തിരുവാണിയൂര്‍: രാപകലില്ലാതെ ടിപ്പര്‍ലോറികളില്‍ ചെമ്മണ്ണ് കൊണ്ടുപോകുന്നത് തിരുവാണിയൂര്‍ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ക്കാകെ ദുരിതമാവുന്നു. കുപ്പേത്താഴം, വണ്ടിപ്പേട്ട, വെണ്ണിക്കുളം പ്രദേശങ്ങളില്‍ 150 ഓളം ലോറികളാണ് നിരന്തരം ചെമ്മണ്ണ് കയറ്റിപോകുന്നത്. ജനങ്ങളും ജനപ്രതിനിധികളും പ്രതിഷേധിച്ചിട്ടും മണ്ണെടുപ്പ് തടയാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്.
ആര്‍ഡിഒയുടെ അനുവാദം വാങ്ങിയിട്ടാണെന്ന് പറയുന്നു, സ്വകാര്യ വ്യക്തിയുടെ ഏക്കര്‍ കണക്കിന് സ്ഥലത്തുനിന്നാണ് ചെമ്മണ്ണ് കയറ്റി പോകുന്നത്. ഇടതടവില്ലാതെ ലോറികള്‍ പോകുന്നതുമൂലം പ്രദേശമാകെ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുന്നു.തിരുവാണിയൂര്‍ പഞ്ചായത്ത് പ്രദേശത്ത് പാടം നികത്തുന്നതിനും, പുറമേക്ക് ചെമ്മണ്ണ് കൊണ്ടുപോകുന്നതിനും പഞ്ചായത്തിന്റെ വിലക്കുണ്ട്. മണ്ണെടുപ്പ് പ്രദേശത്തെ പരിസ്ഥിതിയെത്തന്നെ തകര്‍ക്കുകയാണ്. വല്ലാര്‍പാടം പദ്ധതിയുടെ പേരുപറഞ്ഞാണ് മണ്ണെടുപ്പ് നിര്‍ബാധം നടക്കുന്നത്.
ചെമ്മണ്ണുമായി അമിത വേഗത്തില്‍ പായുന്ന ലോറികള്‍ സ്കൂള്‍ കുട്ടികള്‍ക്ക് വന്‍ ഭീഷണിയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.രാത്രികാലത്ത് നിരന്തരം ലോറികള്‍ ഓടുന്നതിനാല്‍ നാട്ടുകാരുടെ സ്വൈര ജീവിതം തന്നെ ബുദ്ധിമുട്ടാവുകയാണ്.അനധികൃത മണ്ണെടുപ്പു സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നല്‍കാനൊരുങ്ങുകയാണ്. അതേസമയം മണ്ണെടുപ്പ് തടയുന്നതിന് പ്രക്ഷോഭം തുടങ്ങാനും പ്രദേശവാസികള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: