ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തത്ക്കാലം തുറക്കേണ്ടെന്ന് സുപ്രീംകോടതി. മറ്റു നിലവറകളിലെ പരിശോധനയും മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ആര്.വി. രവീന്ദ്രനും എ.കെ.പട്നായ്കും നടത്തിയ വിധിപ്രസ്താവനയില്‍ പറഞ്ഞു.
നിലവറകളുടെ സുരക്ഷ സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം കോടതി നിരാകരിച്ചു. സുരക്ഷയ്ക്ക് കേരള പോലീസ് മതി. വിവിധ തലങ്ങളിലുള്ള സുരക്ഷാസംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സജ്ജമാക്കണം. സുരക്ഷയ്ക്കും വിദഗ്ധ സമിതിക്കും ഉള്ള ചെലവിനായി വര്‍ഷത്തില്‍ 25 ലക്ഷം രൂപ വീതം ക്ഷേത്ര സമിതി നല്‍കണമെന്നും ബാക്കി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുരക്ഷയ്ക്കായി നിലവറയ്ക്ക് ചുറ്റും സുരക്ഷാ മതില് നിര്‍മ്മിക്കണം. വിദഗ്ധ സമിതിക്ക് ആവശ്യമായ സഹായങ്ങള്‍ക്കായി ദേവസ്വം സെക്രട്ടറിയെ നോഡല്‍ ഓഫീസര്‍ ആക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് മൂന്നു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും. അപ്പോള്‍ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സൂപ്രീംകോടതി ആവശ്യപ്പെട്ടു.
ബി നിലവറ തുറക്കരുതെന്ന് നേരത്തെ ദേവപ്രശ്നത്തില്‍ കണ്ടെങ്കിലും അതിനോടു കോടതി യോജിച്ചിരുന്നില്ല.അമൂല്യങ്ങളായ കൂടുതല്‍ സൂക്ഷിപ്പുകളുണ്ടെന്നു വിശ്വസിക്കുന്ന നിലവറയാണു ബി എന്നു മാര്‍ക്ക് ചെയ്തിരിക്കുന്നത്. എല്ലാ അറകളും തുറന്നു കണക്കെടുപ്പു നടത്താനുള്ള കോടതി വിധിക്കു വിധേയമായി ബി അറയും തുറക്കാന്‍ ശ്രമിച്ചിരുന്നു. ഇതു ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ആദ്യ വാതിലിനകത്തുള്ള ഉരുക്കു വാതിലിന്റെ പൂട്ടുതുറന്ന് അറയിലേക്കു കടക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ബി നിലവറ മറ്റു നിലവറകള്‍ക്കൊപ്പം തുറക്കാന്‍ കഴിയാതിരുന്നത്. ഇതുവരെ കണ്ടതിലും ഏറെ മൂല്യമുള്ള സമ്പാദ്യം ബി നിലവറയിലുണ്ടെന്നാണ് സങ്കല്പം. ഇതിന്റെ മൂല്യംകൂടി പരിഗണിച്ചേ സുരക്ഷസംബന്ധിച്ച് ഏതുതരം കരുതല്‍ വേണമെന്ന് തീരുമാനിക്കാനാവൂ.
മൂന്ന് ഘട്ടങ്ങളിലായി നിലവറകളിലെ കണക്കെടുപ്പു നടത്താനാണ് വിദഗ്ധ സമിതി കര്‍മ പദ്ധതി തയാറാക്കിയിരുന്നത്. ആദ്യഘട്ടത്തില്‍ ഓരോ ഇനത്തിന്റെയും വിവിധ തരത്തിലുള്ള മൂല്യം കണക്കാക്കും. പൗരാണികം, കലാപരം, നിത്യോപയോഗം എന്നീ തരത്തിലാണ് മൂല്യം നിശ്ചയിക്കുക. ഇതോടൊപ്പം തന്നെ അളവും പഴക്കവും തിട്ടപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ ഇതെല്ലാം കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. മൂന്നാം ഘട്ടത്തില്‍ ത്രിമാന ചിത്രീകരണം നടത്തും.
പ്രകൃതി ദുരന്തങ്ങളില്‍ പോലും അറകള്‍ സുരക്ഷിതമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ബി നിലവറ ഉള്‍പ്പെടെ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തണം. നിലവറകളുടെ നിലവിലുള്ള വാതിലുകള്‍ക്കു പുറമെ സ്റ്റീല്‍ ചട്ടത്തില്‍ ഉറപ്പിച്ച കണ്ണാടി വാതിലുകള്‍ സ്ഥാപിക്കണം. ഇതുമായി ബന്ധപ്പെടുത്തി സെന്‍സര്‍ സംവിധാനവും ഏര്‍പ്പെടുത്തണമെന്നു സമിതി നിര്‍ദേശിച്ചിരുന്നത്.
സുരക്ഷാചുമതല പൂര്‍ണ്ണമായും സംസ്ഥാനസര്‍ക്കാരിനെ ഏല്‍പ്പിക്കുകയും നോഡല്‍ഓഫീസറായി ദേവസ്വം സെക്രട്ടറിയെ നിശ്ചയിക്കുകയും ചെയ്തതില്‍ അപകടസൂചനയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലത്തില്‍ ക്ഷേത്രം സംസ്ഥാനസര്‍ക്കാരിന്റെ കയ്യില്‍ അകപ്പെടുമെന്ന അപകടസൂചനയാണ് പലരും കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: