കൊച്ചി: ജന്മഭൂമി മുന്‍ പത്രാധിപസമിതിയംഗം തിരുനക്കര തെക്കേനട കളരിക്കല്‍ വീട്ടില്‍ കെ.എം. മോഹന്‍ദാസ് (മോഹന്‍ദാസ് കളരിക്കല്‍-68) അന്തരിച്ചു. പ്രമുഖ ചലച്ചിത്ര നിരൂപകനും സാമ്പത്തികകാര്യ ലേഖകനുമായിരുന്നു. ബൈബിള്‍ കഥകള്‍ ആട്ടക്കഥയായി ആവിഷ്കരിച്ചതിലൂടെ പ്രശസ്തി നേടിയ അദ്ദേഹം സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 5.35 ഓടെയായിരുന്നു അന്ത്യം. സംസ്ക്കാരം ഞായറാഴ്ച മുട്ടമ്പലം ശ്മശാനത്തില്‍.
ഇലഞ്ഞി വൈക്കത്തു വീട്ടില്‍ ലീലാവതിയമ്മയാണ് ഭാര്യ. മക്കള്‍: ശൈലേന്ദ്രകുമാര്‍(ദുബായ്),സുരഭി രാജലക്ഷ്മി. മരുമക്കള്‍: ബിന്ദു (ദുബായ്), ഉണ്ണികൃഷ്ണന് (വൈക്കം). സഹോദരങ്ങള്‍: പരേതനായ ശിവശങ്കരന് നായര്‍, രാജശേഖരന് നായര്‍, വിശ്വനാഥന് നായര്‍. മോഹന്‍ദാസിന്റെ മൂന്ന് ബൈബിള്‍ ആട്ടക്കഥകള്‍ വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പതിനെട്ടാമത്തെ വയസ്സില്‍ സ്വന്തം പത്രാധിപത്യത്തില്‍ ‘സിനിമാദീപം’ എന്ന മാസിക പുറത്തിറക്കിക്കൊണ്ടാണ് അരനൂറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തന മേഖലയുമായുള്ള ബന്ധം അദ്ദേഹം ആരംഭിച്ചത്. തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തകനായി കേരളം മുഴുവന്‍ സഞ്ചരിച്ച് സിനിമയുടെ വിവിധ മേഖലകളെപ്പറ്റി അനുഭവങ്ങള്‍ സ്വായത്തമാക്കി. പഴയകാല സിനിമാ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീട് ‘ജന്മഭൂമി’യിലെത്തിയ അദ്ദേഹം ശക്തമായ സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധനേടി. ‘ഓര്‍മ്മയിലെ ഓളങ്ങള്‍’ എന്ന പംക്തിയും ‘സിനിമാവലോകനം’ എന്ന പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തു. ജന്മഭൂമി കൊച്ചി എഡിഷനില്‍നിന്നും റിട്ടയര്‍ ചെയ്തശേഷം കോട്ടയം എഡിഷനില്‍ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ‘ഓഹരിവിപണി’ എന്ന പംക്തിയിലൂടെ സാമ്പത്തികകാര്യ പത്രപ്രവര്‍ത്തനത്തില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി അമച്വര്‍-പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് ഗാനങ്ങളെഴുതിയിട്ടുണ്ട്. ‘ആകാശവാണി’യില്‍ സിനിമാ-സാമ്പത്തികകാര്യ വിഷയങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പലപ്പോഴായി രചിച്ചിട്ടുള്ള ചെറുകഥകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നതിനായി എന്‍ബിഎസില്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലകളും വഹിച്ചിട്ടുണ്ട്.
ആത്മാര്‍ത്ഥതകൊണ്ടും സ്ഥിരോത്സാഹംകൊണ്ടും പത്രപ്രവര്‍ത്തനമേഖലയിലേക്ക് കടന്നുവന്ന് കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു മോഹന്‍ദാസ് കളരിക്കലെന്ന് ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സിനിമാനിരൂപണ മേഖലയിലും സാമ്പത്തികാവലോകനത്തിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് മോഹന്‍ദാസ് കാഴ്ചവെച്ചത്. പഠിക്കുന്ന വിഷയം ആഴത്തിലറിയാനും തന്മയത്വത്തോടെ എഴുതാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുമ്മനം പറഞ്ഞു.
മോഹന്‍ദാസ് കളരിക്കലിന്റെ നിര്യാണത്തില്‍ ജന്മഭൂമിയുടെ കൊച്ചി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എഡിഷനുകളില്‍ പത്രാധിപസമിതി ചേര്‍ന്ന് അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: