മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍നിന്ന് അനധികൃതമായി മണല്‍ വാരി കടത്തിയ ലോറിയും മണലും പൊലീസ് പിടിച്ചെടുത്തു. റാക്കാട് കാരിമറ്റം കടവില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ കെ.എല്‍ 5 8467 മസ്ദ ലോറിയാണ് മണല്‍ സഹിതം പിടിച്ചത്. ഉടമയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. വാളകം റാക്കാട് ചെക്ക് ഡാമിന് സമീപം കാരണാട്ട് കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ പുഴയിലേക്ക് വെട്ടിയ പുതിയ റോഡിലൂടെയാണ് മണല്‍ക്കടത്ത് നടത്തിയത്.
പഞ്ചായത്തില്‍ വ്യാപകമായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതി ഉയര്‍ന്നിരുന്നു. ഈ മണല്‍ മാഫിയയെ പിടികൂടുന്നതിനും ഇവരുടെ ഗുണ്ടാസംഘത്തെ തടയുന്നതിനും പൊലീസിനു കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മൂവാറ്റുപുഴ ഡി വൈ എസ് പി ടോമി സെബാസ്റ്റ്യന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഫേമസ് വര്‍ഗ്ഗീസ്, എസ് ഐ പി. എ. ഫൈസല്‍ സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ രാഗേഷ്, മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് ലോറി പിടികൂടിയത്. മണല്‍ നിരോധനം നിലനില്‍ക്കെയാണ് ലോറി പിടികൂടിയതെന്ന ശ്രദ്ധേയമാണ്. ലോറി മൂവാറ്റുപുഴ ആര് ഡി ഒ ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: