കൊച്ചി: മനുഷ്യക്കടത്തിന് ഏറ്റവും സുരക്ഷിതതാവളം എറണാകുളം ജില്ലയാണെന്ന എല്‍ടിടിക്കാരുടെ കണ്ടെത്തല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയാകുന്നു. ഇതിന് മുമ്പും മുനമ്പത്തുനിന്ന് തമിഴ് തീവ്രവാദികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് വ്യക്തമായ സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മുനമ്പത്തുള്ള 25 ഓളം വരുന്ന ബോട്ട് നിര്‍മാണ കേന്ദ്രങ്ങളില്‍ അജ്ഞാതരായ പലരും അഡ്വാന്‍സ് നല്കി ബോട്ട് നിര്‍മിക്കുന്നതിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. ബോട്ടിനുള്ളില്‍ പ്രത്യേക അറകളോടുകൂടിയുള്ള നിര്‍മാണരീതിയാണ് മനുഷ്യക്കടത്ത് ബോട്ടുകള്‍ക്ക് ആവശ്യമുള്ളത്. ഇത്തരം ബോട്ടുകളുടെ നിര്‍മാണം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുക്കപ്പെട്ട തമിഴ് വംശജരില്‍ ഭൂരിപക്ഷം പേരും ജാഫ്ന സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ഏജന്റുമാരായ നാദന്‍, ഡേവിസ് എന്നിവരാണ് തമിഴ്നാട്ടിലും അവിടെനിന്ന് കേരളത്തിലും എത്തിച്ചത്. ഇന്നലെ പിടികൂടപ്പെട്ടവരില്‍ ഒമ്പതുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാക്കി കസ്റ്റഡിയിലെടുത്തവരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കും.
അന്യസംസ്ഥാനക്കാര്‍ക്ക് പുറമെ ശ്രീലങ്കക്കാരും ബംഗ്ലാദേശികളും എറണാകുളം റൂറല്‍ ജില്ലയില്‍ തമ്പടിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. മറുനാടന്‍ തൊഴിലാളികളുടെ പേരില്‍ എത്തുന്നവരില്‍ അമിതാധ്വാനമില്ലാതെ പണം നേടാന്‍ ഗുരുതര കുറ്റകൃത്യങ്ങളിലേക്ക് ചെന്നെത്തുന്നവരുണ്ടെന്ന രഹസ്യാന്വേഷകര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ വളര്‍ന്നുവരുന്ന പ്രധാന ക്രിമിനല്‍ പ്രവണത മറുനാടന്‍ ലോബിയുടെ ഏജന്റായി ലഹരിമരുന്ന് കടത്തിനെത്തുന്നവര്ക്ക് നാട്ടുകാരില്‍ ചിലരുടെ സഹായമുള്ളതും പോലീസ് തള്ളിക്കളയുന്നില്ല.
നേരത്തെ കള്ളനോട്ട് ലോബിയുടെ ഏജന്റുമാരായും മറുനാട്ടുകാര്‍ റൂറല്‍ ജില്ലയിലെത്തിയിരുന്നുവെന്നും അറിവായിട്ടുണ്ട്. അതേസമയം മറുനാടന്‍ തൊഴിലാളികളെക്കുറിച്ച് വിവരം നല്‍കേണ്ട തൊഴിലുടമകള്‍ വരുത്തുന്ന വീഴ്ച ഗുരുതരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജോലിക്ക് നിയോഗിക്കുന്നവരെക്കുറിച്ചുള്ള വ്യക്തമായ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിബന്ധന പാലിക്കുന്നില്ലെന്നാണ് വെളിപ്പെടുന്നത്. മുമ്പ് അനധികൃതമായി ബംഗ്ലാദേശികളെ താമസിപ്പിച്ച് പണിയെടുപ്പിച്ച തൊഴിലുടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്റിലുമായിരുന്നു. നിയമം കര്‍ക്കശമായി വീണ്ടും നടപ്പിലാക്കാനാണ് നീക്കം.
കഴിഞ്ഞയിടെ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മറുനാട്ടുകാരില്‍ ഒരാള്‍പോലും മറുനാടന്‍ സര്‍വേയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നതും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ഇവര്‍ക്ക് വാസമൊരുക്കിയ തൊഴിലുടമയും പ്രതിക്കൂട്ടിലാകുംവിധം നിയമം കര്‍ശനമായി നടപ്പാക്കാനാണ് പോലീസ് ആലോചിക്കുന്നത്. മറുനാടന്‍ തൊഴിലാളികളുടെ ഫോട്ടോയും ജന്മനാട്ടിലെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ളവ ഹാജരാക്കുംവിധം വീഴ്ചയില്ലാതെ സര്‍വേ തുടരാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: