തിരുവനന്തപുരം: നാനോ എക്സല്‍ തട്ടിപ്പു കേസില്‍ ആരോപണവിധേയനായ ജയനന്ദകുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. ഒന്നരക്കോടി കൈക്കൂലി വാങ്ങിയതായി ആരോപണം ഉയര്‍ന്ന ജയനന്ദകുമാറിനെ ഇതിനകം സസ്പെന്‍ഡ് ചെയ്തു. നാനോ എക്സല്‍ കേസിന്റെ അടിവേര് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു ധനമന്ത്രി.
നാനോ എക്സല്‍ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ മന്ത്രിയായിരുന്നപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി പകപോക്കലിന്റെ ഭാഗമാണെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇന്റലിജന്‍സ് എസിക്കെതിരായ അന്വേഷണം തടസപ്പെടുത്താന്‍ തോമസ് ഐസക്ക് ശ്രമിച്ചുവെന്ന് ആരോപിച്ച് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത് കെ.ശിവദാസന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് സഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു ഐസക്ക്. വില്‍പ്പന നികുതി ഓഫിസുകളില്‍ റെയ്ഡ് ചെയ്ത് ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്ത ഡിവൈഎസ്പിയുടെ നടപടിയെയാണ് താന്‍ വിമര്‍ശിച്ചതെന്ന് തോമസ് ഐസക്ക് പറഞ്ഞു. തന്റെ പി.എയുടെ ഫോണില്‍ നിന്നും ഡിവൈഎസ്പിയെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം 50ലധികം ഭീഷണികോളുകളാണ് ലഭിച്ചത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കുകയും അന്വേഷണത്തെത്തുടര്‍ന്ന് ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി. എന്നാല്‍ മലബാര്‍ സിമെന്റ്സ് അഴിമതി അന്വേഷിക്കുന്ന സംഘത്തില്‍ അംഗമായിരുന്നതിനാല്‍ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന് ആഭ്യന്തരമന്ത്രിയോട് താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഐസക്ക് സഭയില്‍ ചൂണ്ടിക്കാട്ടി.
നികുതിവെട്ടിപ്പു തടയുമെന്നും തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ വരുമാനം ഒരുരൂപ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. നികുതി പിരിവ് ഊര്‍ജിതമാക്കി വരുമാനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. നികുതി ചോര്‍ച്ച തടയുന്നതിനായി സെപ്റ്റംബര്‍ 27വരെ 3362 സ്ട്രീറ്റ് സര്‍വെകള്‍ നടത്തി. രജിസ്ട്രേഷന് എടുക്കാതെ വ്യാപാരം നടത്തുന്നവരെ കൊണ്ടു രജിസ്ട്രേഷന് എടുപ്പിക്കുന്നതിനായി രജിസ്ട്രേഷന് ഡ്രൈവും നടത്തുന്നു. ചെക്ക്പോസ്റ്റുകള്‍ സംയോജിതമാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അമരവിള ചെക്ക്പോസ്റ്റ് സംയോജിതമാക്കി. വാളയാര്‍ ചെക്ക്പോസ്റ്റ് അഴിമതി രഹിതമാക്കാന്‍ നടപടിയെടുക്കും.
ഇക്കൊല്ലം ഓഗസ്റ്റ് 31വരെ 111.26 കോടി രൂപയുടെ നികുതി പിരിവ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ എട്ടുശതമാനം വര്‍ധനവു കൈവരിക്കാന്‍ കഴിഞ്ഞു. വഴിക്കടവ് ചെക്ക്പോസ്റ്റില്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വാറ്റ് നികുതിയിനത്തില്‍ ഈ സര്‍ക്കാര്‍ അഞ്ചുമാസക്കാലയളവില്‍ 3920 കോടി പിരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 21% കൂടുതലാണിത്. പെട്രോള്‍, ഡീസല്‍ ഇനത്തില്‍ സംസ്ഥാന നികുതി വേണ്ടെന്നു വച്ചതുകാരണം 400 കോടിയുടെ നികുതി നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട്. സംസ്ഥാന നികുതി ഒഴിവാക്കിയില്ലായിരുന്നെങ്കില്‍ വരുമാനം ഇരട്ടിയാകുമായിരുന്നു. ഇടതു സര്‍ക്കാര്‍ ഇതിനു തയാറാകാതെ ജനങ്ങളെ പീഡിപ്പിച്ചു. സംസ്ഥാനത്തിന്റെ റവന്യൂ വരവ് 2011-12 സാമ്പത്തികവര്‍ഷം ഇതുവരെ 10380 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 9200 കോടിയായിരുന്നു.
കുത്തഴിഞ്ഞ ഭാഗ്യക്കുറി വകുപ്പിന്റെ ശരിയായ ട്രാക്കിലാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. അന്യസംസ്ഥാന ലോട്ടറിയുടെ വില്‍പ്പന അവസാനിപ്പിച്ചു. ലോട്ടറിക്കേസ് സിബിഐ ഏറ്റെടുത്തു. ഭാഗ്യക്കുറി ആഴ്ചയില്‍ മൂന്നെണ്ണമാക്കി. കാരുണ്യ ലോട്ടറിയുടെ വരുമാനം റെക്കോഡായി. സംസ്ഥാന നിര്‍മിതി കേന്ദ്രം നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നതിനായി 14 കലവറകള്‍ തുടങ്ങും. ലാറിബേക്കറിന്റെ സ്മരണാര്‍ഥം ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് കോവളത്ത് അനുവദിച്ചിരിക്കുന്ന ഏഴേക്കര്‍ സ്ഥലത്തു സ്ഥാപിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: