മൂവാറ്റുപുഴ: കാളിയാര്‍ പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മാണം അട്ടിമറിക്കാന്‍ ഭരണകക്ഷിയംഗത്തിന്റെ നീക്കം. ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്കി.ആയവന പഞ്ചായത്തിലെ കാരിമറ്റം പതിനാലാം വാര്‍ഡും രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അഞ്ചല്പ്പെട്ടിയെയും ബന്ധിച്ച് തളിക്കാട്ടു കടവില്‍ പാലം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന പാലം നിര്‍മ്മാണമാണ് രണ്ടര കിലോമീറ്റര്‍ താഴെ മാറ്റി സ്ഥാപിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നത്. മുന്‍ ഭരണ സമിതിയുടെ കാലത്താണ് പാലം നിര്‍മ്മാണ നടപടി തുടങ്ങിയത്. ഇവിടെ വിദഗ്ദ്ധ സംഘം എത്തിയിരുന്നു. പാലം നിര്‍മ്മിച്ചാല്‍ കാരിമറ്റത്ത് നിന്നും അഞ്ചല്‍പ്പെട്ടിയിലേക്ക് ഗതാഗതം എളുപ്പമാകും.
ഇപ്പോള്‍ കടത്തുവള്ളങ്ങളെ ആശ്രയിച്ചാണ് ഈ കരയിലുള്ളവര്‍ പുഴകടന്ന് മറുകരയിലെത്തുന്നത്. എന്നാല്‍ പലവള്ളങ്ങളും ശോചനീയാവസ്ഥയിലുമാണ്. ഇത് പലപ്പോഴും മുടങ്ങുന്നതും പതിവായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബുദ്ധിമുട്ടുകയാണ്.
1992ലാണ് പ്രദേശവാസികളുടെ ജലഗതാഗതമാര്‍ഗമായ വള്ളം കടത്ത് ആരംഭിച്ചത്. വേനല്‍ വരുന്നതോടെ പുഴ വറ്റുകയും ആളുകള്‍ ഈ വഴി നടന്ന് പോകുകയും ചെയ്യും. വര്‍ഷകാലത്താണ് വള്ളത്തിന്റെ ഉപയോഗം വരുന്നത്. തൃപ്പൂരം അമ്പലത്തിന് സമീപം ചെക്ക് ഡാം സ്ഥാപിച്ചതോടെ വേനലിലും വര്‍ഷകാലത്തും തളികാട്ടുകടവില് വെള്ളം നിറഞ്ഞ് കിടക്കുന്നത് പതിവായി. കടത്തുവള്ളം ശോചനീയാവസ്ഥയിലായതോടെ ആവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ 5കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഇതിനിടയിലാണ് ഭരണകക്ഷിയായ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും പഞ്ചായത്തിന് നിവേദനം നല്കിയിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: