കൊച്ചി: 2005ലെ എസ്.എസ്.എസ്.എല്‍സി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസിലെ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. വിജയകുമാറിന്റേതാണ് വിധി.
കേസിലെ ഒന്നും രണ്ടും പ്രതികളും സഹോദരിമാരുമായ വഞ്ചിയൂര്‍ ഖാദി ബോര്‍ഡ് ഓഫീസിന് സമീപം താമസിക്കുന്ന ബിന്ദു വിജയന്, സഹോദരി ചെന്നൈ ടി.നഗര്‍ ബാലേന്ദുകൃഷ്ണ സ്ട്രീറ്റില്‍ താമസിക്കുന്ന സിന്ധു സുരേന്ദ്രന് എന്നിവരെയാണ് ശിക്ഷിച്ചത്. ഇവര്‍ക്കെതിരെ സി.ബി.ഐ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞിരിക്കുകയാണെന്ന് പ്രത്യേക കോടതി ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.
ക്രിമിനല്‍ ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇവര്‍ ചെയ്തിരിക്കുന്ന കുറ്റം സാമൂഹ്യ പ്രാധാന്യമുള്ളതും സംസ്ഥാനത്തെ അഞ്ചര ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കുന്നതാണെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രതികളുടെ നടപടി സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന നടപടിയാണെന്നും പ്രതികളോട് ഒരു കരുണയും കാട്ടരുതെന്നും സി.ബി.ഐ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഇതേ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരായ പ്രധാന കേസിന്റെ തുടര്‍ നടപടികളും അവസാന ഘട്ടത്തിലാണ്. കേസില്‍ പ്രതിയായിരുന്ന കെ. സുരേഷിനെ സി.ബി.ഐ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
2005 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. ചോദ്യക്കടലാസ് സിന്ധു മോഷ്ടിച്ചു ബിന്ദുവിനു നല്‍കുകയായിരുന്നു. കെ. സുരേഷ് എന്ന പ്രസ് ജീവനക്കാരനെ സിന്ധു ഇതിനു പ്രേരിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. മാപ്പ് നല്‍കണമെന്നു പ്രതികള്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും കോടതി ആവശ്യം തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: