അമേരിക്കന്‍ സര്‍ക്കാരിനേക്കാള്‍ ആസ്തിയുള്ള സ്ഥാപനമായ ആപ്പിളിന്റെ സ്ഥാപകനായിരുന്ന സ്റ്റീവ് ജോബ്സ് എന്ന സാങ്കേതിക വിദ്യകളുടെ തമ്പുരാനെ കാലം മടക്കി വിളിച്ചെങ്കിലും വരുംതലമുറയ്ക്ക് വഴികാട്ടുന്ന ഒരു ജീവചരിത്രം അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം കടന്നുപോയത്. സുഖലോലുപരായ ഹൈടെക് വ്യവസായികളില്‍ നിന്നും വ്യത്യസ്തനായി ലാളിത്യം മുഖമുദ്രയാക്കിയ ജീവന ശൈലിയിലധിഷ്ഠിതമായിരുന്നു സ്റ്റീവിന്റെ ജീവിതം. വര്‍ഷം ഒരു ഡോളര്‍ മാത്രം ശമ്പളമായി കൈപ്പറ്റി സ്വന്തം സ്ഥാപനത്തെ കാലത്തിന് മുന്പോട്ട് കൈപിടിച്ച് നയിച്ച അദ്ദേഹം തന്റെ ആത്മീയ ഊര്‍ജ്ജ കേന്ദ്രമായ ഇന്ത്യയോടുള്ള അടുപ്പം വാക്കുകളിലൂടെയല്ല മറിച്ച് പ്രവൃത്തിയിലൂടെയാണ് സ്റ്റീവ് വരച്ചുകാട്ടിയത്.
സ്റ്റീവിന്റെ പിതാവ് സിറിയന്‍ വംശജനായിരുന്നുവെങ്കിലും അദ്ദേഹത്തെ ദത്തെടുത്ത് വളര്‍ത്തിയത് കാലിഫോര്‍ണിയക്കാരായ ദമ്പതിമാരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് സ്റ്റീവ് പോര്‍ട്ലണ്ടിലെ കൃഷ്ണ ക്ഷേത്രവുമായി അടുക്കുന്നത്. സുഹൃത്തിന്റെ മുറിയിലെ സൗജന്യ താമസവും കൃഷ്ണ ക്ഷേത്രത്തില്‍ നിന്നുള്ള സൗജന്യ ഭക്ഷണവുമായിരുന്നു സ്റ്റീവിന്റെ അക്കാലത്തെ പിടിവള്ളികള്‍. ക്ഷേത്രത്തില്‍ നിന്നുള്ള അത്മീയോപദേശങ്ങള് നിരന്തരം ശ്രവിച്ചുവന്നിരുന്ന സ്റ്റീവ് ക്രമേണ ഇന്ത്യന്‍ സംസ്കാരത്തെ ആഴത്തിലറിയുവാന്‍ തീരുമാനിച്ചുറച്ചു. ഹിപ്പി സംസ്കാരം മൂര്‍ധന്യാവസ്ഥയിലെത്തിയ എഴുപതുകളില്‍ ഹിപ്പിയാകാനല്ല മറിച്ച് ഇന്ത്യയിലെ മതങ്ങളെയും ജീവിതരീതിയേയും കുറിച്ച് കൂടുതല്‍ പഠിക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇടക്കാലത്ത് അറ്റാറിയെന്ന ഗെയിം നിര്‍മ്മാണക്കമ്പനിയില്‍ പാര്‍ട് ടൈം ജോലി ചെയ്ത് സമ്പാദിച്ച പണവും ഒഴിഞ്ഞ കോളക്കുപ്പികള് പെറുക്കി വിറ്റ് കിട്ടിയ പണവും ചേര്‍ത്ത് ഉറ്റസുഹൃത്തായ ഡാന്‍ കോട്ടെയോടൊപ്പം ഇന്ത്യയിലെത്തിയ സ്റ്റീവെന്ന പതിനെട്ടുകാരന് ഇന്ത്യന്‍ ആത്മീയതയില്‍ ആകൃഷ്ടനായി തലമുണ്ഡനം ചെയ്ത് ബുദ്ധമതാനുയായിയായിത്തീര്ന്നു.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങളായിരുന്നു അദ്ദേഹത്തിന് എക്കാലവും പ്രിയങ്കരം. തിരികെ യുഎസിലെത്തിയ സ്റ്റീവ് ശിഷ്ട ജീവിതം മുഴുവനും ബുദ്ധമതാനുയായിയായി തുടരുകയായിരുന്നു. ഇന്ത്യ ആത്മീയ പ്രചോദനം നല്‍കിയിരുന്നെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന പട്ടിണിയും നിരക്ഷരതയും അദ്ദേഹത്തെ ദുഖിപ്പിച്ചു. ഇന്ത്യയിലെ ദരിദ്രരായ കുഞ്ഞുങ്ങളുടെ മുഖം തന്നെ എപ്പോഴും വിഷമിപ്പിക്കാറുണ്ടെന്നായിരുന്നു സ്റ്റീവ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഹനുമാന് ഉപാസകനായ നീം കഠോരി ബാബയെന്ന സിദ്ധനെ കാണണമെന്നുള്ള തന്റെ ആഗ്രഹം നടക്കാതിരുന്നതിലും അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. സ്റ്റീവ് സന്ദര്‍ശിക്കാനെത്തുന്നതിന്റെ ഏതാനും ദിവസം മുന്‍പ് ബാബ സമാധിയാവുകയായിരുന്നു.
സുഹൃത്തായ വോസ്നിക്കുമായി ചേര്‍ന്ന് 1976 ല്‍ ആപ്പിള്‍ കമ്പനി സ്ഥാപിച്ച സ്റ്റീവിനെ ബാല്യ കൗമാര ദശകളിലെ തിക്താനുഭവങ്ങളും പരീക്ഷണങ്ങളും ജീവിതത്തിലുടനീളം ഒഴിയാബാധയായി പിന്തുടര്ന്നെങ്കിലും അദ്ദേഹം തോല്ക്കാന് തയ്യാറായിരുന്നില്ല ചോര നീരാക്കി വളര്‍ത്തിയെടുത്ത സ്ഥാപനത്തില്‍ നിന്നും ഒരിക്കല്‍ പുറത്താക്കപ്പെട്ടപ്പോള്‍, മറ്റൊരു കമ്പനി സ്ഥാപിച്ച് തന്നെ പുറത്താക്കിയവരുടെ മുട്ടുമടക്കി അദ്ദേഹം. പ്രതിസന്ധിയിലായ ആപ്പിളിനെ 1996ല്‍ സ്റ്റീവ് വീണ്ടും ഏറ്റെടുത്ത് ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് തന്റെ വ്യാവസായിക സാമ്രാജ്യം വ്യാപിപ്പിക്കാന്‍ സ്റ്റീവ് തയ്യാറായിരുന്നില്ല താനും.ഇന്ത്യന്‍ വ്യവസായ പ്രമുഖരും അത്മീയാചാര്യന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെങ്കിലും, ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുകയറാന്‍ തനിക്കാഗ്രഹമില്ലെന്ന് അദ്ദേഹം ഒരിക്കല്‍ പരസ്യമായി പ്രഖ്യാപിക്കുക പോലുമുണ്ടായി. ഇന്ത്യയുടെ സിലിക്കോണ്‍ നഗരമായ ബാംഗ്ലൂരില്‍ ആപ്പിളിന്റെ ഓഫീസ് തുടങ്ങുന്നതില്‍ പോലും അദ്ദേഹം വിമുഖത പ്രകടിപ്പിച്ചിരുന്നതിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
സ്വന്തം കിടപ്പുമുറിയില്‍ ആപ്പിളിന്റെ ആദ്യ ഓഫീസ് തട്ടിക്കൂട്ടിയ സ്റ്റീവിനെ മുന്നോട്ട് നയിച്ച ശക്തികള്‍ നിശ്ചയദാര്‍ഢ്യവും ആത്മീയതയുമാണെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയും.താനൊരിക്കലും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടില്ലെന്നും മറിച്ച് തന്റെ കമ്പനി കാലത്തിനനുസൃതമായ ഉത്പന്നങ്ങള്‍ പുറത്തിറക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന സ്റ്റീവിന്റെ പ്രതിഭ ആപ്പിളിന്റെ ലോകത്തില്‍ മാത്രമൊതുങ്ങിനിന്നില്ല. 1985 ല്‍ വിലയ്ക്ക് വാങ്ങിയ ഗ്രാഫിക്സ് ഗ്രൂപ്പ് എന്ന അനിമേഷന്‍ കമ്പനിയെ പുനര്‍നാമകരണം ചെയ്ത് ‘പിക്സാര്‍’ ആക്കി അതേ കമ്പനിയുടെ ബാനറില്‍ അനിമേഷന്‍ സിനിമകളിറക്കി വിജയം കൊയ്ത ഒരു തികഞ്ഞ സിനിമാക്കാരനും ആയിരുന്നു അദ്ദേഹം. പാതി കടിച്ച ആപ്പിളിന്റെ ലേബലുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ സാങ്കേതിക വിദ്യ കൊണ്ട് എത്ര അത്ഭുതങ്ങള്‍ സൃഷ്ടിച്ചാലും സ്റ്റീവ് ജോബ്സ് എന്ന മഹാത്ഭുതത്തിനു മുന്പില് അവ ഒന്നുമല്ലെന്നതാണ് യാതാര്‍ത്ഥ്യം.
ബിജിന്.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: