തിരുവനന്തപുരം: അക്രമത്തിന് ഇരയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വാളകം ആര്.വി.എച്ച്.എസ്.എസിലെ അധ്യാപകന് കൃഷ്ണകുമാറിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. രാവിലെ 11 മണിയോടെ മെഡിക്കല്‍ കോളേജിലെത്തിയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എം അഷ്റഫ് മൊഴി രേഖപ്പെടുത്തിയത്.
സംഭവം നടന്ന ദിവസം താന്‍ വാളകം വിട്ട് പോയിട്ടില്ല എന്നാണ് അധ്യാപകന് നല്കിയ മൊഴി. നാല് പേര് സംഘത്തിലുണ്ടായിരുന്നു. തന്നെ അവര്‍ മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യം പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് സംഭവം കൃത്യമായി ഓര്‍ത്തെടുക്കാന്‍ സംഭവം നടന്ന് ആശുപത്രിയിലെത്തിച്ച സമയത്ത് കഴിഞ്ഞില്ലെന്ന് കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു. താന്‍ കടയ്ക്കലില്‍ പോയിട്ടില്ലെന്നും താന്‍ വാളകത്ത് തന്നെ ഉണ്ടായിരുന്നെന്നും കൃഷ്ണകുമാര്‍ പോലീസിനോട് ആവര്‍ത്തിച്ച് വ്യക്തമാക്കി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാര്‍ തന്നെ ആശുപത്രിയിലെത്തിച്ച ഹൈവേ പോലീസിനോടും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് സംഘത്തോടും ആശുപത്രിയിലെ ഡോക്ടര്‍മാരോടും പറഞ്ഞ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഭാര്യ ഗീതയും, കൃഷ്ണകുമാര്‍ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തിയ ജോല്സ്യന് ശ്രീകുമാറും നല്കിയ മൊഴിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്.
റോഡരികില്‍ പരിക്കേറ്റ നിലയില്‍ ഹൈവേ പോലീസ് കണ്ടെത്തിയ കൃഷ്ണകുമാര്‍ ഓടയില്‍ വീണ് പരിക്കേറ്റു എന്നാണ് പോലീസിനെ അറിയിച്ചത്. പിന്നീട് തന്നെ ആരോ തള്ളിയിട്ടതായി പോലീസിനോട് വ്യക്തമാക്കി. പരിശോധിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരോട് തന്നെ ചിലര്‍ ആക്രമിച്ചെന്നാണ് കൃഷ്ണകുമാര്‍ അറിയിച്ചത്. എന്നാല്‍ ജോല്സ്യനെ കാണാന്‍ പോയി എന്നാണ് തന്നോട് പറഞ്ഞതെന്നു ഭാര്യയും, തന്നെ വന്നു കണ്ടതായി ജോത്സ്യനും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാന്‍ ഇനിയും ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആരോഗ്യ നില മെച്ചപ്പെട്ടശേഷം വീണ്ടും കൃഷ്ണകുമാറിനെ വിശദമായി ചോദ്യം ചെയ്യും. അഞ്ച് ദിവസമെങ്കിലും കൃഷ്ണകുമാറിന് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരെ ഒഴിവാക്കിയാണ് കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.
അബോധാവസ്ഥയിലായതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അധ്യാപകന്റെ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റിന് കഴിഞ്ഞിരുന്നില്ല. മൊഴിയെടുക്കല്‍ നാല്‍പ്പത് മിനിറ്റോളം നീണ്ടു. കൊല്ലം റൂറല്‍ എസ്.പി ഷാനവാസും കൃഷ്ണകുമാറിനെ ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃഷ്ണകുമാര്‍ മറുപടി നല്‍കിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. മൊഴി രേഖപ്പെടുത്തുന്നത് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൃഷ്ണകുമാര്‍ ജോലി ചെയ്യുന്ന സ്കൂളിലെ രണ്ട് അധ്യാപകരെയും വാളകം ജംഗ്ഷനില്‍ കച്ചവടം നടത്തുന്ന രണ്ടു പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ജോല്‍സ്യന്റെ മൊഴികളിലെ ചില കാര്യങ്ങളെക്കുറിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇയാളുടെ മൊബെയില്‍ ഫോണുകളിലേക്ക് വന്ന കോളുകളും പരിശോധിക്കുന്നുണ്ട്. തീവ്രവാദ സംഘടനകളുടെയും ഗുണ്ടാസംഘങ്ങളുടേയും ജില്ലയിലെ പ്രവര്‍ത്തനവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില ഗുണ്ടകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഐ.ജി പത്മകുമാര്‍ കൊട്ടാരക്കരയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: