തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ നൂറുകോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം. വി. ശിവന്‍കുട്ടിയാണ് നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ എഴുതിക്കൊടുത്ത് ആരോപണം ഉന്നയിച്ചത്. ആരോപണത്തില്‍ സത്യത്തിന്റെ കണികപോലുമില്ലെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ വിശദീകരിച്ചു.
2006ല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം 108 കോടിയുടെ മലനീകരണപദ്ധതിക്ക് പകരം 256 കോടിയുടെ പദ്ധതിക്ക് ധൃതിപിടിച്ച് അനുമതി നടത്തി അഴിമതി കാട്ടിയെന്നാണ് ആരോപണം. മന്ത്രിസഭയുടെ അംഗീകാരമോ സാങ്കേതിക പരിശോധനയോയില്ലാതെ പദ്ധതിക്ക് അനുമതി നല്കി 90 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി. അതിപ്പോള്‍ തുരുമ്പെടുക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായി ദല്ലാള്‍ മുഖേന 100 കോടി വാങ്ങി. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
ടൈറ്റാനിയം പ്രോഡക്ടസില്‍ മലിനീകരണ നിവാരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യുഡിഎഫ് തീരുമാനം നടപ്പാക്കിയത് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കവെ വിശദീകരിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലം വിജിലന്‍സിനു മേല്‍ പൂര്‍ണ അധികാരം ഉണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ ഒരു തെളിവും കൊണ്ടുവരാന്‍ കഴിയാതെ വന്നതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 32 പൊതുമേഖലാസ്ഥാപനങ്ങള്‍ പൂട്ടാന്‍ ഹൈക്കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ ടൈറ്റാനിയം പ്രോഡക്ട്സ് പൂട്ടിപ്പോകാതിരിക്കാനാണ് മലിനീകരണ നിവാരണ യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
പിന്നീടു വന്ന ഇടതു സര്‍ക്കാരാണ് അതിന്റെ തുടര്‍ നടപടികള്‍ എല്ലാം നടപ്പാക്കിയത്. പദ്ധതി നടപ്പാക്കാന്‍ നിയോഗിച്ച മെക്കോണ്‍ കേന്ദ്ര പൊതുമേഖലാസ്ഥാപമാണ്. ഇതില്‍ അഴിമതിയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിനു പദ്ധതി നിര്ത്തിവയ്ക്കാമായിരുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയ്ക്കാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്തത്. എന്നാല്‍ ചെലവുകുറച്ച് മലിനീകരണ നിവാരണ പ്ലാന്റ് മാത്രം സ്ഥാപിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ടൈറ്റാനിയത്തിലെ സിഐടിയു ഉള്‍പ്പടെയുള്ള യൂണിയനുകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പദ്ധതി നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെറ്റായ പ്രവണതയാണ്. ശിവന്‍കുട്ടി എഴുതി ഉന്നയിച്ച ആരോപണത്തെ അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്നത് പാമൊലിന്‍ കേസാണ്. 41 കൊല്ലത്തിനിടയില്‍ ആദ്യമായാണ് തനിക്കെതിരേ അഴിമതി ആരോപണം ഉണ്ടാവുന്നത്. പാമൊലിന്‍ കേസില്‍ 20 കൊല്ലം ഇല്ലാതിരുന്ന ആരോപണം നേരിട്ടപ്പോള്‍ തനിയ്ക്ക് മാനസീകമായി സംഘര്‍ഷം ഉണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: