തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ആശുപത്രികള്‍ക്കും മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കും. എല്ലാ വീടുകള്‍ക്കും 75 ശതമാനം സബ്സിഡി നിരക്കില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നല്‍കാനും തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ആലോചിക്കാനായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈകൊണ്ടത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കോട്ടയത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പാലക്കാട്ടും രണ്ടാം തീയതി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ശുചീകരണ യജ്ഞത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്.
വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കപ്പെട്ട സ്ഥലങ്ങളില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനം എളുപ്പത്തിലാക്കും. പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 75 ശതമാനം വരെ സര്‍ക്കാര്‍ നല്‍കും. ഇതിനായി നവംബര്‍ ഒന്നു മുതല്‍ 15 വരെ എല്ലാ പഞ്ചായത്തുകളും പ്രത്യേകം ഗ്രാമ സഭകള്‍ വിളിച്ചു ചേര്‍ക്കണം.
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി വിലക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: