ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസില്‍ സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ തീസ് ഹസാരി കോടതി തള്ളി. ആരോഗ്യകാരണങ്ങളാല്‍ അമര്‍സിങ്ങിന് നേരത്തെ അനുവദിച്ചിരുന്ന ഇടക്കാല ജാമ്യവും കോടതി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ജാമ്യം നിഷേധിച്ചെങ്കിലും അമര്‍ സിങ്ങിനോട് തിഹാര്‍ ജയിലിലേക്ക് പോകേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അമര്‍സിങ് ചികിത്സയില്‍ കഴിയുന്ന ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിക്കണം. എന്നുവരെ അമര്‍സിങ് ആശുപത്രിയില്‍ കഴിയണമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് തീരുമാനം കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി.
ഒന്നാം യു.പി.എ. സര്‍ക്കാറിനെ വിശ്വാസ വോട്ടെടുപ്പില്‍ രക്ഷിക്കാന്‍ മൂന്ന് ബി.ജെ.പി. എം.പി.മാര്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്നതാണ് അമര്‍ സിങ്ങിനെതിരായ കേസ്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് മൂന്ന് എം.പി.മാര്‍ക്കും മൂന്ന് കോടി രൂപ വീതം വാഗ്ദാനം ചെയ്തത്. മുന്‍കൂറായി നല്കിയ ഒരു കോടി രൂപ ബി.ജെ.പി. എം.പി.മാരായ ഫഗന്‍ സിങ് കുലസ്ത, മഹാവീര്‍ ബഗോഡ, അശോക് അര്‍ഗല്‍ എന്നിവര്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ലോക്സഭയില്‍ എത്തിച്ച് ഉയര്‍ത്തിക്കാട്ടി.
അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിടുന്നത് സംബന്ധിച്ച അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതാണ് വിശ്വാസ വോട്ടെടുപ്പിന് കളമൊരുക്കിയത്. 39 എം.പി.മാരുള്ള സമാജ്വാദി പാര്‍ട്ടി യു.പി.എ.ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിങ്ങാണ് മുഖ്യ പങ്ക് വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: