കൊച്ചി: നോര്‍ത്ത് മേല്‍പ്പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. പാലം പൊളിക്കുന്നതിന്റെ മുന്നോടിയായി നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതപരിഷ്ക്കാരം നടപ്പിലാക്കിയിരുന്നു. ഗതാഗതനിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും, മെട്രോ റെയില്‍ ഉദ്യോഗസ്ഥരും ഇന്നലെ വൈകിട്ട് സ്ഥലം പരിശോധിച്ചു.
ഇതിനിടെ പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതെകിടക്കുന്ന റോഡുകള്‍ നന്നാക്കാതെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പ്രധാനമായും ചിറ്റൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാതെ വാഹനങ്ങള്‍ തിരിച്ച്വിട്ടാല് നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്കിന് കാരണമാകുമെന്ന അഭിപ്രായമാണ് പലര്‍ക്കും. വാഹനങ്ങള്‍ വഴിതിരിച്ച് വിടേണ്ട പല റോഡുകളുടെയും സ്ഥിതി മോശമാണ് മഴമാറിയാല്‍ ഇട റോഡുകള്‍ പണിയുമെന്ന് പറഞ്ഞിരുന്നെങ്കിലും മഴ മാറിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രധാന റോഡുകളുടെ പോലും പണി പൂര്‍ത്തികരിച്ചിട്ടില്ല. പത്ത് റോഡുകളാണ് മെട്രോ റെയില്‍ കോര്പ്പറേഷന് ഏറ്റെടുത്ത് പണി അരംഭിച്ചത്. ഇരു ചക്ര, മുച്ചക്ര, ചരക്കുവാഹനങ്ങള്‍ മേല്‍പ്പാലത്തില്‍ കയറുന്നത് നിരോധിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നുമാണ് ഇനി പുറപ്പെടുക.
ഇടപ്പള്ളി ഭാഗത്തുനിന്നുള്ള ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ ചരക്ക് വാഹനങ്ങള്‍ എന്നിവ പാലാരിവട്ടം വഴി തമ്മനം ജംഗ്ഷനില്‍ എത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വഴി കാരണക്കോടം ജംഗ്ഷനിലെത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കെകെ റോഡ് വഴി കതൃക്കടവ് റെയില്‍വേ അണ്ടര്‍ പാസ്സ് വഴി തമ്മനം-പുല്ലേപടി റോഡില്‍ പ്രവേശിച്ചശേഷം, പുല്ലേപ്പടി പാലം ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞ് സിപി ഉമ്മര്‍ റോഡ്, രാജാജി റോഡ് വഴി എംജി റോഡില്‍ പ്രവേശിക്കേണ്ടതാണ്.
ആലുവ ഭാഗത്തുനിന്നും സിറ്റിയിലേക്ക് വരുന്ന ബസ്സുകള്‍ ഒഴികെയുള്ള ഇതര വാഹനങ്ങള്‍ക്ക് കളമശ്ശേരിയിലുള്ള ഹൈവേ ഓവര്‍ബ്രിഡ്ജിനടിയിലൂടെ വലത്തോട്ട് തിരിഞ്ഞ് വല്ലാര്‍പാടം കണ്ടേയ്നര്‍ ടെര്‍മിനല്‍ റോഡിലൂടെ ഹൈക്കോടതി ഭാഗത്തേക്കും തിരിച്ചും വരാവുന്നതാണ്.
നഗരത്തില്‍ നിന്നും കലൂര്‍- ഇടപ്പള്ളി ഭാഗത്തേക്ക് നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിലൂടെ പുറത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് വഴി നിലവില്പോകുന്ന രീതിയില്‍ തന്നെ പോകാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: