കല്പാന്തകാലത്ത് ഈ ജഗത്തുമുഴുവന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നു. എവിടെ നോക്കിയാലും വെള്ളം മാത്രം. ആ പ്രളയത്തില്‍ സര്‍വ്വേശ്വരനായ ഭഗവാന് ശ്രീഹരി യോഗനിദ്രയില്‍ ലയിച്ച് ശേഷതല്പത്തില് പള്ളികെള്ളുകയായിരുന്നു. അപ്പോള്‍ ഭഗവാന്റെ കര്‍ണ്ണമലത്തില്‍ നിന്നും രണ്ട് അസുരന്മാര് രൂപം പൂണ്ടു – മധുകൈടഭന്മാര്. വലിയ വീരപരാക്രമികളായ അവര്‍ വെള്ളത്തില്‍ നീന്തിന്തുടിച്ച് തങ്ങള്‍ക്ക് എതിരിടുവാന്‍ തക്ക ഒരു എതിരാളിയെ കാണാതെ വിഷമിക്കുമ്പോഴാണ് മഹാവിഷ്ണുവിന്റെ നാഭിതലത്തില് ധ്യാനനിമഗ്നനായിരിക്കുന്ന ബ്രഹ്മാവിനെ കണ്ടെത്തിയടത്. തങ്ങളെ കണ്ട് അദ്ദേഹം പേടിച്ചു കണ്ണടച്ചിരിക്കുകയാണെന്ന് വിചാരിച്ച് ഉടനെ അടുത്തുചെന്ന് ബ്രഹ്മാവിനെ പോരിന് വിളിച്ചു. അപ്രതീക്ഷിതമായ ശബ്ദം കേട്ട് കണ്ണുതുറന്നുനോക്കിയ അദ്ദേഹം കണ്ടത് ഭയങ്കരന്മാരായ രണ്ട് അസുരന്മാരെയാണ്. ഭയചകിതനായിത്തീര്‍ന്ന ബ്രഹ്മാവ് സഹായത്തിനായി ശ്രീഹരിയുടെ നേരെ തിരിഞ്ഞു. അപ്പോഴാണ് അദ്ദേഹം യോഗനിദ്രയില്‍ ലീനനായി കിടക്കുന്നത് കണ്ടത്. കിംകര്ത്തവ്യതാമൂഢനായിത്തീര്ന്ന ബ്രഹ്മാവ് മഹാവിഷ്ണുവിനെ ഉണര്‍ത്തുവാനായി ഏകാഗ്രഹൃദയത്തോടെ ഭഗവാന്റെ നയനാരവിന്ദത്തില് സ്ഥിതിചെയ്യുന്ന ജഗദംബയും വിശേശ്വരിയുമായ യോഗനിദ്രാഭഗവതിയെ പ്രസാദിപ്പിക്കുന്നതിന് ഇങ്ങനെ സ്തുതിക്കാന്‍ തുടങ്ങി.
“ഈ ലോകത്തെ മുഴുവന്‍ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന മഹാമായേ, ദേവീ, നിന് തിരുവടിയുടെ മാഹാത്മ്യം ആര്‍ക്കാണ് അറിയുവാന്‍ കഴിയുക! പ്രണവാത്മികയായ ദേവിതന്നെയാണ് സ്വാഹയായും സ്വധയായും വഷട്കാരമായും സുധയായും സന്ധ്യയായും സാവിത്രിയായും വിളങ്ങുന്നത്. പരബ്രഹ്മ സ്വരൂപിണിയായ നിന്തിരുവടി തന്നെ ഓങ്കാരത്തിന്റെ മൂന്നു മാത്രകളില്‍ പ്രത്യേകമായും ‘അ’മാത്രയില്‍ നിര്വ്വിശേഷമായും നിലകൊള്ളുന്നു. ജഗത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങളില്‍ വിവിധ രൂപങ്ങള്‍ സ്വീകരിക്കുന്ന ഭഗവതി തന്നെ മഹാവിദ്യയായും മഹാമായയായും മഹാമേധയായും മഹാസ്മൃതിയായും മഹേശ്വരിയായും പ്രത്യക്ഷപ്പെടുന്നു. സത്വരജസ്തമോഗുണാത്മികയായ ദേവി മഹാപ്രളയങ്ങളിലും മന്വന്തരപ്രളയങ്ങളിലും കാളരാത്രിയായും മഹാരാത്രിയായും മോഹരാത്രിയായും ആവിര്‍ഭവിച്ച് ദുര്‍ജ്ജനങ്ങളെ ഭയപ്പെടുത്തുകയും സജ്ജനങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു.
സര്‍വ്വേശ്വരിയായ ഭഗവതി ലജ്ജാ, പുഷ്ടി, തുഷ്ടി, സാന്തി, ക്ഷാന്തി, ബുദ്ധി മുതലായ പേരുകളിലും അറിയപ്പെടുന്നു. ദുഷ്ടനിഗ്രഹത്തിനായി ഭഗവതി ഖഡ്ഗശൂലഗതാചക്രാദ്യായുധങ്ങള് ധരിച്ച് ഉഗ്രമൂര്‍ത്തിയായും, സജ്ജനപാലനത്തിനായി അതിസൗമ്യയായി, അതിസുന്ദരിയായി, വരാഭയഹസ്തയായും ലോകത്തിലാവിര്ഭവിക്കുന്നു. പ്രപഞ്ചത്തിലെ സ്ഥൂലസൂക്ഷ്മങ്ങളായ എല്ലാ വസ്തുക്കള്‍ക്കും ഉണ്മനല്‍കുന്ന മഹാദേവി, ഭവതിയുടെ മാഹാത്മ്യത്തെപ്പറ്റി എങ്ങനെ പുകഴ്ത്തുവാനാണ്! സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ ഭഗവതിയാല്‍ ദത്തമായ ശക്തിക്കനുസരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഹരിയെക്കൂടി ഭഗവതി നിദ്രാവശഗനാക്കിത്തീര്ത്തിരിക്കുന്നു! വിഷ്ണുവും ശിവനും ഈ ഞാനും ശരീരം സ്വീകരിച്ച് ഞങ്ങളുടെ പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിന്തിരുവടിയുടെ ആഗ്രഹംകൊണ്ടും കൃപകൊണ്ടുമാണല്ലോ. ഭഗവതിയുടെ മഹത്വം അറിയുവാനും സ്തുതിക്കുവാനും എനിക്ക് കഴിവില്ല. അതുകൊണ്ട് അമ്മേ, അനുഗ്രഹിക്കേണമേ! അഹങ്കാരികളായ ഈ മധുകൈടഭന്മാരെ മോഹിപ്പിക്കേണമേ! ഈ മഹാസുരന്മാരെ കൊല്ലുവാന്‍ അദ്ദേഹത്തിന് പ്രചോദനം നല്കേണമേ!”
ബ്രഹ്മാവിന്റെ, അര്‍ത്ഥഗര്‍ഭമായ ഈ സ്തുതികേട്ട് ദേവി പ്രസന്നയടായി. ആശ്രിതവത്സലയും കരുണാവാരിധിയുമായ ദേവി മധുകൈടഭ വധത്തിനായി മഹാവിഷ്ണുവിനെ ഉണര്‍ത്തുവാന്‍ വേണ്ടി, ഹരിയുടെ നയനം, മുഖം, നാസിക, ബാഹു, ഹൃദയം, മാറിടം എന്നീ അവയവങ്ങളില്‍ നിന്നും നിര്ഗ്ഗിമിച്ച്, ബ്രഹ്മാവിന്റെ മുന്പില് പ്രത്യക്ഷരൂപിണിയായി നിന്നു. ബ്രഹ്മാവും അതീവ സന്തോഷത്തോടെ ദേവിയെ വന്ദിച്ചു. മഹാവിഷ്ണു യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ശേഷതല്പത്തില് നിന്നെഴുന്നേറ്റുനോക്കിയപ്പോള് പേടിച്ചുനില്ക്കുന്ന ബ്രഹ്മാവിനെ കണ്ടു. അടുത്തതന്നെ ക്രോധതാമ്രാക്ഷന്മാരായി ബ്രഹ്മാവിനെ വധിക്കുവാന്‍ ഓടിയടുക്കുന്ന അതിപരാക്രമശാലികളും ദുരാത്മാക്കളുമായ മധുകൈടഭന്മാരേയും കണ്ട്, ശ്രീഹരി ഉടനെ വന്ന് അവരെ തടഞ്ഞു. അവരാകട്ടെ ബ്രഹ്മാവിനെ വിട്ടു വിഷ്ണുവിനോട് എതിരിടുവാന്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ ശ്രീഹരിയും മധുകൈടഭന്മാരും തമ്മില്‍ ഭയങ്കരമായ യുദ്ധം ആരംഭിച്ചു.
രണ്ടുകൂട്ടര്‍ക്കും യാതൊരു തളര്‍ച്ചയും കൂടാതെ അയ്യായിരം വര്‍ഷം ആ യുദ്ധം നീണ്ടുനിന്നു. അവസാനം സര്‍വ്വേശ്വരനും സര്വ്വേംഗിതജ്ഞനുമായ ശ്രീഹരി അവരോട് പറഞ്ഞു : “വീരന്മാരായ അസുരന്മാരേ, നിങ്ങളുടെ പരാക്രമം കണ്ട് ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. നിങ്ങള്‍ക്ക് ഏതെങ്കിലും വരം വേണമെങ്കില്‍ വരിച്ചുകൊള്ളുന്നു, അത് സാധിപ്പിച്ചുതരുവാന്‍ ഞാന്‍ സന്നദ്ധനാണ്.’ അപ്പോള്‍ മായാവ്യാമോഹിതരായിത്തീര്ന്ന ഉദ്ധതന്മാരായ ഭൈത്യന്മാര് മറുപടി പറഞ്ഞതിങ്ങനെയാണ്. – “ദുര്‍ബ്ബലന്മാരായ ശത്രുക്കളില്‍ നിന്ന് ആരാണ് വരം വാങ്ങുക? നിനക്ക് എന്തുവരം വേണമെങ്കിലും തരുവാന്‍ ഞങ്ങള്‍ തയ്യാറാണ്, ഞങ്ങളില്‍നിന്ന് വരവും അനുഗ്രഹവും വാങ്ങി, പരാജയം സമ്മതിച്ച്, സുഖമായി മടങ്ങിപ്പൊയ്ക്കൊള്ളുക.” ഇതുതന്നെ അവസരമെന്ന് തീര്‍ച്ചപ്പെടുത്തിയ സമയജ്ഞനായ മഹാവിഷ്ണുവും മന്ദഹാസപൂര്‍വ്വം ഇങ്ങനെ അരുളി ചെയ്തു : “ശരി, എന്നാല്‍ എനിക്ക് ഒരു വരം ആവശ്യമുണ്ട്. നിങ്ങള്‍ രണ്ടുപേരും എനിക്ക് വധ്യരായിത്തീരണമെന്നതാണ് ആ വരം. മറ്റ് വരങ്ങളെക്കൊണ്ടൊന്നും ഇപ്പോള്‍ കാര്യമില്ല. ആ വരെ എനിക്ക് തന്ന് നിങ്ങളുടെ വാക്കു സത്യമാക്കുക.”
അപ്പോഴാണ് തങ്ങള്‍ വഞ്ചിതരായി എന്ന കാര്യം അവരവറിഞ്ഞത്. ഇനി എന്തുചെയ്യാനാണ്! ചുറ്റും നോക്കി ധൈര്യം പൂണ്ടുകൊണ്ട് അവര്‍ പറഞ്ഞു : “അങ്ങനെ തന്നെ. മരണം വരുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. എന്നാല്‍ ഒട്ടും ജലമില്ലാത്ത സ്ഥലത്തുവച്ചുവേണം ഞങ്ങളെ കൊല്ലുവാന്‍.” സര്‍വത്ര ജലമയമായിരുന്നതുകൊണ്ട് തങ്ങളെ കൊല്ലുവാന്‍ സാധിക്കയില്ലെന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍ അതുകേട്ട ഉടനെ ഉരുക്രമനായ ഭഗവാന് വിശ്വരൂപം ധരിച്ച് രണ്ട് പേരെയും തന്റെ തുടമേല്‍ കിടത്തി അനായാസേന തന്റെ ചക്രംകൊണ്ട് അവരുടെ ശിരച്ഛേദം ചെയ്തു. അവരുടെ മേദസ്സുകൊണ്ട് ഈ ഭൂമിയെ സൃഷ്ടിച്ചതിനാലാണ് ഭൂമിക്ക് മേദിനി എന്ന പേരുണ്ടായത്.
ഇങ്ങനെ ബ്രഹ്മാവ് സ്തുതിച്ചപ്പോള്‍ ഒരിക്കല്‍ ദേവി മഹാമായാസ്വരൂപത്തില് പ്രത്യക്ഷപ്പെടുകയുണ്ടായി. ദേവിയുടെ പ്രഭാവത്തെപ്പറ്റി ഇനിയും ഞാന്‍ പറഞ്ഞുതരാം. ശ്രദ്ധയോടെ കേട്ടുകൊള്ളുവിന്‍ എന്ന മുനിയുടെ വാക്കുകേട്ട് സൂരഥനെന്ന രാജാവും സമാധിയെന്ന വേശ്യനും സന്തോഷത്തോടെ വീണ്ടും കഥാശ്രവണത്തിന് സന്നദ്ധരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: