കൊട്ടാരക്കര: ആര്. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വി സ്കൂളിലെ അധ്യാപകന് കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കൂടി കമ്പിപ്പാര കുത്തിയിറക്കി മൃതപ്രായനാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. പ്രതിപക്ഷവും ബന്ധുക്കളും സംശയത്തിന്റെ കുന്തമുന ബാലകൃഷ്ണപിള്ളയ്ക്കും മകന് മന്ത്രി ഗണേഷ്കുമാറിനും എതിരെ തിരിക്കുമ്പോള്‍ സംഭവം മുന്‍വിധികളോടെ അന്വേഷിക്കാന്‍ കഴിയില്ലെന്നും, പ്രതികളെയാണ് പോലീസിന് കണ്ടെത്തേണ്ടതും എന്നാണ് മുഖ്യമന്ത്രിയുടെയും പോലീസിന്റെയും നിലപാട്. അതേസമയം ദുരൂഹതകള്‍ ഉടന്‍ നീക്കാന്‍ കഴിയുമെന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ആണ് കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയു വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. അധ്യാപകന്റെ ഫോണ്‍ കോളുകളും, കടയ്ക്കലില്‍ അദ്ദേഹം ആരെ കാണാനാണ് പോയത്, അവിടെ നിന്നും എപ്പോള്‍ പുറപ്പെട്ടു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഹൈവേപോലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് അധ്യാപകന് ബോധമുണ്ടായിട്ടും പോലീസിനോട് ആക്രമിച്ചവരെകുറിച്ച് സൂചന നല്‍കാത്തത് എന്തുകൊണ്ടാണെന്നതാണ് പോലീസിനെ കുഴക്കുന്നത്. അധ്യാപകനില്‍ നിന്നും മൊഴിയെടുത്താല്‍ മാത്രമേ യഥാര്‍ത്ഥചിത്രം ലഭ്യമാകൂ. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെയും മെഡിക്കല്‍കോളേജില്‍ കാത്ത്നിന്നെങ്കിലും മൊഴി നല്കുന്ന സ്ഥിതിയിലേക്ക് അധ്യാപകന്റെ നില മെച്ചപ്പെട്ടിട്ടില്ല.
മാനേജ്മെന്റിനെതിരെ അധ്യാപകന്റെ ഭാര്യയും എല്‍ഡിഎഫും ആരോപണം ഉന്നയിക്കുന്നതിന്റെ സത്യാവസ്ഥയും പോലീസ് അന്വേഷിക്കുന്നുണ്ട്. ചിലര്‍ പോലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന. ഗണേഷ്കുമാറിന്റെ സ്റ്റാഫില്‍പെട്ട ഒരംഗം സംഭവദിവസം സ്കൂളില്‍ എത്തിയതില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളും ആരോപിക്കുന്നു. ഇതേ ആരോപണം ഇന്നലെ നിയമസഭയില്‍ സ്ഥലം എംഎല്‍എ ഐഷാപോറ്റിയും ഉന്നയിച്ചിരുന്നു.
ഇതിനിടയില്‍ പട്ടാഴി-പത്തനാപുരം പിടവൂര്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെള്ള ആള്‍ട്ടോകാര്‍ അധ്യാപകനെ ആക്രമിച്ച് വഴിയില്‍ തള്ളിയ കാറാണെന്നവാര്‍ത്ത പരന്നിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയുടെ നേതൃത്വത്തില്‍ പോലീസ് എത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദഗ്ധസംഘം കാര്‍ പരിശോധന നടത്തി. പറവൂര്‍ സ്വദേശിയുടെ പേരിലുള്ള കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ധനം തീര്‍ന്നതിനാല്‍ വഴിയില്‍ പാര്‍ക്കു ചെയ്തതാണെന്ന് പറയുന്നു.
ആക്രമണത്തിന് പിന്നില്‍ വിദഗ്ധപരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണെന്നും സംശയിക്കുന്നുണ്ട്. ആക്രമണരീതിയിലെ പൈശാചികത ആണ് പോലീസിനെ ഇത്തരം നിരീക്ഷണത്തില്‍ എത്തിക്കുന്നത്. ജനനേന്ദ്രിയം ഉള്‍പ്പെടെ തകര്‍ത്തതുകൊണ്ട് അധ്യാപകന്റെ പൂര്‍വകാല ചരിത്രങ്ങളും അന്വേഷണവിധേയമാകുമെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ബാലകൃഷ്ണപിള്ളയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കുടുംബമായിരുന്നു കൃഷ്ണകുമാറിന്റേത്. ഇദ്ദേഹത്തിന്റെ പിതാവ് രാഘവന്‍പിള്ള പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട വ്യക്തിയും, സ്കൂളിന്റെ നടത്തിപ്പുകാരനും ആയിരുന്നു. ഈ ബന്ധത്തിലാണ് കൃഷ്ണകുമാറും ഭാര്യയും അവിടെ ജോലിയില്‍ പ്രവേശിച്ചത്. സ്കൂളിന്റെ നടത്തിപ്പുകാര്യങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് വരെ നടത്തിയിരുന്നതും കൃഷ്ണകുമാര്‍ ആയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഭാര്യ ഗീതയ്ക്ക് പ്രെമോഷന് നല്‍കുന്നത് പിള്ള തടഞ്ഞു എന്നാരോപിച്ചാണ് തമ്മില്‍ തെറ്റുന്നത്. ഹൈക്കോടതി വിധിയുടെ ബലത്തില്‍ ഗീത ഹെഡ്മിസ്ട്രസ് ആയതോടെ ഈ വൈരം വര്‍ധിച്ചു. തുടര്‍ന്ന് സ്കൂളിനെതിരെ പ്രചരിച്ച പല ഊമക്കത്തുകള്‍ക്കും പരാതിക്കും പിന്നില്‍ കൃഷണകുമാര്‍ ആണെന്ന് ആരോപണമുണ്ടായിരുന്നു. ഇതാണ് മാനേജ്മെന്റിനെതിരെ സംശയം നീളാന്‍ കാരണം.
ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: