്പിക്കുമെന്ന നിലപാടാണ് നഗരസഭാധികൃതര്‍ കൈക്കൊണ്ടത്. ഇത് നടപ്പിലാക്കുമോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: