ജോധ്പൂര്‍: ഇന്ത്യന്‍ കരസേന അതിന്റെ സൈനിക ശക്തിയുടെ പ്രകടനമായ സുദര്ശനശക്തി രാജസ്ഥാന് മരുഭൂമിയില്‍ ഈ വര്‍ഷാവസാനത്തോടെ അരങ്ങേറും. രാജസ്ഥാനിലെ പൊഖ്റാന്‍ റേഞ്ചില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ 20000 സൈനികരും 900 ടാങ്കുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തെക്കന്‍ കമാന്‍ഡിലെ സേനകള്‍ തങ്ങളുടെ വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായി മരുഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നവംബര്‍-ഡിസംബറോടെ അരങ്ങേറുന്ന സുദര്ശന് ശക്തിയെന്ന രഹസ്യകോഡ് ഇട്ടിരിക്കുന്ന സൈനികാഭ്യാസം ഇത്തരം സാഹചര്യങ്ങളില്‍ സേനയുടെ യുദ്ധസന്നദ്ധതയെക്കുറിച്ച് മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നുവെന്ന് സൈനിക വക്താവ് എസ്.ഡി. ഗോസ്വാമി അറിയിച്ചു. തെക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്. ജനറല്‍ എ.കെ. സിങ്ങിന്റെ നേതൃത്വത്തില്‍ 21 കോര്‍പ്പ്സ് സൈനികര്‍ക്കൊപ്പം തെക്കന്‍ സൈനിക വ്യൂഹത്തിലെ എല്ലാ ശാഖകളും സുദര്ശന് ശക്തിയില്‍ പങ്കെടുക്കും. ചെറിയ സൈനിക അഭ്യാസങ്ങളോടെ ആരംഭിക്കുന്ന പ്രകടനം 21 കോര്‍സ് സൈനികരുടെ കമാന്‍ഡിങ്ങ് ഓഫീസറുടെ നേതൃത്വത്തില്‍ വലിയ പടക്കളത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന അഭ്യാസങ്ങളിലേര്പ്പെടും. ഇത്തരം അഭ്യാസപ്രകടനങ്ങളിലൂടെ തെക്കന്‍ കമാന്‍ഡിന് തങ്ങളുടെ കഴിവുകള്‍ വിലയിരുത്താനും പുതിയ സാങ്കേതിക വിദ്യ ആര്‍ജ്ജിക്കാനും കഴിയുമെന്ന് ഗോസ്വാമി കൂട്ടിച്ചേര്‍ത്തു. ഈ അഭ്യാസപ്രകടനത്തില്‍ കരസേനയോടൊപ്പം നാവിക, വ്യോമസേനാ ഭടന്മാരും ചേരും. യുദ്ധരംഗത്തെ വിമാനമായ എസ്യു 30, എംകെ 1 പ്രകടനത്തില്‍ പങ്കാളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: