തിരുവനന്തപുരം : തമ്പാനൂരില്‍ കെ.എസ്.ആര്.ടി.സി ബസ് അമ്പലത്തിലേക്ക് പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി രഞ്ജിത് ആണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
രാവിലെ ഒമ്പതരയോടെ കിഴക്കേകോട്ടയില്‍ നിന്നും കരമന ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെ.എല്‍ 15 5897 കെ.എസ്.ആര്.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
തമ്പാനൂര്‍ റെയില്വേസ്റ്റേഷന് സമീപത്തെ ആര്.എം.എസിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തമ്പുരാന്‍കാവ് സിദ്ധിവിനായക ക്ഷേത്രത്തിലേക്കാണ് ബസ് പാഞ്ഞുകയറിയത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: