ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പി കനിമൊഴിയുടെയും കലൈഞ്ജര്‍ ടി.വി. മേധാവി ശരത് കുമാറിന്റെയും ജാമ്യാപേക്ഷ സി.ബി.ഐ കോടതി മാറ്റിവെച്ചു. ഒക്ടോബര്‍ 17 ന് വീണ്ടും പരിഗണിക്കും. കനിമൊഴിക്കെതിരായ കുറ്റം പതിനഞ്ചാം തീയതി ചുമത്തും.
കനിമൊഴിക്കെതിരെയുള്ള കുറ്റം ചുമത്തിയതിന് ശേഷമേ അവരുടെ ജാമ്യം പരിഗണിക്കാവൂവെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചുമത്താതെ ജാമ്യം പരിഗണിക്കരുതെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം പരിഗണിക്കുന്നത് മാറ്റിയത്.
കലൈഞ്ജര്‍ ടി.വി തുടങ്ങുന്നതിന് 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് കനിമൊഴിയേയും ശരത് കുമാറിനെയും മെയ് 17ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ നല്കിയ രണ്ടാമത്തെ കുറ്റപത്രത്തിലാണ് കനിമൊഴിക്കെതിരെ പരാമര്‍ശമുള്ളത്.
കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ മാത്രമേ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നുള്ളൂ എന്ന് കനിമൊഴിയുടെ അഭിഭാഷകന് സുശില്‍ കുമാര്‍ പ്രത്യേക കോടതി ജഡ്ജി ഒ.പി സെയ്നിയുടെ മുമ്പാകെ വ്യക്തമാക്കി. കുറ്റം ചുമത്തിയ മറ്റ് പ്രതികള്‍ക്കുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: