പരമ്പരാഗതമായി ആനയുള്ള തറവാട്ടുകാര് കേരളരാഷ്ട്രീയത്തില്‍ അധികമില്ല. അതുകൊണ്ടുതന്നെ ആനയുള്ള അപ്പന് രാഷ്ട്രീയത്തില്‍ എന്നും അംഗീകാരമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍പോലും. ആനയുള്ള കമ്മ്യൂണിസ്റ്റുകാരനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് വിസ്മരിക്കാറായിട്ടില്ലല്ലോ. കമ്മ്യൂണിസ്റ്റുകാരുടെ കാര്യം അങ്ങനെയാകുമ്പോള്‍ മറ്റുള്ളവരെക്കുറിച്ച് പറയേണ്ടതില്ലല്ലൊ. കീഴുട്ട് രാമന്‍പിള്ള- കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകന് ബാലകൃഷ്ണപിള്ള കണ്ണുതുറന്നതു മുതല്‍ മുറ്റത്തു തളച്ച ആനകളെ കണ്ടുകണ്ടാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലും ആനയാണ് ബാലകൃഷ്ണപിള്ള. കുഴിയാനയല്ല വെള്ളാനയെന്ന് പറയാനും പറ്റില്ല. ഐരാവതമെന്ന് തെറ്റിദ്ധരിച്ചേക്കും. ശരിക്കുപറഞ്ഞാല്‍ കൊമ്പനാന. പിള്ളയെ വമ്പനാക്കുന്നത് കൊമ്പല്ല. നാക്കാണ്. ഗുരുവായൂര്‍ കേശവന്റെ തുമ്പിക്കൈപോലെ നീണ്ട നാക്കിനെ ഉറുമിയോടുപമിച്ചാലും തെറ്റല്ല.
ഉറുമി വല്ലാത്തൊരായുധമാണ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ബൂമറാങ്ങാവും. ഉപയോഗിക്കുന്നവന് ഉപദ്രവമാകും. ഒരു മടക്കുപിച്ചാത്തിപോലും ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ഉറുമി പ്രയോഗത്തിനൊരുങ്ങിയാല് ചോരവീഴുന്നത് ശത്രുവിന്റേതായിരിക്കില്ല. പിള്ള അങ്ങിനെയാണെന്നല്ല. നല്ല അഭ്യാസിതന്നെയാണ്. അടിതെറ്റിയാലും അതൊക്കെ അടവാക്കി രക്ഷപ്പെടുവാന്‍ വല്ലാത്തൊരു സാമര്‍ത്ഥ്യവും അദ്ദേഹത്തിനുണ്ട്. “എല്ലാറ്റിനും ഒരു സമയമുണ്ട് ദിനേശാ” എന്ന സിനിമാ ഡയലോഗുപോലെ എല്ലാറ്റിനും അതിരുണ്ടല്ലൊ. അതിരുവിട്ട കളിയിലാണ് പിള്ളയ്ക്ക് അഴിയെണ്ണേണ്ടിവന്നത്.
അനാദികാലം മുതല്ക്കുള്ള വിശ്വാസമാണ് സ്വര്‍ഗ്ഗവും നരകവും. സ്വര്‍ഗ്ഗം മറ്റൊരു ലോകത്താണെന്ന് പറയുന്നവരുണ്ട്. അതല്ല സ്വര്‍ഗവും നരകവും ഇവിടെ തന്നെയെന്ന് കണ്ടെത്തിയവരുമുണ്ട്. ബാലകൃഷ്ണപിള്ളയുടെ ജീവിതം പരിശോധിച്ചാല്‍ രണ്ടാമത് പറഞ്ഞതിലാണ് കഴമ്പുള്ളതെന്ന് ബോധ്യമാകും. എന്തെല്ലാം സമ്പല്‍സമൃദ്ധി. ഒരു നാടുമുഴുവന്‍ സ്വന്തം. ചെല്ലുന്നിടത്തെല്ലാം കൊട്ടാരസദൃശ്യമായ വീടുകള്‍. ഐശ്വര്യമുള്ള സഹധര്‍മ്മിണി. അവര്‍ക്ക് പിറന്ന മൂന്നുമക്കളും ഒന്നിനൊന്ന് പോരുന്നത്. ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റുകൂടിയായ മകന് കളിയിലും കലയിലും മിടുക്കനായതിനാല്‍ സ്പോര്‍ട്ട്സിന്റെയും സിനിമയുടെയും മന്ത്രി. കാട്ടാനകളെ മെരുക്കിയെടുക്കാന്‍ കഴിയുന്ന താപ്പാനയായതിനാലാവാം ടൂറിസംപോലും കൈവിട്ട് വനം വകുപ്പിന്റെയും മന്ത്രിയാണ്.
പെണ്മക്കള് രണ്ടുപേര്‍. അവരുടെ ഭര്ത്താക്കന്മാരാകട്ടെ സീനിയര്‍ ഐഎഎസ്സുകാര്‍. ഒരാള്‍ കേന്ദ്രത്തെ സേവിക്കുമ്പോള്‍ സംസ്ഥാനത്തെ സമര്‍ത്ഥമായി സേവിക്കുന്നു മറ്റൊരാള്‍. പറഞ്ഞിട്ടെന്തുഫലം. ദശരഥന്റെ യോഗം പോലെ. എണ്‍പതോടടുത്ത പ്രായത്തില്‍ മക്കളോടൊപ്പം കഴിയാന്‍ യോഗമില്ല. മാത്രമല്ല ധനനഷ്ടവും മാനഹാനിയും വേണ്ടുവോളം. പിള്ള കാരാഗൃഹത്തില്‍ കിടക്കാന്‍ മാത്രം തെറ്റുകാരനാണെന്ന് കണ്ടെത്തിയത് സുപ്രീംകോടതി. എല്ലാം സ്വയംകൃതാനര്‍ത്ഥം എന്നു കരുതിയാല്‍ മതിയല്ലൊ. എത്രയെത്രപേരുടെ ശാപമായിരിക്കും ഇളംപ്രായംമുതലേ സമ്പാദിച്ചുകാണുക.
ചെങ്കൊടിയുമേന്തി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതാണ് ബാലകൃഷ്ണപിള്ള. രണ്ടു പഞ്ചായത്തുകളുടെ (ഇടമുളയ്ക്കല്‍, കൊട്ടാരക്കര) പ്രസിഡന്റ്. രണ്ടാം കേരളനിയമസഭ മുതല്‍ എംഎല്‍എ. പിന്നെ പാര്‍ലമെന്റംഗം. മന്ത്രിയായി പലതവണ. ചെങ്കൊടിയോട് വിടപറഞ്ഞ് മൂവര്‍ണ്ണക്കൊടിയേന്തി തുടങ്ങിയ തേരോട്ടം സെന്‍ട്രല്‍ ജയിലില്‍ ചെന്നു നില്ക്കുന്നതിനിടയിലെ ജീവിതം സംഭവബഹുലം എന്നു പറഞ്ഞാല്‍ അതിലൊട്ടും അത്ഭുതമോ അതിശയോക്തിയോ ഇല്ലേ ഇല്ല. 24-ാമത്തെ വയസ്സില്‍ കെപിസിസി എക്സിക്യൂട്ടീവിലും എഐസിസിയിലും അംഗമായ ബാലകൃഷ്ണപിള്ള 26-ാമത്തെ വയസ്സില്‍(1960)ലാണ് നിയമസഭയിലെത്തുന്നത്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ്വഴക്കില്‍ പി.റ്റി.ചാക്കോയ്ക്കൊപ്പം നില്ക്കേണ്ടിവന്നപ്പോള് ആര്.ശങ്കര്‍ പഴികേള്‍ക്കേണ്ടിവരുന്നത് സ്വാഭാവികം. കേരള രാഷ്ട്രീയത്തിലെ സംശുദ്ധിയുടെയും തലയെടുപ്പിന്റെയും പ്രതീകമാണ് ആര്.ശങ്കര്‍. നിയമസഭയില്‍ പിള്ള ശങ്കറിനെ ആരോപണങ്ങളാല്‍ അരിഞ്ഞുവീഴ്ത്തിയത് ഉറുമി പോലുള്ള തന്റെ നാക്കുകൊണ്ടാണ്. എതിര്പക്ഷക്കാരനായ പി.കെ.കുഞ്ഞു കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സ്വന്തം കക്ഷിയില്‍പ്പെട്ടവര്‍ അനുകൂലിച്ച് വിമര്‍ശിച്ചതാവും ശങ്കറിന് ഏറെ വേദന സൃഷ്ടിച്ചിരിക്കുക. പ്രത്യേകിച്ചും പിള്ളയുടെ ആരോപണങ്ങള്‍. മറുപടി പ്രസംഗത്തില്‍ ശങ്കര്‍ പറഞ്ഞു(1964 സപ്തംബര്‍8)
‘ഞാന്‍ വേളിയില്‍ 20 ഏക്കര്‍ സ്ഥലം നികത്തിയെടുത്തു. അതിന് 6 ലക്ഷം രൂപ ചെലവാക്കി എന്നാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. ഇവിടെ നിന്നും അങ്ങോട്ട് ബസ്സുണ്ട്. നാലണകൊടുത്താല് വേളിയിലെത്താം. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാം. അതുചെയ്യാതെ നിമയസഭയില്‍ വന്ന് മുഖ്യമന്ത്രി 20 ഏക്കര്‍ സര്‍ക്കാര്‍ കാശുമുടക്കി നികത്തി എന്നൊക്കെ. 20 ഏക്കര്‍ പോയിട്ട് 20 സെന്റ് സ്ഥലം എനിക്കോ എന്റെ ഭാര്യയ്ക്കോ നികത്തിയിട്ടുണ്ടായിരുന്നെങ്കില് തരക്കേടില്ലായിരുന്നു. തന്റെ ഭാര്യയുടെ അച്ഛന് 1079- മാണ്ട് അവിടെ ഒരു തെങ്ങിന്തോപ്പ് വാങ്ങിച്ചിരുന്നു. അത് 82 ഏക്കറാണ്. അദ്ദേഹത്തിന്റെ മരണശേഷം ഭാഗംവച്ചപ്പോള്‍ ഭാര്യയ്ക്ക് ഒന്‍പത് ഏക്കര്‍ ഷെയര്കിട്ടി. അവിടെ അറുപത് കൊല്ലം മുമ്പുണ്ടായിരുന്ന സ്ഥലമല്ലാതെ അരഇഞ്ച് സ്ഥലം കൂടുതലില്ല.
എന്നിട്ട് നാണമില്ലാതെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ നിയമസഭയില്‍ വന്നുനിന്നുകൊണ്ട് അസംബന്ധം പുലമ്പുകയാണ്. പിന്നെ ഏതോ ഒരാശാരിയുടെ പേരുപറഞ്ഞിട്ട് അയാളുടെ അടുത്ത് ആഭരണങ്ങള്‍ പണിയാന്‍ 125 പവന് കൊടുത്തിരിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ അങ്ങനെ ഒരു ഗ്രാം സ്വര്‍ണമോ പണമോ കൊടുത്തിട്ടില്ല. ഇതാണ് പരമാര്‍ത്ഥം. ഈ പവന് കൊടുത്തിട്ടുള്ള ആശാരി ആരാണെന്നു പറയാമോ? പറയാമെന്നുണ്ടെങ്കില്‍ അയാള്‍ നിങ്ങളെ ജയിലിലടയ്ക്കും.’ ആര്.ശങ്കറിന്റെ വാക്കുകള്‍ അറംപറ്റിയതുപോലെയായി. അതിന് ദശാബ്ദങ്ങള്‍ കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. അടിയന്തരാവസ്ഥയില്‍ പത്തുദിവസംപോലും ജയിലില്‍ കഴിയാതെ ഇന്ദിരാഗാന്ധിക്കുമുന്നില്‍ പ്രണമിച്ച് ഇരുപതിനത്തിനും സഞ്ജയന്റെ അഞ്ചിനത്തിനും പിന്തുണ നല്കി ജയിലില്‍ നിന്നിറങ്ങി മന്ത്രിസഭയില്‍ കയറി ജയില്‍ മന്ത്രിയായ പിള്ള ഇനിയൊരു ജയില്‍വാസം സ്വപ്നേപി പ്രതീക്ഷിച്ചിരിക്കില്ല. തലയിലെഴുതിയത് മൊട്ടയടിച്ചാല്‍ മാറില്ലെന്ന ചൊല്ല് എത്ര ശരി! സ്വര്‍ഗസമാന സൗകര്യം അനുഭവിച്ച പിള്ള നരകതുല്യമായ ജീവിതത്തിലേക്കെത്തിയെങ്കില് സ്വര്‍ഗ്ഗവും നരകവും ഇവിടെത്തന്നെ എന്നു പറയുന്നതല്ലെ സത്യം.
നാലു നാലര പതിറ്റാണ്ട് മുമ്പ് പിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ ഉയര്‍ത്തിയ കലാപത്തിരി കെടാതെ സൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ ജ്വലിക്കുന്നത്. പിള്ളയുടെ തള്ളയായിരുന്നു അന്ന് കോണ്‍ഗ്രസ്സിന്റെ പ്രഹ്ലാദന് ഗോപാലന്. മാടായില്‍ നിന്നുള്ള എംഎല്‍എ. ഗോപാലന്റെ ഇര ആര്.ശങ്കറായിരുന്നില്ല. ആഭ്യന്തരമന്ത്രി പി.റ്റി.ചാക്കോ ആയിരുന്നു സിപിഎമ്മിലെ ശശിയുടെയും ഗോപിയുടെയും മാത്രമല്ല കേരളാകോണ്‍ഗ്രസ്സിലെ തന്നെ ജോസഫിന്റെയും അസ്കിതയുള്ള പി.റ്റി.ചാക്കോയുടെ കാര്‍ തൃശ്ശൂരില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അതിലൊരുപെണ്ണിനെ കണ്ടത് പ്രതിപക്ഷത്തിന് കിട്ടിയ നല്ലൊരു ആയുധമായിരുന്നു. പ്രതിപക്ഷത്തെക്കാള്‍ ആഘോഷിച്ചത് കോണ്‍ഗ്രസ്സ് കാരനായ ഗോപാലനാണ്. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിന്റെ തലേന്ന് ഗാന്ധിജി ഗോപാലന്റെ സ്വപ്നത്തില്‍ തെളിയുന്നു. സദാചാരം രക്ഷിക്കാന്‍ പോരാടണമെന്ന് ഉപദേശിക്കുന്നു. പിന്നെങ്ങനെ അനുസരിക്കാതിരിക്കും. പ്രതിപക്ഷം സഭയെ ഇളക്കിമറിക്കുമ്പോള്‍ ഗോപാലന് സ്വന്തം കക്ഷിയിലെ മന്ത്രി രാജിവയ്ക്കാന്‍ ഉപവാസമിരിക്കുന്നു. പ്രതിപക്ഷാംഗമായിരുന്നിട്ടും ജോസഫ് ചാഴിക്കാടന് ഗോപാലനെ വിശേഷിപ്പിച്ചത് ‘കിറുക്കനെന്നാണ്. കിറുക്കനെ ഊളമ്പാറയില്‍ കൊണ്ടുപോകണം’ ചാഴിക്കാടന്റെ നിര്‍ദ്ദേശമായിരുന്നു. ചാഴിക്കാടന് പറഞ്ഞ ‘കിറുക്ക’ന്റെ അനുജനാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്. ആദര്‍ശത്തില്‍ ആന്റണിയോട് മത്സരിക്കുന്ന നേതാവ്. എവിടെ മത്സരിച്ചാലും തോല്‍വിമാത്രം നേടുന്ന രാമകൃഷ്ണന് ഇപ്പോള്‍ മത്സരിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാരനായ കെ.സുധാകരനോടാണ്. രാമകൃഷ്ണന് ആന പോയിട്ട് ആനവാല് മോതിരംപോലും സ്വന്തമായില്ലെങ്കിലും ഒരു പത്രമുണ്ടായിരുന്നു. ‘പടയാളി’. അതുപേക്ഷിച്ചാണ് ഡിസിസിയുടെ ചുമതല നേടി സുധാകരനെതിരെ പടനയിക്കുന്നത്. സുധാകരനെപ്പോലെ ആള്‍ബലമില്ലെങ്കിലും പിള്ളയുടേതുപോലുള്ള നാക്കുള്ളതാണ് ആശ്വാസം. മത്സരം നാള്‍ക്കുനാള്‍ മുറുകുകയാണ്. സുധാകരന് വിവരദോഷിയാണെന്ന് സംശയരഹിതമായി രാമകൃഷ്ണന് പ്രഖ്യാപിച്ചത് വാര്‍ത്താസമ്മേളനം നടത്തിയാണ്. വിവരദോഷികളും കിറുക്കന്മാരും നിറഞ്ഞുവിളയാടുന്നു എന്നതില്‍ കോണ്‍ഗ്രസ്സിന് ആത്മാര്‍ത്ഥമായും സന്തോഷിക്കാം. കോണ്‍ഗ്രസ്സ് പാര്‍ട്ടി നാഷണല്‍ പാര്‍ട്ടിയാണ്. പിള്ളയുടേത് കേരളാ പാര്‍ട്ടിയും. രണ്ടും പരമാവധി നാറട്ടെ-നീണാള്‍ വാഴട്ടെ എന്നല്ലാതെ മേറ്റ്ന്താശംസിക്കാന്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: