ന്യൂദല്‍ഹി: പാക്ക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐക്ക് ഹഖാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വിവിധ ഭീകര സംഘടനകളുമായുള്ള ബന്ധം അത്ഭുതപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞു.
ഐ.എസ്.ഐയ്ക്ക് ഹഖാനി ശൃംഖലയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഐ.എസ്.ഐയുടെ ഏജന്റായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള യു.എസ് സൈന്യത്തിന്റെയും സെന്‍ട്രല്‍ ഇന്റലിജന്റ്സ് ഏജന്‍സിയുടെയും പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിന്റെ പരാമര്‍ശം.
ഇന്ത്യ ആവശ്യപ്പെടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് അഭയം നല്‍കിയിരിക്കുന്ന പാകിസ്ഥാന് എന്നാല്‍ ദാവൂദ് ഇല്ലെന്നാണ് അവകാശപ്പെടുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി. ദാവൂദിന്റെ പാക്കിസ്ഥാനിലെ താവളം എവിടെയാണെന്ന് ഇന്ത്യക്ക് അറിയാം. ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിമിന്റെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നുമാണു കറാച്ചിയിലെ താവളത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്. ദാവൂദ് പാക്ക് മണ്ണിലില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുന്നതിനാല്‍ താവളത്തിലേക്കു കടന്നു ചെല്ലാന്‍ കഴിയില്ല.
ഇക്കാര്യത്തില്‍ കൂടുതലൊന്നും ഇന്ത്യക്ക് ചെയ്യാന്‍ സാധിക്കില്ല. വിഷയം പാക് ഭരണകൂടവുമായി നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. ദാവൂദിന്റെ താവളം സംബന്ധിച്ച വിവരങ്ങള്‍ പാക് ആഭ്യന്തര മന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന് ഒരിക്കലും ദാവൂദിന്റെ സാന്നിധ്യം സമ്മതിച്ചു തന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
1993ലെ മുംബൈ സ്ഫോടന ശേഷമാണ് ദാവൂദ് ഇന്ത്യയില്‍ നിന്നു രക്ഷപ്പെട്ടത്. പാക്കിസ്ഥാനിലെ കറാച്ചില്‍ ഐ.എസ്.ഐ സംരക്ഷണത്തിലാണ് ദാവൂദ്. 2003ല്‍ അല്‍-ക്വയ്ദയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ദാവൂദിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: