ന്യൂദല്‍ഹി: 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി പി. ചിദംബരവും ധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും തമ്മില്‍ തുടര്‍ന്നുവന്ന പോരില്‍ വെടിനിര്‍ത്തല്‍. 2 ജി സ്പെക്ട്രം ലേലത്തിന് വെയ്ക്കാതെ വില്‍പ്പന നടത്തിയതില്‍ ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ കത്തിലെ ചില അഭിപ്രായങ്ങള്‍ തന്റേതല്ലെന്ന് പ്രണബ് മുഖര്‍ജി ഇന്നലെ വ്യക്തമാക്കി. ഇതോടെ വന്‍ ഭരണപ്രതിസന്ധിയായി വളര്‍ന്ന വിവാദത്തില്‍നിന്ന് സര്‍ക്കാര്‍ തല്ക്കാലം മുഖംരക്ഷിച്ചിരിക്കുകയാണ്.
വസ്തുതാപരമായ വിവരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കത്തിലെ ചില അഭിപ്രായങ്ങള്‍ തന്റെ കാഴ്ചപ്പാടല്ലെന്നാണ് പ്രണബ് മുഖര്‍ജി വാര്‍ത്താലേഖകരോട് പറഞ്ഞത്. ആഭ്യന്തരമന്ത്രി ചിദംബരം, ടെലികോംമന്ത്രി കപില്‍ സിബല്‍, നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് എന്നിവര്‍ക്കൊപ്പമാണ് പ്രണബ് വാര്‍ത്താലേഖകരെ കണ്ടത്. ചിദംബരവും സര്‍ക്കാരും പ്രതിക്കൂട്ടിലായ പ്രതിസന്ധി എങ്ങനെയും ഒഴിവാക്കാനുള്ള കേന്ദ്രമന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും തീവ്രശ്രമത്തിനൊടുവിലാണ് ചിദംബരത്തിന്റെ മുഖം രക്ഷിച്ചുകൊണ്ടുള്ള പ്രസ്താവനക്ക് പ്രണബ് മുതിര്‍ന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രണബിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ ധനമന്ത്രി ചിദംബരം സന്ദര്‍ശനം നടത്തിയതോടെയാണ് ഇരുവരും തമ്മിലെ പോരിന്റെ മഞ്ഞുരുകിയതെന്ന് പറയപ്പെടുന്നു.
പ്രണബിന്റെ പ്രസ്താവനയെ ചിദംബരം സ്വാഗതം ചെയ്തു. “പ്രസ്താവന ഞാന്‍ അംഗീകരിക്കുന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രശ്നം തീര്‍ന്നിരിക്കുന്നു”- ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു. 2 ജി വിവാദം ഉടലെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച ചിദംബരം യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
2001 ലെ വിലയ്ക്ക് സ്പെക്ട്രം വില്‍ക്കാതെ ലേലത്തില്‍ വെക്കണമെന്ന് അന്ന് ധനകാര്യമന്ത്രിയായിരുന്ന ചിദംബരം നിര്‍ബന്ധിച്ചിരുന്നെങ്കില്‍ 2 ജി അഴിമതി ഒഴിവാക്കാമായിരുന്നു എന്നാണ് ഈ വര്‍ഷം മാര്‍ച്ച് 25 ന് പ്രണബ് പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് വിവാദമായതോടെ കത്ത് സ്വന്തം നിലക്ക് മാത്രം തയ്യാറാക്കിയതല്ലെന്നും വിവിധ മന്ത്രാലയങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയതാണെന്നും പ്രധാനമന്ത്രിക്ക് പ്രണബ് രണ്ടാമത് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് ചിദംബരത്തെയും പ്രധാനമന്ത്രി മന്മോഹനെയും ഒന്നുകൂടി വെട്ടിലാക്കിയിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈ നിലപാടില്‍നിന്നാണ് ഇപ്പോള്‍ പ്രണബ് പിന്നോട്ടുപോയിരിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ നയം അനുസരിച്ചാണ് സ്പെക്ട്രം ലേലത്തില്‍ വില്ക്കാതിരുന്നതെന്നും പ്രണബ് ഇന്നലെ അവകാശപ്പെട്ടു.
പ്രണബ് മുഖര്‍ജിയുടെ ആരോപണത്തില്‍നിന്ന് ചിദംബരത്തെ രക്ഷിക്കാനായി പ്രതിരോധമന്ത്രി എ.കെ. ആന്റണി, രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സിക്കിമില്‍നിന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രിയുമായി മന്ത്രി ചിദംബരവും പ്രണബ് മുഖര്‍ജിയും ചര്‍ച്ച നടത്തിയത്. ഇതിന് തൊട്ടുമുമ്പായി നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണസ്വാമി എന്നിവര്‍ ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: