ന്യൂദല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയെ പാക്കിസ്ഥാന് പ്രതിനിധിസംഘം സന്ദര്‍ശിക്കും. മഹാരാഷ്ട്രയിലെ റലേഗന്‍ സിന്ധിയിലുള്ള ഹസാരെയുടെ വീട്ടിലായിരിക്കും സംഘം സന്ദര്‍ശനം നടത്തുക. പാക്കിസ്ഥാനില്‍ ആരംഭിക്കാനിരിക്കുന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഹസാരെയുടെ അഭിപ്രായങ്ങള്‍ ആരായാനാണ് സംഘം എത്തിയിരിക്കുന്നത്. മുന്‍ പാക് നിയമമന്ത്രി ഇഖ്ബാല്‍ ഹൈദര്‍ ഉള്‍പ്പെടെ മൂന്ന് നിയമവിദഗ്ധര്‍ സംഘത്തിലുണ്ട്.
എന്‍ജിഒ ആണ് സന്ദര്‍ശനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും നേരിടുന്ന ഒരേ പ്രശ്നം അഴിമതിയും ഭീകരവാദവുമാണ്. അതുകൊണ്ട് പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന പുതിയ പ്രസ്ഥാനത്തെക്കുറിച്ച് സംഘം അണ്ണാ ഹസാരെയുമായി ചര്‍ച്ച ചെയ്യുമെന്ന് എന്‍ജിഒ തലവന്‍ സഞ്ജയ് നഹര്‍ വ്യക്തമാക്കി. ഈ പ്രസ്ഥാനം പാക്കിസ്ഥാനില്‍ ആരംഭിക്കുന്നതിന് ഹസാരെയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാ ഹസാരെ നടത്തിയ 12 ദിവസം നീണ്ടുനിന്ന നിരാഹാര സത്യഗ്രഹം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: