നെടുമ്പാശ്ശേരി: ചെങ്ങമനാട് സരസ്വതിവിദ്യാനികേതന്‍ ഹൈസ്കൂള്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യതിന്മകള്ക്കെതിരെ സ്ത്രീശക്തി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് നിര്‍വഹിച്ചു. പറമ്പുശ്ശേരിയില്‍ നടന്ന കുടുംബസംഗമത്തോടെ തുടക്കം കുറിച്ച ബോധവല്‍ക്കരണ പരിപാടി 2012 ജനുവരി 26 വരെ നീണ്ടുനില്‍ക്കും.
സ്ത്രീ അബലയല്ല ശക്തിസ്വരൂപിണിയാണ്, ആത്മവിശ്വാസം കൈമുതലാക്കിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ സ്ത്രീസമൂഹം തെയ്യാറാവണമെന്ന് ലീലാമേനോന് ആഹ്വാനംചെയ്തു. മദ്യം, മയക്കുമരുന്ന്, സെക്സ്മാഫിയ, എന്നിവകളില്‍നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കുടുംബബന്ധങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സംസ്കാത്തനിമയെ കാത്ത് സംരക്ഷിക്കുന്നതില്‍ സ്ത്രീകള്‍ക്കാണ് മുഖ്യ പങ്ക്വഹിക്കാന്‍ കഴിയുകയെന്നും സാംസ്ക്കാരികനായകന്മാരും മാധ്യമങ്ങളും പരാജയപ്പെട്ടിടത്ത് ഭാരതീയ വിദ്യാനികേതന്പോലുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങുന്നതില്‍ ആശ്വാസത്തിനുവകയുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ജെ.നന്ദകുമാര്‍ പറഞ്ഞു. വളരുന്ന തലമുറയുടെ മുന്പില് സദാചാരബോധത്തിലും ധാര്‍മികബോധത്തിലും അധിഷ്ഠിതമായി ജീവിക്കുന്ന ഉദാത്ത മാതൃകകളുടെ അഭാവം പരിഹരിക്കപ്പെടാനും വിദ്യാനികേതന്‍ കഴിയണമെന്ന് ഉദ്ബോധിപ്പിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.ആര്.രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ എം.എ.അരവിന്ദന് സ്വാഗതവും ടെജിസുനില് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ചര്‍ച്ച സി.ജി.കമലാകാന്തന്‍ നയിച്ചു. സമാപനസമ്മേളനത്തില്‍ പ്രൊഫ.വി.ടി.രമ, ആര്.വി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.ആര്.സുധാകരന് നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: