എല്ലാ ജനതക്കും അവര്‍ ആഗ്രഹിക്കുന്ന സര്‍ക്കാരുകളാണ് ലഭിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് വിടുന്ന വ്യക്തികളാണ് ജനചൂഷകരായി, അഴിമതിയില്‍ ആറാടി ഓരോ വര്‍ഷവും തങ്ങളുടെ ആസ്തി വര്‍ധിപ്പിക്കുന്നത്. അടുത്തിടെ വെബ്ബില്‍ പ്രസിദ്ധീകരിച്ച മന്ത്രിമാരുടെയും മറ്റും സ്വത്തുവിവരങ്ങള്‍ ഇത് തെളിയിച്ചതാണല്ലോ.
കേരളഭരണം ഇന്ന് വിവാദമുഖരിതമാണ്. പൂര്‍ണ സാക്ഷരതയും വിദ്യാഭ്യാസവുമുള്ള ജനതയാണ് എല്ലാ തട്ടിപ്പുകള്‍ക്കും വിധേയരാകുന്നത്? എന്തുകൊണ്ട്? അടിസ്ഥാനപരമായി മലയാളിയുടെ അന്തിമലക്ഷ്യം വമ്പിച്ച, എന്നാല്‍ ഉടലനങ്ങാത്ത, ധനസമ്പാദനമാണ്. നാഗമാണിക്യം കണ്ടുപിടിക്കാനും ഇല്ലാത്ത നിധിശേഖരം കണ്ടെത്താനും മാത്രമല്ല മലയാളി ചതിക്കപ്പെടുന്നത്. മണിചെയിന്‍, കുറികള്‍ എന്തിന് എളുപ്പത്തില്‍ ധനികരാകാന്‍ സഹായിക്കും എന്ന് ആരെങ്കിലുമൊക്കെ പറയുന്ന ഏത് പദ്ധതിയിലും മലയാളി പണം മുടക്കും. ഞാന്‍ കോട്ടയത്ത് റിപ്പോര്ട്ടറായിരുന്നപ്പോള് എന്റെ പ്രൊഫസറായ ഒരു സുഹൃത്ത് ലക്ഷങ്ങളാണ് അന്ന് തട്ടിപ്പു കമ്പനിയായ ഓറിയന്റല്‍ കമ്പനിയില്‍ നിക്ഷേപിച്ചത്. ഒടുവില്‍ അത് പൊളിഞ്ഞ്, ഉടമ ഒളിവില്‍ പോയപ്പോള്‍ പണം മുടക്കിയവര്‍ പലരും ആഥത്യവരെ ചെയ്തു.
തട്ടിപ്പുകളുടെ വ്യാപ്തി ഇന്ന് വര്‍ധിക്കുകയാണ്. ദുരിതമനുഭവിക്കുന്നവരെപ്പോലും കബളിപ്പിക്കുന്നതില്‍ മനഃസാക്ഷിക്കുത്ത് അനുഭവിക്കാത്തവരാണ് മലയാളിസമൂഹം. ഡോക്ടര്‍മാര്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് പ്രെസ്ക്രിപ്ഷന്‍ എഴുതുമ്പോള്‍ രാസനാമം എഴുതുന്നത് മുതലെടുത്ത് ‘ചാത്തന് മരുന്നു’കള്‍ എന്നറിയപ്പെടുന്ന വ്യാജമരുന്ന് നല്കുന്ന മരുന്നുകമ്പനികളാണ് കേരളത്തിലുള്ളത്. പരാധീനതയോ ദൈന്യതയോ ഒന്നും നമുക്ക് പ്രശ്നമല്ല. വഴിയില്‍ വൃദ്ധ വണ്ടിയിടിച്ച് വീണാല്‍ ആ ദേഹത്തില്ക്കൂടി വണ്ടികളുടെ ഘോഷയാത്ര നടത്തി ഒടുവില്‍ അവശിഷ്ടങ്ങള്‍ മണ്‍വെട്ടിക്ക് കോരി ചാക്കിലാക്കാന്‍ സാധിക്കുന്ന പരുവത്തിലാക്കുന്നവരാണ് നമ്മള്. പ്രാകൃതര്‍ പോലും ചെയ്യാത്ത കാര്യം. അമ്മപെങ്ങന്മാരെന്ന സങ്കല്‍പ്പം നമുക്ക് എന്നേ നഷ്ടമായിരിക്കുന്നു.
കേരളീയ സമൂഹത്തില്‍ മദ്യപാനം വര്‍ധിക്കുകയും വ്യാജമദ്യം ഒഴുകുകയും കള്ളുഷാപ്പെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്പിരിറ്റ് കലര്‍ത്തിയ കള്ളുവെള്ളം നല്‍കുകയും ചെയ്യുന്നു. ഓണത്തിന് ഒറ്റ ദിവസം 26 കോടി രൂപയുടെ മദ്യം ചെലവാക്കുകയും 52,000 തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുകയും ചെയ്യുന്ന ബിവറേജസ് കോര്പ്പറേഷന് തരുന്ന ഖജനാവ് വരുമാനം മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ മദ്യോപയോഗം വര്‍ധിപ്പിക്കാനുള്ള എല്ലാ അടവുകളും പ്രയോഗിക്കുന്നു. മുട്ടിന് മുട്ടിന് ഷാപ്പുകള്‍, സ്റ്റാര്‍ ഹോട്ടലിന് ബാറുകള്‍- കോഴ നല്കി സ്റ്റാര്‍ പദവി നേടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളുകടകള് എല്ലാം കേരളത്തിലെ നേര്‍ക്കാഴ്ചകളാണ്. തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ കരാര്‍ നല്‍കുന്നതിന്റെ വിഹിതം വാങ്ങുന്നവര്‍ റോഡിന്റെ ഗുണനിലവാരം എങ്ങനെ ഉറപ്പാക്കും?
ഇങ്ങനെയുള്ള നമ്മള് തെരഞ്ഞെടുത്ത് വിടുന്ന ജനപ്രതിനിധികള്‍ സാമൂഹ്യതിന്മകളുടെ ആചാര്യന്മാരായി മാറുമ്പോള്‍ നാം ഉളുപ്പില്ലാതെ കാഴ്ചക്കാരാകുന്നു. എതിര്‍ക്കുന്ന സ്വരം എത്ര ദീനം! അണ്ണാ ഹസാരെ രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിക്കെതിരെ ഉപവാസസമരത്തിലൂടെ അഴിമതി നടത്തുന്നവരെ തിരിച്ചുവിളിക്കാന്‍ പൗരസ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചപ്പോള്‍ ഹസാരെയെ പിന്താങ്ങി ഒരു ശബ്ദവും കേരളത്തില്നിന്നുയര്ന്നില്ല. എന്നു മാത്രമല്ല, മറ്റൊരു ഗാന്ധിയാകാന്‍ ശ്രമിക്കേണ്ട എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
കേരളം ഭരിക്കുന്ന ഇടതു-വലതു പക്ഷ സര്‍ക്കാരുകള്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള് മാത്രമല്ലേ? പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അഴിമതിക്കെതിരെ അഴിഞ്ഞാടാന്‍ എന്തവകാശം? എന്ത് ധാര്‍മികത? സ്വന്തം മകന് നടത്തിയ അഴിമതിക്കും സുഖസന്ദര്ശനങ്ങള്ക്കും നേര്‍ക്ക് കണ്ണടച്ച്, അര്‍ഹതയില്ലാത്ത സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്ത് ഒടുവില്‍ അന്വേഷണം വന്നപ്പോള്‍ തന്റെയും തന്റെ ഓഫീസിന്റെയും പങ്ക് ഒഴിവാക്കി എന്നു മാത്രമല്ല, കേസന്വേഷിക്കാന്‍ അധികാരമില്ലാത്ത ലോകായുക്തക്ക് കേസ് കൈമാറി നല്ലപിള്ള ചമയുകയും ചെയ്തു.
ഞാനും അച്യുതാനന്ദന്റെ ഒരു ഫാനായിരുന്നു; കിളിരൂര്‍ സംഭവം വരെ. കിളിരൂര്‍ ശാരിയെ സന്ദര്‍ശിച്ചശേഷം ആരോപണമുയര്‍ന്ന വിഐപിയെ കയ്യാമം വെച്ച് റോഡില്‍ക്കൂടി നടത്തിക്കും എന്ന പ്രഖ്യാപനം കേട്ട് കോരിത്തരിച്ചവരില് ഞാനും ഉള്‍പ്പെട്ടിരുന്നു. കിളിരൂര്‍ വിഐപി ആരാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിമായിരുന്നല്ലോ. സ്ത്രീകളുടെ നേരെ നടക്കുന്ന അനീതിയുടെയും ലൈംഗികചൂഷണത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയായ ശാരിക്ക് നീതികിട്ടുക എന്നത് സ്ത്രീകളുടെ സ്വപ്നവും ആയിരുന്നു. അവര്‍ കൂട്ടത്തോടെ വോട്ടുചെയ്ത് അച്യുതാനന്ദനെ ജയിപ്പിച്ച് മുഖ്യമന്ത്രിപദത്തിലെത്തിച്ചു. അഞ്ചുകൊല്ലം ഭരിച്ച അച്യുതാനന്ദന് ഒരു വിഐപിക്കും കയ്യാമം വെക്കുകയോ റോഡില്‍ക്കൂടി നടത്തുകയോ ചെയ്തില്ല. എന്തിനേറെ ‘കിളിരൂര്‍’ എന്ന വാക്കുപോലും അദ്ദേഹത്തിന് അരോചകമായി. അധികാര മോഹം അന്വേഷണത്വരയെ സ്തംഭിപ്പിച്ചു. പ്രതീക്ഷ പുലര്‍ത്തിയ ശാരിയുടെ അഛന് സുരേന്ദ്രന് താന്‍ വഞ്ചിക്കപ്പെട്ടത് ക്യാമറക്ക് മുന്നില്‍ പറഞ്ഞത് നമ്മളെ കണ്ണീരണിയിപ്പിച്ചു.
പക്ഷേ അച്യുതാനന്ദന് ഘോരഘോര പ്രഖ്യാപനങ്ങളോടെ ഭരണത്തിലിരുന്നു. വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന് പറഞ്ഞപോലെ അദ്ദേഹത്തിന്റെ സ്വന്തം അജണ്ടയായിരുന്നു ഇതിന് പിന്നില്‍.
ഒടുവില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴകിയ അമ്പ് അച്യുതാനന്ദന് പുറത്തെടുത്തു. ഒരു ചക്കയിട്ടപ്പോള്‍ മുയല് ചത്തെങ്കില് ഇനിയും ചക്ക ഇടുകതന്നെ. 16 കൊല്ലം പഴക്കമുള്ള ഐസ്ക്രീം കേസിനെ പുനരുജ്ജീവിപ്പിച്ചു. ഐസ്ക്രീം കേസിലെ കുറ്റവാളി ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനും. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, ഇപ്പോള്‍ ലൈംഗികാരോപണവിധേയനായി പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട പി. ശശിയാണ് ആ കേസ് ഒതുക്കാന്‍ സഹായിച്ചത്. അച്യുതാനന്ദന് അധികാരത്തിലിരുന്ന അഞ്ചുകൊല്ലവും മരവിപ്പിച്ച കേസ് പുനരുജ്ജീവിപ്പിച്ചത് മറ്റൊരു കിളിരൂര്‍ ആകുമെന്ന പ്രതീക്ഷയിലാണ്. അഴിമതി ആരോപണം ഉന്നയിച്ച് പാമോയില്‍ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതും വിഎസിന്റെ സ്വന്തം അജണ്ടയായിരുന്നു. അധികാരത്തില്‍ തിരിച്ചെത്തി മകനെ അച്ഛനോളം വലുതാക്കാന്‍.
പാമോയില്‍ കേസ് കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിന്റെ ഭാഗമാണെന്നും കരുണാകരനെ ഒതുക്കാന്‍ എ ഗ്രൂപ്പ് പണിത പാരയായിരുന്നു എന്നും അന്ന് പണിത പാര ഉമ്മന്‍ചാണ്ടി ഒരുവട്ടം ഭരിച്ചപ്പോഴും നശിപ്പിക്കാതെ നിലനിര്‍ത്തിയതാണ് ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ പാരയായത് എന്ന് അറിയാത്തവരും ഇല്ല.
പക്ഷെ ഇപ്പോള്‍ ഹൈക്കോടതി അച്യുതാനന്ദനും മകന് അരുണ്‍കുമാറിനുമെതിരെ നടത്തിയ നിശിതമായ പരാമര്‍ശം അച്യുതാനന്ദന് നടത്തിയ ക്രമക്കേടിലേക്ക് വിരല്‍ചൂണ്ടുന്നു. അതന്വേഷിക്കാന്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ കേസില്‍നിന്ന് തന്ത്രപരമായി ഒഴിവായി അധികാര ദുര്‍വിനിയോഗം നടത്തി എന്നും കോടതി വ്യക്തമാക്കുന്നു. ഇതിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് അച്യുതാനന്ദന്റെ മറുപടി മൗനമായിരുന്നല്ലോ. കോടതി പരാമര്‍ശം ആര്‍ക്കുനേരെ ഉയര്‍ന്നാലും അവരുടെ രാജിക്ക് മുറവിളി കൂട്ടുന്ന, ആരാധ്യനായ പ്രതിപക്ഷ നേതാവ് പക്ഷെ സ്വയം രാജിക്ക് തയ്യാറാകുന്നില്ല!!
ഇപ്പോള്‍ നിയമവിദഗ്ധന് രാംകുമാര്‍ അച്യുതാനന്ദന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ പ്രതിപക്ഷനേതാവാകട്ടെ കോടതിയെ വിമര്‍ശിച്ച പി.സി. ജോര്‍ജിന്റെ രാജിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയും താന്‍ കഷ്ടപ്പെട്ട് തുറുങ്കിലടച്ച, ഇപ്പോള്‍ വാളകം സംഭവത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ബാലകൃഷ്ണപിള്ളയുടെ മകന് ഗണേഷ്കുമാറിന്റെ രാജിയുമാണ് ആവശ്യപ്പെടുന്നത്. സ്വന്തം രാജി വിഎസിന്റെ അജണ്ടയിലില്ല.
ഐസ്ക്രീമും പൈപ്പ് കുംഭകോണവും രാജന് കേസും എല്ലാം യുഡിഎഫിന്റെ ‘നേട്ട’ങ്ങളായിരുന്നെങ്കില്‍ ലാവലിനും ലോട്ടറിയും മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റും മറ്റും എല്‍ഡിഎഫിന്റെ നേട്ടങ്ങളാണ്; ഒപ്പം അരുണ്‍കുമാറും അച്യുതാനന്ദനും നടത്തിയ അധികാര ദുര്‍വിനിയോഗവും!
ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വന്ന് മൂലമ്പിള്ളി, ചെങ്ങറ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴും അതിനെ എല്‍ഡിഎഫ് വെട്ടിയ മുടിയുടെ പരിഷ്കൃത വെട്ടലായി പ്രതിപക്ഷം വ്യാഖ്യാനിക്കുന്നു. പ്രശ്നങ്ങള്‍ നിലനിര്‍ത്താനല്ലാതെ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്താതെ പാവങ്ങളുടെ സര്ക്കാരല്ലാതായി ഇടതുഭരണം മാറുകയായിരുന്നു. വലതുപക്ഷവും മൂന്നാറില്‍ പരാജയപ്പെട്ടു. ഇടതുപക്ഷ ഭരണത്തില്‍ എണ്ണിയ റോഡിലെ കുഴികള്‍ വലതുപക്ഷവും സൂക്ഷ്മമായി നിലനിര്‍ത്തി അപകടമരണങ്ങള്‍ ഉറപ്പാക്കുന്നു.
ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഒരു ഭരണാധികാരിയും ജനങ്ങള്‍ക്ക് നീതിയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ഒരുക്കുന്നില്ല. ഇവിടെ ആദിവാസി അവിവാഹിത അമ്മമാര്‍ പെരുകുമ്പോഴും യുഡിഎഫ് ഭരണവിരുദ്ധ പോലീസ് ആദിവാസിസ്ത്രീകളുടെ കച്ച അഴിപ്പിക്കുന്നു. അതും പട്ടയദാനചടങ്ങില്‍! ജനായത്ത ഭരണം തന്നെ!!
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: