തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്. ബാലകൃഷ്ണപിള്ളയുമായി താനോ തന്റെ പ്രൈവറ്റ് സെക്രട്ടറിയോ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേയ്ക്ക് ബാലകൃഷ്ണപിള്ള വിളിച്ചതായി പറയുന്ന സമയത്ത് താന്‍ കോട്ടയത്ത് വിവിധ പരിപാടികളിലായിരുന്നു. പിള്ള വിളിച്ചതായി പറയുന്ന സമയത്ത് പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍ ചെങ്ങന്നൂരിനടുത്ത് മുളക്കുഴ ടവറിന് കീഴിലായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേയ്ക്ക് ബാലകൃഷ്ണപിള്ളയുടെ ഫോണില്‍നിന്ന് വിളിച്ചതാരാണ് തുടങ്ങിയ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: