ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നതുപോലെ അന്വേഷണം നടത്താനാവില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ അറിയിച്ചു. പി.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹര്‍ജിയില്‍ കോടതി നാളെ വാദം തുടരും.
പി.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമായ എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി വാദിച്ചു. ഈ തെളിവുകള്‍ മൂടിവയ്ക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നും സുബ്രഹ്മണ്യം സ്വാമി കുറ്റപ്പെടുത്തി. ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കിയ കുറിപ്പ് സി.ബി.ഐക്ക് പരിശോധിക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ പി.പി റാവു ചൂണ്ടിക്കാട്ടി.
എന്നാല്‍ സി.ബി.ഐ ഒരു സ്വയംഭരണ സ്ഥാപനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നതുപോലെ അന്വേഷണം നടത്താനാവില്ലെന്നും സി.ബി.ഐ അഭിഭാഷകന് കെ.കെ വേണുഗോപാല്‍ വാദിച്ചു. ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പുതുതായി ഒന്നുമില്ല. അതിനാല്‍ ചിദംബരത്തിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സി.ബി.ഐ അഭിഭാഷകന് പറഞ്ഞു.
ടു ജി സ്പെക്ട്രം വിഷയത്തിലുള്ള അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്ന നിലപാട് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജ്സ്റ്റിസ്റ്റുമാരായ ജി.എസ് സിംഗ്വി, എ.കെ ഗാംഗുലി എന്നിവരുള്‍പ്പെട്ട ബഞ്ച് കേസ് നാളെ വീണ്ടും പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: